രാഹുൽ ഗാന്ധിക്കെതിരായ അധിക്ഷേപ പ്രസംഗത്തിൽ മാപ്പ് പറഞ്ഞെങ്കിലും മുൻ എംപി ജോയ്സ് ജോർജ്ജിനെതിരായ പ്രതിഷേധം ശക്തമാകുന്നു. ഇരട്ടയാറിൽ മന്ത്രി എം.എം. മണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിലായിരുന്നു ജോയിസ് ജോർജിന്റെ വിവാദ പരാമർശം. ഇത് വിവാദമാകുകയും സിപിഎം നേതൃത്വം തന്നെ പ്രസ്താവനയെ തള്ളി രം​ഗത്തെത്തുകയുംചെയ്ത ചെയ്തിരുന്നു. ഇതിന് പിന്നാലെ ജോയ്സിന് ഇപ്പോഴത്തെ ഇടുക്കി എംപി ഡീൻ കുര്യാക്കോസും മറുപടിയുമായി എത്തി. ലൂസിഫർ സിനിമയിലെ മോഹൻലാലിന്റെ ഡയലോഗ് കടമെടുത്താണ് ഡീനിന്റെ മറുപടി. ‘സംഗതി കൊള്ളാം ജോയ്സേ... പക്ഷേ രാജീവ്‌ ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്..' അദ്ദേഹം കുറിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുമെന്നും ഡീൻ വ്യക്തമാക്കി

ഇരട്ടയാറിൽ മന്ത്രി എം.എം. മണിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലാണ് ജോയിസ് ജോർജിന്റെ വിവാദ പരാമർശം. അതും സ്ത്രീകളും കുട്ടികളും അടക്കമുള്ള നൂറുകണക്കിനുപേർ സദസിലുള്ളപ്പോൾ. വിവാദ പ്രസ്താവനയുണ്ടായിട്ടും തിരുത്താൻ എം.എം.മണി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ തയാറായില്ല. പകരം പൊട്ടിച്ചിരിച്ചു.

ഡീനിന്റെ കുറിപ്പ് :

സ്റ്റീഫൻ നെടുമ്പള്ളിയുടെ ഡയലോഗാണ് ജോയ്സിനോട് എനിക്കും പറയാനുള്ളത്... സംഗതി കൊള്ളാം ജോയ്സേ... പക്ഷേ രാജീവ്‌ ഗാന്ധിയാണ് രാഹുൽ ഗാന്ധിയുടെ പിതാവ്.

ശ്രീ. രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് ജോയ്സ് ജോർജ് നടത്തിയ തിരഞ്ഞെടുപ്പ് പ്രസംഗം ഇടതുമുന്നണിയുടെ നിലവാരമാണ് കാണിക്കുന്നത്. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നത്. എത്രമാത്രം മ്ലേച്ഛകരമാണ് മനസ്സെന്നു തെളിയിച്ചിരിക്കുന്നു. ജോയ്സ് അപമാനിച്ചത് വിദ്യാർത്ഥിനികളെ കൂടിയാണ്. അസഭ്യ പ്രസംഗത്തിന് പേരുകേട്ട എം.എം. മണിയുടെ തിരഞ്ഞെടുപ്പ് പ്രചരണ വേദിയിൽ അസഭ്യ പ്രസംഗം കൊണ്ട് ആശാനെ സുഖിപ്പിച്ച് ശിഷ്യത്വം സ്വീകരിക്കുന്നതാണ് ജോയ്സ് ജോർജിന്റെ രാഷ്ട്രീയം. രാഹുൽ ഗാന്ധിയെ ആക്ഷേപിക്കാൻ ഇയാൾക്കെന്താണ് യോഗ്യത???

ഇയാളുടെ സ്വഭാവത്തിനുള്ള മറുപടി നൽകി കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കിയിലെ പ്രബുദ്ധരായ ജനങ്ങൾ ഇയാളെ ആട്ടിപ്പായിച്ചതാണ്.

വീണ്ടും ഇടുക്കിയുടെ മണ്ണിൽ അശ്ലീലം വാരി വിതറാൻ അയാൾ വീണ്ടും വന്നിരിക്കുന്നു. സ്ത്രീ ശാക്തികരണവും പുരോഗമനവാദങ്ങളും നിങ്ങൾക്ക് കവല പ്രസംഗങ്ങൾക്ക് വേണ്ടി മാത്രമുള്ളതാണെന്നു വ്യക്തം. നവോഥാന നായകന്മാരുടെ വനിതാ മതിൽ, സ്ത്രീ ശാക്തീകരണം എന്നീ പൊറാട്ട് നാടകങ്ങൾക്കുശേഷം ഇടതുമുന്നണിക്ക് വിഷയ ദാരിദ്യം നേരിടുന്നതിന്റെ ഉത്തമ ഉദാഹരണമാണ് ജോയിസ് ജോർജിന്റെ പ്രസംഗം. അടിസ്ഥാനരഹിതവും വ്യക്തിഹത്യപരവുമായ ഈ പരാമർശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷനിൽ പരാതി സമർപ്പിച്ച് നിയമ വഴി തേടും..