കോട്ടയം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ പാലാ നിയമസഭാ മണ്ഡലത്തിൽ നിന്നും ലോകമറിയുന്ന സാമൂഹിക പ്രവർത്തകയായ ദയാബായ് ജനവിധി തേടും. സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് ദയാബായ് മത്സരത്തിനിറങ്ങുക. ​ദയാബായുമായി നേരിട്ട് സംസാരിച്ച് ഉറപ്പ് വരുത്തിയ ശേഷമാണ് മറുനാടൻ ഈ വിവരം പുറത്ത് വിടുന്നത്. കേരളത്തിൽ പലയിടങ്ങളിലും ഉയർന്ന് വരുന്ന സ്വതന്ത്ര ജനകീയ കൂട്ടായ്മകളുടെ ശക്തി വർധിക്കുന്നതിന് കാരണായേക്കാവുന്ന തീരുമാനമാണ് ​ദയാബായുടേത്. മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിൽ കഴിഞ്ഞ അൻപത് വർഷത്തിലേറെയായി പ്രവർത്തിക്കുന്ന കേരളത്തിൽ നിന്നുള്ള സാമൂഹികപ്രവർത്തകയാണ് ദയാബായി എന്ന മേഴ്സി മാത്യു. മദ്ധ്യപ്രദേശിലെ ഗോണ്ടുകൾക്കിടയിൽ സേവനപ്രവർത്തനങ്ങൾ നടത്തിവരുന്നു. മധ്യപ്രദേശിലെ ചിന്ദവാര ജില്ലയിലെ ബരുൽ ഗ്രാമത്തിലാണ് അവർ താമസിക്കുന്നത്.

കാസർകോട്ടെ എൻഡോസൾഫാൻ ഇരകൾക്കായുള്ള സമരങ്ങളിൽ സജീവമായി ദയാബായ് ഉണ്ടായിരുന്നു. തന്റെവില്ലേജിൽ നേരത്തേ പഞ്ചായത്ത് പ്രസിഡന്റാക്കാൻ കുറച്ച് പേർ സമീപിച്ചിരുന്നു. എന്നാൽ അന്ന് താൻ അതിന് തയ്യാറായില്ല. മറ്റൊരാളെ പഞ്ചായത്ത് പ്രസിഡന്റാക്കി താൻ മെമ്പറായി നിന്നെന്ന് ദയാബായ് മറുനാടനോട് പറയുന്നു. കർഷക സമരങ്ങളും തന്നെ കേരളത്തിൽ ജനപ്രതിനിധിയാകാനുള്ള തീരുമാനത്തിന് കാരണമായെന്നും അവർ വെളിപ്പെടുത്തി. കാസർകോട്ടെ എൻഡസൾഫാൻ ഇരകൾക്കായി എന്തെങ്കിലും ചെയ്യണമെങ്കിൽ ജനപ്രതിനിധിയാകണം എന്ന തിരിച്ചറിവാണ് ഈ തിരുമാനത്തിന് പിന്നിൽ. കോട്ടയത്തെ ജനത ഇപ്പോഴും എന്നെ സ്നേ​​​ഹിക്കുന്നു. ഒരു രാഷ്ട്രീയ പാർട്ടിയുടെയും പിന്തുണ തേടാതെയാണ് മത്സരിക്കുക. ആം ആദ്മി പോലുള്ള പാർട്ടിയുടെ പോലും പിന്തുണ തേടില്ല- ദയാബായ് മറുനാടനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് ചിലവുകളെകുറിച്ചുള്ള ചോദ്യത്തിന് ദയാബായുടെ മറുപടി രസകരമായിരുന്നു. രണ്ടായിരം രൂപ ഫോം ഫില്ല് ചെയ്യാൻ വെണം എന്നാണ് എന്റെ അറിവ്. ബാക്കിയെല്ലാം അങ്ങ് നടന്നോളുമെന്നാണ് വിശ്വാസമെന്നും നമുക്ക് നോക്കാം എന്നും അവർ പറഞ്ഞു.

കേരള രാഷ്ട്രീയത്തിൽ മറ്റേത് മണ്ഡലത്തെക്കാളും രാഷ്ട്രീയ പ്രാധാന്യമുള്ള മണ്ഡലം കൂടിയാണ് പാല. കേരള രാഷ്ട്രീയത്തിലെ അതികായന്മാരിൽ ഒരാളായിരുന്ന കെ എം മാണി കൈ വെള്ളയിൽ കൊണ്ടു നടന്ന മണ്ഡലം അദ്ദേഹത്തിന്റെ മരണ ശേഷം പാർട്ടിക്ക് നഷ്ടമാകുകയും അതിന് ശേഷം അദ്ദേഹത്തിന്റെ പാർട്ടി അദ്ദേഹത്തിന്റെ മകന്റെ നേതൃത്വത്തിൽ ഇടത് പക്ഷത്തേക്ക് ചേക്കേറുകയും ചെയ്തത് നാം കണ്ടതാണ്. നിയമസഭാ തെരഞ്ഞെടുപ്പിൽ കെ എം മാണിയുടെ മകൻ ജോസ് കെ മാണി ഇടത് സ്ഥാനാർത്ഥിയായി മത്സരിക്കും എന്നാണ് രാഷ്ട്രീയ നിരീക്ഷകർ കണക്ക് കൂട്ടുന്നത്. യുഡിഎഫിലാകട്ടെ, കോൺ​ഗ്രസ് മത്സരിക്കണോ അതോ ജോസഫ് വിഭാ​ഗത്തിന് സീറ്റ് നൽകണോ അതുമല്ലെങ്കിൽ പാലായിലെ സിറ്റിം​ഗ് എംഎൽഎ എൻസിപി നേതാവായ മാണി സി കാപ്പനെ തങ്ങളുടെ പാളയത്തിൽ എത്തിച്ച് സീറ്റ് നൽകണോ എന്ന ആലോചനയിലാണ്.

സ്വതന്ത്ര ചിന്താ​ഗതിക്കാർ ഏറെയുള്ള പാലായിൽ ​ദയാബായ് മത്സരിക്കുമ്പോൾ സാഹചര്യങ്ങൾ ആകെപ്പാടെ മാറിയെന്ന് വരാം. കാരണം ​ദയാബായ് നമ്മൾ കരുതുന്നത് പോലെ ഒരു ചെറുമീനല്ല. വലിയ ജനപിന്തുണയോടെ പ്രചാരണം നടത്താനോ വോട്ട് വിലയ്ക്ക് വാങ്ങാനോ ​ദയാബായ്ക്ക് കഴിഞ്ഞില്ലെങ്കിലും വ്യത്യസ്തവും വിപ്ലവകരവുമായ ചിന്തകളെ എന്നും പിന്തുണയ്ക്കുന്ന പാലായിലെ ജനങ്ങൾ ഇക്കുറി ​ദയാബായെ പിന്തുണയ്ക്കും. കേരളത്തിൽ ഒരു സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വിജയിക്കാൻ കഴിയുന്ന മണ്ഡലമാണ് പാല.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിലെ പാലായ്ക്കു സമീപമുള്ള പൂവരണിയിൽ പുല്ലാട്ട് മാത്യുവിന്റെയും ഏലിക്കുട്ടിയുടെയും 14 മക്കളിൽ മൂത്തവളായി ജനിച്ചു. കന്യാസ്ത്രീ ആവാനായിരുന്നു അവരുടെ ആഗ്രഹം. അവരുടെ പ്രസംഗങ്ങളും സത്യാഗ്രഹങ്ങളും പ്രചരണങ്ങളും പാഠശാല തുടങ്ങുന്നതിനായി പ്രാദേശിക ഭരണകൂട നേതൃത്വത്തെ സമ്മർദ്ദം ചെലുത്തുന്നതുമായ പ്രവർത്തികളും മധ്യപ്രദേശിലെ അവഗണിക്കപ്പെട്ട വിദൂരഗ്രാമങ്ങളിലെ ആദിവാസി പട്ടികവർഗവിഭാഗത്തിന്റെ ജീവിത നിലവാരം ഉയർത്തുന്നതിന് വളരെയധികം സഹായിച്ചു. നർമദ ബച്ചാവോ ആന്ദോളനുമായും ചെങ്ങറ പ്രക്ഷോഭം എന്നിവയുമായും ബന്ധപ്പെട്ട് ഇവർ പ്രവർത്തിച്ചിട്ടുണ്ട്.

കൊച്ചുകൊട്ടാരം പ്രൈമറി സ്കൂൾ, വിളക്കുമാടം സെന്റ്‌ജോസഫ് ഹൈസ്‌കൂൾ എന്നിവിടങ്ങളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ജീവശാസ്ത്രത്തിൽ ബിരുദം. ബോംബെ സർവ്വകലാശാലയിൽ നിന്ന് എം.എസ്‌.ഡബ്ല്യുവും നിയമവും പഠിച്ചു. എം.എസ്‌.ഡബ്ല്യു പ്രൊജക്‌ടിന്റെ ഭാഗമായ ഫീൽഡ് വർക്കിനു വേണ്ടി മദ്ധ്യപ്രദേശിലെ ആദിവാസികൾക്കിടയിലെത്തി. പിന്നീട് അവിടം പ്രവർത്തനമേഖലയായി തെരഞ്ഞെടുത്തു.

പതിനൊന്നാം ക്ലാസ്സ്‌ കഴിഞ്ഞതോടെ പഠനം നിർത്തിയ മേഴ്സി, കന്യാസ്ത്രീയാകാൻ തീരുമാനിച്ചു. കേരളത്തിലെ കന്യാസ്ത്രീ മഠങ്ങളിലെ ആഡംബരങ്ങളോടും സുഖജീവിതത്തോടും വെറുപ്പായിരുന്നതിനാൽ വടക്കേ ഇന്ത്യയിലെ അധഃസ്ഥിതർക്കുവേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന തോന്നലിൽ പതിനാറാമത്തെ വയസ്സിൽ ബീഹാറിലെ ഹസാരിബാഗിലെ ഹോളി കോൺവെന്റിലെത്തി.

വലിയ കെട്ടിടങ്ങളും ആഘോഷങ്ങളും നിറഞ്ഞ കോൺവെന്റ്‌ അന്തരീക്ഷത്തിൽ ആഡംബര വസ്ത്രങ്ങളും പലതരം കേക്കുകളും പലഹാരങ്ങളുമൊക്കെയായി കോൺവെന്റ്‌ നിവാസികൾ ആഘോഷപൂർവ്വം ക്രിസ്തുമസ്സ്‌ കൊണ്ടാടുമ്ബോൾ പെരുമഴയത്ത്‌ കുട്ടികളെയും ഒക്കത്ത്‌ കെട്ടി ഒറ്റവസ്ത്രം കൊണ്ട്‌ ശരീരം മറച്ച്‌ പള്ളിയുടെ മറുവശത്ത്‌ കുർബാനക്കെത്തുന്ന ആദിവാസികളുടെ കഷ്ടവും വേർതിരിവും മേഴ്സി അനുഭവിച്ചറിഞ്ഞു. ആദിവാസികളുടെ ഗ്രാമത്തിലേക്ക് പോകണമെന്ന മേഴ്സിയുടെ ആവശ്യം പരിഗണിക്കപ്പെടാതായതോടെ കന്യാസ്ത്രീ പരിശീലനം പൂർത്തിയാക്കാതെ മഠത്തിൽ നിന്നും പുറത്തുവന്നു.

ബീഹാറിലെ പലാമ ജില്ലയിലെ ഗോത്രവർഗ്ഗമേഖലയായ മഹോദയിൽ ഒന്നരവർഷം അദ്ധ്യാപികയായി ജോലി ചെയ്തു. ഇതിനിടെ ബി.എസ്.സി. പാസായി. തുടർന്ന് ജബൽപൂരിലെ ഇംഗ്ലീഷ്‌ മീഡിയം സ്കൂളിൽ ഒന്നരക്കൊല്ലം അദ്ധ്യാപികയായി. തുടർന്ന് കേരളത്തിലെത്തി ഒരു ബിഷപ്പ്‌ നടത്തുന്ന സ്ഥാപനത്തിൽ അശരണർക്കായി പ്രവർത്തിക്കാൻ നിശ്ചയിച്ചു. സ്ഥാപനത്തിലെ ആത്മീയതയുടെ മേലാപ്പണിഞ്ഞ വൈദികനിൽ നിന്നും കാമഭ്രാന്തിന്റെ ആവേശമുണ്ടായതോടെ അവിടംവിട്ട് മേഴ്സി മുംബൈയിലെത്തി. പലയിടത്തും അലഞ്ഞു തിരിഞ്ഞു. തയ്യൽ പഠിച്ചു. കുറേനാൾ മദർ തെരേസയുടെ ചിൽഡ്രൻസ്‌ ഹോമിലും ഓൾഡേജ്‌ ഹോമിലും പ്രവർത്തിച്ചു. അവിടത്തെ ജീവിതരീതികളോടും ഒത്തുചേരാനായില്ല. യുദ്ധസമയത്ത്‌ ബംഗ്ലാദേശ്‌ അഭയാർത്ഥികളുടെ സേവനത്തിനായി ബംഗ്ലാദേശിലെത്തി. യുദ്ധഭീകരത നേരിട്ടുകണ്ട്‌ മേഴ്സി സഭയുടെ നിയന്ത്രണത്തിലുള്ള വഴിയല്ല തന്റേതെന്ന്‌ തിരിച്ചറിഞ്ഞു. ക്രിസ്തുവിന്റെ ജീവിതവും ബൈബിളിലെ വചനങ്ങളും സത്യത്തിൽ നിന്ന്‌ ഏറെ അകലെയാണെന്ന്‌ തോന്നിയപ്പോൾ അവിടം വിട്ടു.

മുംബൈയിലേക്കു മടങ്ങി. മുംബൈയിലെ നിർമ്മലാ നികേതനിൽ എം.എസ്‌. ഡബ്ലിയുവിന്‌ ചേർന്നു. പക്ഷെ സിലബസിനോടും പഠനരീതിയോടും പൊരുത്തപ്പെടാൻ കഴിയാതെ അവിടം വിട്ടു. മുംബൈയിലെ ഗ്രാമങ്ങളിലും ഡൽഹിയിലും ആന്ധ്രായിലെയും ഹരിയാനയിലെയും ദുരിതാശ്വാസ പുനർ നിർമ്മാണക്യാമ്ബുകളിലുമായി എട്ടുവർഷം ചെലവഴിച്ചു. പിന്നീട് നിർമ്മലനികേതനിൽ പഠനം തുടർന്ന് എം.എസ്‌ ഡബ്ല്യൂ പൂർത്തിയാക്കി. പഠനത്തിന്റെ ഭാഗമായി ഫീൽഡ് വർക്കിനായി മദ്ധ്യപ്രദേശിലെ ചിന്ത്‌വാഡിയിലെ സുള്ളഗപ്പയിൽ ഒരു ആദിവാസി വിധവയുടെ വീട്ടിൽ താമസിച്ചു പഠനം പൂർത്തിയാക്കി.

ഉന്നത ബിരുദങ്ങളും ആവശ്യത്തിന് പണവുമുണ്ടായിരുന്നിട്ടും കിട്ടാമായിരുന്ന സുഖപ്രദമായ ജോലി ഉപേക്ഷിച്ച്‌ അവർ ദാരിദ്ര്യം സ്വയം തെരഞ്ഞെടുത്തു. മദ്ധ്യപ്രദേശിലെ ഏറ്റവും പിന്നാക്കവിഭാഗമായ ഗോണ്ടുകൾ എന്ന ആദിവാസികളുടെ കൂടെ ചിഡ് വാര ഗ്രാമത്തിൽ അവരിലൊരാളായി ജീവിക്കാൻ തുടങ്ങി. നഗരത്തിന്റെ മോടി കൂടിയ വസ്ത്രങ്ങൾ ഉപേക്ഷിച്ച്‌ ആദിവാസികളുടെ പരമ്ബരാഗത വസ്ത്രം ധരിച്ചു. കടത്തിണ്ണകളിൽ അന്തിയുറങ്ങി. അവരോടൊപ്പം കൂലിപ്പണിയെടുത്തു. സ്വന്തം പേരു പോലും ഉപേക്ഷിച്ച്‌ 'ദയാബായി' ആയി. ചൂഷണത്തിനും പീഡനത്തിനും നിരന്തരം ഇരയായിക്കൊണ്ടിരുന്ന ആദിവാസികളെ സംഘടിപ്പിച്ച്‌ അവരുടെ അവകാശങ്ങൾക്കായി പൊരുതി. ആദിവാസികൾക്ക് വേണ്ടി പൊലീസ് സ്റ്റേഷനുകൾ കയറിയിറങ്ങി നിരവധി മർദ്ദനങ്ങൾക്കിരയായി. പല്ലുകൾ കൊഴിഞ്ഞു. എതിർപ്പുകളും മർദ്ദനങ്ങളും ഒറ്റപ്പെടുത്തലുകളും ദുരാരോപണങ്ങളും അവരെ പിന്തിരിപ്പിച്ചില്ല. സഹനത്തിന്റെ,ചെറുത്തുനിൽ‌പ്പിന്റെ വഴികളിലൂടെ അവർ മുന്നേറി. അവരുടെ ശ്രമഫലമായി ഗ്രാമത്തിൽ വിദ്യാലയവും അടിസ്ഥാന സൗകര്യങ്ങളുമുണ്ടായി.അവർ ആദിവാസികളെ അക്ഷരം പഠിപ്പിച്ചു. അവർക്കായി നിയമയുദ്ധങ്ങൾ നടത്തി. ഝാൻസീറാണിയെ പോലെ കുതിരപ്പുറത്ത് കയറി ഗ്രാമങ്ങൾ തോറും സഞ്ചരിച്ചു. അവരുടെ ഭാഷയിൽ സംസാരിച്ചു. തെരുവുനാടകങ്ങളും കവിതകളും പാട്ടുമൊക്കെ ആശയപ്രചാരണത്തിനായി ഉപയോഗിച്ചു. ഗാന്ധിജിയുടേയും യേശുക്രിസ്തുവിന്റേയും ജീവിതവും ദർശനങ്ങളുമാണ് ദയാബായിയെ ഇന്നും പ്രചോദിപ്പിക്കുന്നത്.

ജീവിതാനുഭവങ്ങളുടെ വെളിച്ചത്തിൽ ദയാബായി തന്റെ തിരിച്ചറിവുകൾ പല വേദികളിൽ വ്യക്തമാക്കിയിട്ടുണ്ട്. ക്രിസ്തുവിന്റെ പാതയും സഭയുടെ പാതയും വ്യത്യാസമാണെന്നും ക്രിസ്തു കഷ്ടപ്പെടുന്നവന്റെ കൂടെയാണെന്നും സഭ സമ്പന്ന വർഗ്ഗത്തിന്റെയും ആഡംബരങ്ങളുടെയും പുറകെയാണെന്നും ദയാബായി പറയുന്നു. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നതിന്‌ മതത്തിന്റെ വേലിക്കെട്ടുകൾ വേണ്ടെന്ന്‌ അവർ തുറന്നടിക്കുന്നു. ജീവിതത്തിൽ നന്മ പുലർത്തുന്ന, മണ്ണിനോടും പ്രകൃതിയോടും ആദരവുള്ള, കൃഷിയിൽ ആധ്യാത്മികത കണ്ടെത്തുന്ന ഒരു സമൂഹത്തെയാണ്‌ നാടിന്‌ വേണ്ടത്‌. ഗാന്ധിജിയുടെ വികസന മോഡൽ രാജ്യത്ത്‌ തിരിച്ചു വരണമെന്നും പാശ്ചാത്യരെ അന്ധമായി അനുകരിക്കുന്നതാണ്‌ എല്ലാം നശിപ്പിക്കുന്നതെന്നും അവർ പറയുന്നു.