ന്യൂയോർക്ക് : ന്യൂയോർക്ക് സംസ്ഥാനത്തു മാസ്‌ക് ഉപയോഗത്തിനും സാമൂഹിക അകലം പാലിക്കുന്നതിനും പുതിയ സിഡിസി നിർദ്ദേശങ്ങൾ നടപ്പാക്കണമെന്ന് ഗവർണർ ആൻഡ്രൂ കുമാ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മെയ്‌ 19 മുതൽ നിയമം നിലവിൽ വരും

രണ്ടു ഡോസ് വാക്സീൻ സ്വീകരിച്ചവർക്ക് ഇനി മാസ്‌ക് ധരിക്കേണ്ടതില്ലെന്നും സാമൂഹിക അകലം പാലിക്കേണ്ടതില്ലെന്നും, അകത്തും പുറത്തും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു തടസ്സമില്ലെന്നും ഗവർണർ പറഞ്ഞു.

പ്രി- കെജി മുതൽ 12 വരെയുള്ള വിദ്യാർത്ഥികൾ പബ്ലിക്ക് ട്രാൻസിസ്റ്റ് ഹോംലെസ് ഷെൽട്ടേഴ്സ്, കണക്ഷണൽ ഫെസിലിറ്റീസ്, നഴ്സിങ് ഹോം, ഹെൽത്ത് കെയർ സെറ്റിങ്സ് തുടങ്ങിയവയിൽ സിഡിസി നിർദ്ദേശങ്ങൾക്കനുസൃതമായി മാസ്‌കും സാമൂഹിക അകലവും പാലിക്കേണ്ടി വരുമെന്നും ന്യൂയോർക്കിലുള്ളവർക്ക് കൂടുതൽ വാക്സിൻ ലഭിക്കുന്നതുവരെ ഇതു തുടരുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

ന്യൂയോർക്ക് ജനത കഴിഞ്ഞ ഒരു വർഷം കോവിഡ് വ്യാപനം തടയുന്നതിന് കഠിനാധ്വാനം ചെയ്തുവെന്നും, മറ്റുള്ള സുരക്ഷയ്ക്ക് മുൻഗണന നൽകിയാതായും ഗവർണർ പറഞ്ഞു. ന്യൂയോർക്ക് പാൻഡമിക്കിനു മുൻപുള്ള സ്ഥിതിയിലേക്ക് അതിവേഗം മടങ്ങി വരികയാണെന്നും, വിവിധ സ്ഥാപനങ്ങൾ പൂർണ്ണമായും തുറന്നു പ്രവർത്തിക്കുന്നതിനെക്കുറിച്ച് സിഡിസി നൽകിയിട്ടുള്ള നിർദ്ദേശങ്ങൾ മെയ്‌ 19 ന് വീണ്ടും പുനഃപരിശോധിക്കുമെന്നും ഗവർണർ അറിയിച്ചു.

എല്ലാവർക്കും വാക്സിനേഷൻ നൽകുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തിയിട്ടുണ്ടെന്നും എല്ലാവരും അതിൽ സഹകരിക്കണമെന്നും ഗവർണർ അഭ്യർത്ഥിച്ചു.