ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിയി്ൽ ഇന്ത്യൻ പ്രീമിയർ ലീഗ്. ഡൽഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷന്റെ (ഡി.ഡി.സി.എ) അഞ്ച് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു. രോഗം ബാധിച്ച ജീവനക്കാർ ഐസൊലേഷനിലാണ്.

ഐ.പി.എൽ മത്സരങ്ങൾ നടക്കുന്ന ഡൽഹി അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫുകളാണ് ഇവർ. മെയ്‌ എട്ടുവരെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിൽ ഐ.പി.എൽ മത്സരങ്ങളുണ്ട്.

രണ്ട് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങൾക്കും ചെന്നൈ സൂപ്പർ കിങ്സിന്റെ ബസ് ഡ്രൈവറടക്കമുള്ള മൂന്ന് ജീവനക്കാർക്കും കോവിഡ് സ്ഥിരീകരിച്ച അതേ ദിവസമാണ് ഇപ്പോൾ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ ഗ്രൗണ്ട് സ്റ്റാഫിനും രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരങ്ങളായ വരുൺ ചക്രവർത്തിക്കും മലയാളി താരം സന്ദീപ് വാര്യർക്കുമാണ് നേരത്തെ കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ കൊൽക്കത്തയും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ നടക്കേണ്ടിയിരുന്ന മത്സരവും മാറ്റിവെച്ചിട്ടുണ്ട്.

ഇതിനു പിന്നാലെ രണ്ട് ജീവനക്കാർക്കും ബസ് ഡ്രൈവർക്കും കോവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ മത്സരത്തിനു മുമ്പുള്ള പരീശീലനം ചെന്നൈ സൂപ്പർ കിങ്‌സ് ടീം റദ്ദാക്കിയിട്ടുണ്ട്.