മനാമ: കേരള പിറവിയോട് അനുബന്ധിച്ച് ഇന്ത്യൻ സ്‌കൂളിൽ മലയാള ഭാഷാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്‌കൂളിലെ മലയാള വകുപ്പിന്റെ ആഭിമുഖ്യത്തിലാണ് പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചത്. കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓർമയ്ക്കായാണ് മലയാളികൾ നവംബർ ഒന്നിന് കേരള പിറവി ആഘോഷിക്കുന്നത്. ഇതിനോടനുബന്ധിച്ചു ഒരാഴ്ച നീണ്ട പരിപാടികളാണ് ഇന്ത്യൻ സ്‌കൂളിൽ നടന്നത്. കോവിഡ് 19ന്റെ സാഹചര്യത്തിൽ ആറു മുതൽ പത്താം ക്ലാസ് വരെ മലയാളം പഠിക്കുന്ന വിദ്യാർത്ഥികൾ വീടുകളിൽ നിന്നും ആഘോഷ പരിപാടികളിൽ പങ്കെടുത്തു. മലയാള വിഭാഗം മേധാവി ബിസ്മി ജോമി പരിപാടിയുടെ ഏകോപനം നിർവഹിച്ചു.

പ്രധാന അദ്ധ്യാപിക പാർവ്വതി ദേവദാസും മലയാളം അദ്ധ്യാപകരും ഭാഷാ ദിന സന്ദേശം നൽകി. മലയാള ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ പ്രസംഗങ്ങൾ, കവിതകൾ, സംഗീത വിരുന്ന്, കേരള നടനം, പോസ്റ്ററുകൾ എന്നിവ ഉണ്ടായിരുന്നു. കേരളത്തിന്റെ പൈതൃകത്തെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും ഒത്തൊരുമയെക്കുറിച്ചും പ്രതിപാദിച്ചുകൊണ്ടും പ്രകൃതിക്ഷോഭങ്ങളിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടും ഉള്ള പവർ പോയന്റ് അവതരണം പരിപാടിയുടെ മുഖ്യ ആകർഷണമായിരുന്നു.

കലാപരവും സാഹിത്യപരവുമായ കഴിവുകൾ കണ്ടെത്തുന്നതിനും വികസിപ്പിക്കുന്നതിനും മാതൃഭാഷാ പഠനം ഏറെ സഹായകരമാവുന്നുവെന്ന് ഇന്ത്യൻ സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജൻ തന്റെ സന്ദേശത്തിൽ പറഞ്ഞു. ആസ്വാദന ശേഷി വളരാനും സഹൃദയത്വവും നേടാനും മാതൃഭാഷാ പഠനം എറ്റവും അനിവാര്യമാണെന്ന് ഇന്ത്യൻ സ്‌കൂൾ സെക്രട്ടറി സജി ആന്റണി പറഞ്ഞു. വിദ്യാർത്ഥികൾക്ക് മികച്ച പിന്തുണയും മാർഗനിർദേശവും നൽകി വരുന്ന ഇന്ത്യൻ സ്‌കൂൾ അദ്ധ്യാപകരെ പ്രിൻസിപ്പൽ വി. ആർ പളനിസ്വമി അഭിനന്ദിച്ചു.