ന്യൂഡൽഹി: കോൺഗ്രസ് ഡിസിസി അധ്യക്ഷ പട്ടികയിലെ പ്രഖ്യാപനം വന്നപ്പോൾ അവസാന ഘട്ടത്തിൽ ചില വെട്ടിത്തിരുത്തലുകൾ വന്നു. സാമുദായിക പ്രാതിനിധ്യം നോക്കി ചില മാറ്റങ്ങൾ വരുത്തിയെന്നാണ് എഐസിസി പറയുന്നത്. ഇത് ഗ്രൂപ്പ് അടിസ്ഥാനത്തിലെ വീതം വയ്ക്കൽ അല്ലെന്നും അവകാശപ്പെടുന്നു. രമേശ് ചെന്നിത്തലയുടെയും ഉമ്മൻ ചാണ്ടിയുടെയും സ്വന്തം ജില്ലകളിൽ അവരുടെ നിലപാട് പരിഗണിച്ചു എന്നും എഐസിസി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പാലക്കാട്, കൊല്ലം, തിരുവനന്തപുരം ജില്ലകളിലാണ് പ്രധാനമായും തർക്കങ്ങൾ രൂപം കൊണ്ടിരുന്നത്. പാലക്കാട്ട് ഗ്രൂപ്പിന് അതീതമായി തന്നെ വി ടി ബൽറാമിന് മുൻതൂക്കമുണ്ടായിരുന്നെങ്കിലും എ തങ്കപ്പനാണ് ലിസ്റ്റിൽ ഇടംപിടിച്ചത്. തിരുവനന്തപുരത്ത് കെ എസ് ശബരീനാഥിനെ അധ്യക്ഷനാക്കണം എന്ന ആവശ്യവും ശക്തമായി ഉയർന്നെങ്കിലും മുതിർന്ന നേതാവ് പാലോട് രവി തന്നെ ഡിസിസി അദ്ധ്യക്ഷനായി.
പാലോട് രവിക്കെതിരെ രൂക്ഷ വിമർശനമാണ് ഹൈക്കമാൻഡിന് പോയ കത്തുകളിൽ ഉണ്ടായിരുന്നത്. പാലോട് രവിക്ക് ബിജെപി ബന്ധമുണ്ടെന്നും കോൺഗ്രസ്സിനെ കാലാകാലങ്ങളായി തോൽപ്പിക്കാൻ ശ്രമിക്കുന്നതാണോ ഡിസിസി അധ്യക്ഷസ്ഥാനത്തേക്കുള്ള യോഗ്യതയെന്നും കാട്ടി ചില പോസ്റ്ററുകളും ഉയർന്നിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ നെടുമങ്ങാട് മത്സരിച്ച കോൺഗ്രസ് സ്ഥാനാർത്ഥിയെ തോൽപ്പിക്കാൻ കൂട്ടുനിന്ന വ്യക്തിയാണ് പാലോട് രവി എന്നതും ഹൈക്കമാൻഡിന് മുന്നിൽ എത്തിയെങ്കിലും രവി പട്ടികയിൽ ഇടം പിടിച്ചു.

്. ഒരു വനിതയെപ്പോലും കണ്ടെത്താൻ കഴിയാത്ത ഗതികേടിലേക്ക് കേരളത്തിലെ കോൺഗ്രസ് എത്തിയോ എന്നും ചില പരാതികൾ ഉയർന്നിരുന്നു. ചില ജില്ലകൾ വൃദ്ധസദനങ്ങളാക്കി മാറ്റാനാണ് നേതാക്കൾ ശ്രമിച്ചിരിക്കുന്നതെന്നും പരാതിയുണ്ട്. പാലോട് രവി, രാജേന്ദ്ര പ്രസാദ്, എൻ.ഡി അപ്പച്ചനടക്കമുള്ള നേതാക്കൾക്ക് 70 വയസ്സിന് മുകളിലാണ് പ്രായം. യുവാക്കളെ തഴഞ്ഞ് വൃദ്ധർക്ക് അവസരം നൽകുന്നുവെന്നും പരാതികളിൽ ബോധിപ്പിക്കുന്നുണ്ട്.

സുധാകരൻ ഇന്നലെ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി. ഇതിനു ശേഷം ആദ്യ പട്ടികയിലെ ഒൻപതു പേരെയാണ് മാറ്റിയത്. കെസി വേണുഗോപാലും വിഡി സതീശനും മുമ്പോട്ട് വച്ച പല പേരുകളും വെട്ടി. എന്നാൽ പാലക്കാട് എവി ഗോപിനാഥിനെ ഡിസിസി അധ്യക്ഷനാക്കണമെന്ന സുധാകരന്റെ മോഹം നടന്നതുമില്ല.പാലക്കാട് എ.തങ്കപ്പനാണ് ഡിസിസി അദ്ധ്യക്ഷൻ.

മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിയാലോചകൾ നടത്തിയും സാമുദായിക സന്തുലനം ഉറപ്പാക്കിയുമാണു പട്ടികയ്ക്കു രൂപം നൽകിയതെന്ന് ഔദ്യോഗിക നേതൃത്വം പറയുന്നു. സാമുദായിക സന്തുലനം ഉറപ്പാക്കാൻ വ്യാഴാഴ്ച രാത്രി നടന്ന അവസാനവട്ട ചർച്ചകളിൽ മുൻപ് നിശ്ചയിച്ചിരുന്ന പേരുകളിൽ മാറ്റം വന്നു. സുധാകരന്റെ ഇടപെടലായിരുന്നു ഇതിന് കാരണം.

.ആലപ്പുഴയിൽ രമേശ് ചെന്നിത്തല നിർദ്ദേശിച്ച ബാബുപ്രസാദ് നിയമസഭാ തിരഞ്ഞെടുപ്പിൽ സജീവമായി പ്രവർത്തിച്ചില്ലെന്ന പരാതിയുയർന്നെങ്കിലും അവസാനം ഗ്രൂപ്പ് സമ്മർദ്ദത്തിന് വഴങ്ങി. കോട്ടയത്ത് ഫിൽസൺ മാത്യൂസിന് സാധ്യത എന്ന സൂചനകൾ ശക്തമായിരുന്നു. യാക്കോബായ സമുദായംഗമായ ഫിൽസണെ ചില താല്പര്യങ്ങളുടെ പേരിൽ എ ഗ്രൂപ്പ് നിയോഗിക്കുന്നു എന്നായിരുന്നു പുറത്തുവന്ന വിവരം. എന്നാൽ, സംഘടനാരംഗത്ത് ഫിൽസൺ മാത്യൂസിനെക്കാൾ സ്വാധീനം നാട്ടകം സുരേഷിനാണ് എന്ന പരിഗണന വച്ചാണ് നാട്ടകം സുരേഷിനെ കോട്ടയത്ത് അധ്യക്ഷനാക്കിയിരിക്കുന്നത്. ഫിൽസൺ മാത്യൂസിനെ പരിഗണിക്കുന്നതിനെ ചൊല്ലി ഗ്രൂപ്പിന് ഉള്ളിൽ തന്നെ വ്യാപക എതിർപ്പു വന്നതോടെയാണ് ഉമ്മൻ ചാണ്ടിയുടെ ഇടപെടൽ ഉണ്ടായതും നാട്ടകം സുരേഷിന് തന്നെ നറുക്കുവീണതും. ഇടുക്കിയിൽ നേരത്തെ ഉയർന്നുകേട്ട പേര് എസ്് അശോകന്റേതായിരുന്നു. അവസാന നിമിഷം സിപി മാത്യുവിന് നറുക്ക് വീണു. വയനാട്ടിൽ എൻ.ഡി.അപ്പച്ചനും കാസർകോട്ട് പി.കെ.ഫൈസലും കൊല്ലത്ത് പി.രാജേന്ദ്ര പ്രസാദും മലപ്പുറത്ത് വി എസ്. ജോയിയും പട്ടികയിലെത്തി.

പേരുറപ്പിച്ചിരുന്ന സതീഷ് കൊച്ചുപറമ്പിൽ (പത്തനംതിട്ട), മുഹമ്മദ് ഷിയാസ് (എറണാകുളം), ജോസ് വള്ളൂർ (തൃശൂർ), കെ.പ്രവീൺകുമാർ (കോഴിക്കോട്) മാർട്ടിൻ ജോർജ് (കണ്ണൂർ) എന്നിവരെ നിലനിർത്താനും തീരുമാനിച്ചു. പ്രാതിനിധ്യം ലഭിക്കാത്തവർക്കെല്ലാം കെപിസിസി. ഭാരവാഹിപ്പട്ടികയിൽ ഇടം നൽകുമെന്നാണ് നേതൃത്വം വ്യക്തമാക്കുന്നത്.

വയനാട്ടിൽ രാഹുൽഗാന്ധി എൻ.ഡി. അപ്പച്ചനെ നിർദ്ദേശിച്ചതിനാൽ കെ.കെ. അബ്രഹാമിനെ മാറ്റി. ഇതു രണ്ടും സുധാകരന്റെ ഇടപെടൽ ഫലമായിരുന്നു. മുൻ അധ്യക്ഷന്മാർക്ക് അവസരം നൽകേണ്ട എന്ന പൊതുനയത്തിന്റെ അടിസ്ഥാനത്തിൽ പാലക്കാട്ട് എ.വി. ഗോപിനാഥിനെ മാറ്റിയെങ്കിലും മുൻ അധ്യക്ഷനായ അപ്പച്ചനെ വയനാട്ടിൽ നിശ്ചയിക്കേണ്ടി വന്നത് രാഹുൽ ഗാന്ധിയുടെ പിന്തുണ കാരണമാണ്.