കൊല്ലം: ഡിസിസി അധ്യക്ഷ നിർണയത്തിൽ കെപിസിസി നേതൃത്വത്തിനെതിരെ പരസ്യപ്രതികരണം നടത്തിയ നേതാക്കളെ സസ്‌പെൻഡ് ചെയ്ത നടപടിയെ പിന്തുണച്ച് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ. ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ വർത്തമാനം പറയുന്നത് ശരിയല്ല. ശക്തമായ നടപടിയെടുത്തത് ഉചിതമായെന്നും ആർ ചന്ദ്രശേഖരൻ പ്രതികരിച്ചു.

കോൺഗ്രസിലെ ഗ്രൂപ്പുകളെയും ആർ ചന്ദ്രശേഖരൻ തള്ളി. കോൺഗ്രസിന്റെ വിവിധതലങ്ങളിൽ ദളിത്, വനിതാ പ്രാതിനിധ്യങ്ങളുണ്ട്. ഒന്നര മാസത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് ഡിസിസി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു.

മുതിർന്ന നേതാക്കളായ രമേശ് ചെന്നിത്തല, ഉമ്മൻ ചാണ്ടി, കെസി ജോസഫ് ഉൾപ്പടെയുള്ളവർ അച്ചടക്ക നടപടിയ്‌ക്കെതിരെ വിമർശനമുന്നയിച്ചതിന് പിന്നാലെയാണ് പ്രതികരണം. അതേസമയം, ശിവദാസൻ നായർ നടത്തിയ പ്രസ്താവന വ്യക്തമായതിനാൽ നടപടിക്ക് വിശദീകരണം ആവശ്യമില്ലെന്നായിരുന്നു കെ സുധാകരന്റെ നിലപാട്. അവ്യക്തമെങ്കിലേ വിശദീകരണം ചോദിക്കേണ്ട സാഹചര്യമുള്ളു എന്നും കെ സുധാകരൻ ചൂണ്ടിക്കാട്ടി.

ആലപ്പുഴയിൽ ബാബു പ്രസാധിനെ മുന്നോട്ട് വച്ചത് കെ സി വേണുഗോപാലാണ്. അഭിപ്രായങ്ങൾ കേട്ടാണ് തീരുമാനം എടുത്തത്. മുന്നിലുള്ള വലിയ ലക്ഷ്യം മാത്രമാണ് പരിഗണിച്ചതെന്നും കെപിസിസി അധ്യക്ഷൻ വ്യക്തമാക്കി. ഇപ്പോൾ നേതാക്കൾക്ക് എതിരെ ഇപ്പോൾ സ്വീകരിച്ച സസ്പെൻഷൻ നടപടി താൽക്കാലികമാണ്. വിശദീകരണം കേട്ട ശേഷം മറ്റ നടപടി. ഭീഷണിപ്പെടുത്തി മുന്നോട്ട് പോവാൻ താൽപര്യമില്ല. എന്നാൽ അച്ചടക്കം ഇല്ലാതെ മുന്നോട്ട് പോവില്ല. പരസ്യ പ്രതികരണം ഉണ്ടായിൽ ഇനിയും നടപടി ഉണ്ടാകുമെന്നും കെ സുധാകരൻ വ്യക്തമാക്കി.