കൊച്ചി: ജൂണിൽ പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിൽ പണം നഷ്ടപ്പെട്ട തമിഴ് യുവതിയായി വേഷംമാറി വന്ന എ.എസ്‌പി ഹേമലത ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിൽ അഭിനന്ദിച്ചിരുന്നു. പെരിന്തൽമണ്ണ സ്റ്റേഷനിലെ പി.ആർ.ഒ ഷാജിക്കാണ് അന്ന് എ.എസ്‌പിയുടെ കൈയടി കിട്ടിയത്. വേഷം മാറി വന്നത് പൊലീസുകാരുടെ സ്വഭാവം നിരീക്ഷിക്കാനായിരുന്നു. പൊലീസ് സ്റ്റേഷനുകൾ അച്ചടക്കത്തോടെയും ചിട്ടയോടെയും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കാൻ മേലുദ്യോഗസ്ഥരുടെ മിന്നൽ സന്ദർശനം ചിലപ്പോഴൊക്കെ ഉണ്ടാവാറുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസം എറണാകുളം നോർത്തിലെ വനിതാ പൊലീസ് സ്റ്റേഷനിൽ മഫ്തിയിൽ എത്തിയ ഡിസിപി ഐശ്വര്യ ഡോങ്‌റെയുടെ പെരുമാറ്റം അതിരുകടന്നതായോ? മേലുദ്യോഗസ്ഥയായ തന്നെ തിരിച്ചറിയാത്തതിന്റെയും തടഞ്ഞതിന്റെയും പേരിൽ, വനിതാ പൊലീസിനെ ട്രാഫിക്കിലേക്ക് മാറ്റിയത് വിവാദമായിരുന്നു. ഡിസിപി ഇതിന് തന്റേതായ രീതിയിൽ വിശദീകരണം നൽകിയെങ്കിലും, പൊലീസ് സേനയിൽ അമർഷം പുകഞ്ഞിരുന്നു. ഏതായാലും പാറാവ് നിന്ന പൊലീസുകാരിക്കെതിരെ നടപടിയെടുത്ത ഡിസിപിയുടെ പെരുമാറ്റം അതിരുകടന്നുവെന്നാണ് മേലുദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഡിസിപി ഐശ്വര്യ ഡോങ്‌റെക്ക് ആഭ്യന്തര വകുപ്പിന്റെ താക്കീത് ലഭിച്ചു.

ആവശ്യത്തിലേറെ ജോലിത്തിരക്കുള്ള കൊച്ചി സിറ്റി പരിധിയിലുള്ള സ്റ്റേഷനുകളിൽ ചെന്ന് ഇത്തരത്തിൽ പെരുമാറരുതെന്നാണ് മുന്നറിയിപ്പ്.ഡിസിപിയുടെ സന്ദർശനം വിവാദമായത് സംസ്ഥാന സ്‌പെഷൽ ബ്രാഞ്ച് സർക്കാരിന് റിപ്പോർട്ടു ചെയ്തിരുന്നു. ഇതിനെത്തുടർന്നാണ് താക്കീത്. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ ഐപിഎസ് ഓഫിസർ കൂടിയാണ് ഐശ്വര്യ ഡോങ്‌റെ.

സേനയിൽ ഉയർന്നത് കടുത്ത അമർഷം

മഫ്തിയിലെത്തിയ ഡിസിപിയെ തിരിച്ചറിയാതെ പെരുമാറിയ സംഭവത്തിൽ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെതിരെ സേനയിൽ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. കൃത്യനിർവ്വഹണം ശരിയായ രീതിയിൽ നടത്തിയ ഉദ്യോഗസ്ഥയെ ശിക്ഷിച്ചത് ഒട്ടും ശരിയല്ലെന്നാണ് കൊച്ചി സിറ്റി പൊലീസിലെ മുതിർന്ന ഉദ്യോഗസ്ഥർ മറുനാടനോട് പ്രതികരിച്ചത്.

സാധാരണ സ്റ്റേഷനിലെത്തുന്നവർ സ്വീകരിക്കേണ്ട രീതികൾ അവലംബിച്ചു കൊണ്ട് സ്റ്റേഷനുള്ളിലേക്ക് കടന്നു കയറിയപ്പോൾ തടഞ്ഞ് നിർത്തി ചോദ്യം ചെയ്തത് പാറാവു ഡ്യൂട്ടിയുണ്ടായിരുന്ന ഉദ്യോഗസ്ഥയുടെ ചുമതലയാണ്. അങ്ങനെയുള്ളപ്പോൾ ഡി.സി.പിയുടെ നടപടി ഏറെ പ്രതിഷേധകരമാണെന്നാണ് സേനയ്ക്കുള്ളിൽ നിന്നും അടക്കം പറഞ്ഞത് അച്ചടക്ക നടപടി ഭയന്നാണ് ആരും പരസ്യമായി രംഗത്ത് വരാതിരുന്നത്.

കഴിഞ്ഞ ദിവസമാണ് സിറ്റി വനിതാ പൊലീസ് സ്റ്റേഷനിലെ പാറാവു ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസുകാരിയെ പുതുതായി ചുമതലയേറ്റ ഡി.സി.പി ഐശ്വര്യ ഡോങ്‌റെ ഐ.പി.എസ് മഫ്തിയിലെത്തിയ തന്നെ തിരിച്ചറിഞ്ഞ് പെരുമാറാതിരുന്നതിന് ശിക്ഷയായി രണ്ട് ദിവസത്തേക്ക് ട്രാഫിക്ക് ഡ്യൂട്ടിക്കായി അയച്ചത്. എറണാകുളം നോർത്തിലെ വനിതാ സ്റ്റേഷനിൽ ഒരു യുവതി സ്റ്റേഷനിലേയ്ക്ക് കയറിപ്പോകാൻ ശ്രമിച്ചപ്പോഴായിരുന്നു പാറാവിലുണ്ടായിരുന്ന വനിതാ പൊലീസ് തടഞ്ഞത്.

വന്നയാൾ യൂണിഫോമിൽ അല്ലായിരുന്നു എന്നതിനാലും പുതുതായി ചുമതലയേറ്റ ഡിസിപിയുടെ മുഖപരിചയം ഇല്ലായിരുന്നു എന്നതിനാലുമായിരുന്നു ആളറിയാതെ തടഞ്ഞു നിർത്തിയത്. കോവിഡ് കാലമായതിനാൽ ആളുകളെ സ്റ്റേഷനിലേക്ക് കടത്തി വിടുന്നതിനു മുൻപ് വിവരങ്ങൾ ആരായേണ്ടതുമുണ്ട് എന്നതും തടയാൻ കാരണമായി. സംഭവത്തിൽ പ്രകോപിതയായ ഡി.സി.പി വനിതാ പൊലീസ് ഉദ്യോഗസ്ഥയോട് വിശദീകരണം ചോദിക്കുകയും തൃപ്തികരമല്ലാത്തതിനാൽ രണ്ടു ദിവസത്തേക്ക് ട്രാഫിക്കിലേയ്ക്ക് ശിക്ഷാനടപടിയായി അയയ്ക്കുകയുമായിരുന്നു. ഡിസിപി വാഹനത്തിൽ ഇറങ്ങുന്നത് ശ്രദ്ധയിൽപെട്ടിരുന്നില്ലെന്നായിരുന്നു വിശദീകരണം.

പൊലീസുകാരിയെ ട്രാഫിക്കിൽ അയച്ചതോടെ സംഭവം പൊലീസുകാർക്കിടയിൽ വലിയ ചർച്ചയുണ്ടാക്കിയിരുന്നു. അടുത്തിടെ മാത്രം ചുമതലയേറ്റ ഉദ്യോഗസ്ഥ യൂണിഫോമിൽ അല്ലാതെ എത്തിയാൽ എങ്ങനെ തിരിച്ചറിയുമെന്നാണ് ഇവരുടെ ചോദ്യം. കോവിഡ് വിലക്കുകളുടെ സാഹചര്യം നിലനിൽക്കുന്നതിനാൽ ചോദ്യമില്ലാതെ കയറ്റിവിട്ടാൽ അതും കൃത്യവിലോപമായി പരിഗണിച്ച് ശിക്ഷിക്കുന്ന സാഹചര്യമുണ്ടാകുമായിരുന്നെന്നും പൊലീസുകാർ പറയുന്നു. അതേ സമയം പൊലീസ് സ്റ്റേഷനിലേക്കു കടത്തിവിടാതെ തടഞ്ഞ വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കെതിരെ ശിക്ഷാ നടപടി സ്വീകരിച്ചതിനെ ഡി.സി.പി ന്യായീകരിച്ച് പ്രതികരിച്ചു.

'പാറാവുജോലി ഏറെ ജാഗ്രത വേണ്ട ജോലിയാണ്. വനിതാ പൊലീസ് സ്റ്റേഷനിൽ സെൻട്രി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥ അതുകാട്ടിയില്ല. ഒരുസീനിയർ ഓഫീസറുടെ വാഹനം കണ്ട ശേഷവും അവർ അലേർട്ടായില്ല; സേനയിൽ അച്ചടക്കമില്ലായ്മ വച്ചുപൊറുപ്പിക്കാനാവില്ല; അവർ ട്രാഫിക് ഡ്യൂട്ടി നന്നായി ചെയ്യുന്നുണ്ട്- മറുനാടൻ പ്രതിനിധിയുടെ ചോദ്യത്തിനു മറുപടിയായി ഡി.സി.പി വിശദീകരിച്ചു.

വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ബാനർജി റോഡിൽ ഹൈക്കോടതിയിലേക്ക് കടക്കുന്ന ഭാഗത്താണ് ഡ്യൂട്ടി നൽകിയത്. ഇന്ന് തിരികെ വനിതാ സ്റ്റേഷനിലേക്ക് തന്നെ തിരികെ പ്രവേശിക്കാൻ ഡി.സി.പി നിർദ്ദേശിച്ചിരുന്നു

തമിഴ് യുവതിയായി വന്ന് കൈയടി നേടിയ എഎസ്‌പി ഹേമലത

കഴിഞ്ഞ ജൂണിൽ പെരിന്തൽമണ്ണ എ.എസ്‌പിയായി ചുമതല ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായാണ് തലേദിവസം ഹേമലത വേഷംമാറി വന്നു ഉദ്യോഗസ്ഥരെ പരീക്ഷിച്ചത്. യാത്രക്കടിയിൽ കെ.എസ്.ആർ.ടി.സി ബസിൽവെച്ച് തന്റെ പേഴ്‌സും അതിലുണ്ടായിരുന്ന പതിനായിരംരൂപയും നഷ്ടപെട്ടുവെന്ന പരാതിയുമായാണ് തമിഴ് യുവതിയുടെ വേഷത്തിൽ എ.എസ്‌പി പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷനിലെത്തിയത്.

സ്റ്റേഷനിലെ പിആർഒ ഷാജിയോടാണ് ആദ്യം സംസാരിച്ചത്. ഒരു പരാതി ബോധിപ്പിക്കാനുണ്ടെന്നും താൻ ഒരു ടെക്‌സ്‌റ്റൈൽ സ്ഥാപനത്തിലെ ജീവനക്കാരിയാണെന്നും പറഞ്ഞാണ് പരിചയപ്പെടുത്തിയത്. തുടർന്ന് പരാതി എഴുതിയ നൽകാൻ പി.ആർ.ഒ ഷാജി പറയുകയും ഉദ്യോഗസ്ഥരോട് വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ പരാതി തയ്യാറാക്കാൻ അറിയില്ലെന്ന് പറഞ്ഞതോടെ ഇതിന്റെ മോഡൽ പി.ആർ.ഒ നേരത്തെ തയ്യാറാക്കിയത് എ.എസ്‌പിക്ക് കാണിച്ചു നൽകി. അവസാനം പരാതി എഴുതി നൽകിയ ശേഷം ഫോൺ നമ്പർകൂടി ഉൾപ്പെടുത്തണമെന്ന് അറിയിച്ചു. എന്നാൽ കേസുമായി മുന്നോട്ടുപോകാൻ താൽപര്യമില്ലെന്ന് എ.എസ്‌പി അറിയിച്ചതോടെ പണം നഷ്ടപ്പെട്ട കെ.എസ്്.ആർ.ടി.സി ഡിപ്പോയിൽ വിളിച്ച് പി.ആർ.ഒ ഷാജി കാര്യം അന്വേഷിച്ചെങ്കിലും അവിടെ നിന്നും യാതൊരു വിവരവും ലഭിച്ചില്ല.

പണം മാത്രമാണ് നഷ്ടപ്പെട്ടതെന്നും മറ്റു രേഖകളൊന്നും പോയിട്ടില്ലെന്നും പറഞ്ഞതോടെ സംഭവം മോഷണമോ, അല്ലെങ്കിൽ പണമടങ്ങിയ കവർ ചാടിപ്പോവുകയോ ചെയ്തതായാണ് പൊലീസുകാർ സംശയിച്ചത്. എന്നാൽ ഭാഗ്യവശാൽ സ്റ്റേഷൻ ഉദ്യോഗസ്ഥർ വിഷയം ഗൗരവമായി കാണുകയും പരാതിക്കാരിക്ക് അർഹമായ പ്രധാന്യം നൽകുകയും ചെയ്തു. പരാതിക്കാരിക്കുവേണ്ട എല്ലാസഹായവും നൽകുകയും അതുപോലെ നഷ്ടപ്പെടാനുള്ള സാധ്യതകളും ഇനി ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങളും വളരെ മാന്യമായി വിശദീകരിച്ചു നൽകിയ പി.ആർ.ഒ ഷാജിയെ എ.എസ്‌പി പ്രത്യേകം അഭിനന്ദിച്ചു.

ഇതിനിടയിൽ സ്റ്റേഷൻ ഉദ്യോഗസ്ഥരോട് ചോദിച്ച് എ.എസ്‌പി അവിടെ ബാത്‌റൂമിൽ പോവുകയും ചെയ്തു. തുടർന്ന് കേസ് രജിസ്റ്റർചെയ്യാൻ നടപടിയെടുക്കുന്നതിനിടെയാണ് സത്യം എ.എസ്‌പി വെളിപ്പെടുത്തിയത്. എന്നാൽ ആദ്യം താൻ പുതുതായി ചുമതലയേറ്റ എ.എസ്‌പി ആണെന്ന് പറഞ്ഞപ്പോൾ ഉദ്യോഗസ്ഥരിൽ പലരും വിശ്വസിച്ചില്ല. ആദ്യം ഇക്കാര്യം പറഞ്ഞപ്പോൾ തൊട്ടടുത്ത സീറ്റിൽ ഇരുന്നിരുന്ന പി.ആർ.ഒ ഷാജി അപ്പോഴും അതേ ഇരുത്തം തന്നെയായിരുന്നു. രണ്ടാമതും ഇക്കാര്യം ഹേമലത ഐ.പി.എസ് ആണെന്ന് പേര് കൂട്ടി പറഞ്ഞപ്പോഴാണ് ഷാജി ഉൾപ്പെടെയുള്ളവർ ചാടി എഴുന്നേറ്റ് സെല്യൂട്ട് അടിച്ചത്.

ഇതിനിടയിൽ കൈ കഴുകുന്നതിനായി സാനിറ്റൈസർ നൽകുകയും ഇരിക്കാൻ സൗകര്യമൊരുക്കുകയും പൊലീസുകാർ ചെയ്തിരുന്നു. പരാതിക്ക് രസീത് ആവശ്യമില്ലെന്ന് പരാതിക്കാരി പറഞ്ഞെങ്കിലും നിർബന്ധമായും രസീത് കൈപ്പറ്റണമെന്നും പൊലീസ് ആവശ്യപ്പെട്ടു.തമിഴ് ചുവയുള്ള ഭാഷയിൽ സംസാരിച്ച എഎസ്‌പിയോട് മലയാളത്തിലും ഇംഗ്ലീഷിലുമായി പൊലീസ് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.
പൊലീസ് ഉദ്യോഗസ്ഥർ പരാതിക്കാരോട് എങ്ങനെയാണ്‌പെരുമാറുന്നതെന്ന് അറിയാനാണ് വേഷം മാറി എത്തിയതെന്നും വളരെ മാന്യമായിരുന്നു എല്ലാവരുടെയും പെരുമാറ്റമെന്നും എഎസ്‌പി എം. ഹേമലത അന്ന് അഭിനന്ദിച്ചിരുന്നു.