കൊല്ലം: സംസ്ഥാന സർക്കാരിന്റെ ആഴക്കടൽ മത്സ്യബന്ധന പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത തീരദേശ ഹർത്താലിനെ തുടർന്ന് ഹാർബറുകളിലെ മത്സ്യ വ്യാപാരം തടസ്സപ്പെട്ടു. ഭൂരിഭാഗം ബോട്ടുകളും ഇന്നലെ കടലിൽ പോയില്ല. ഹർത്താൽ സമ്പൂർണ വിജയമായിരുന്നെന്നു ധീവര സഭ സംസ്ഥാന പ്രസിഡന്റ് കെ.കെ.രാധാകൃഷ്ണൻ അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം രാത്രി ചെറിയതോതിൽ സംഘർഷമുണ്ടായ കൊല്ലം വാടി ലേലഹാളിലും പരിസരത്തും ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. വാടി ഫിഷ് ലാൻഡിങ് സെന്ററിലെ ലേല ഹാളിൽ മത്സ്യവ്യാപാരം അനുവദിക്കില്ലെന്ന ഹർത്താൽ അനുകൂലികളുടെ നിലപാടാണ് സംഘർഷത്തിന് ഇടയാക്കിയത്.

ഇവിടെ നിന്നു കുറച്ചു വള്ളങ്ങൾ മാത്രം കടലിൽ പോയി. ട്രോളിങ് ബോട്ടുകൾ എത്തുന്ന ശക്തികുളങ്ങര ഹാർബറിലും ഇന്നലെ പുലർച്ചെ വ്യാപാരം നടന്നില്ല.

തീരമേഖലയിലെ ഗതാഗതത്തെയും വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനത്തെയും ഹർത്താൽ ബാധിച്ചില്ല.വിവിധ കരയോഗങ്ങളുടെയും ധീവര സഭ, മത്സ്യത്തൊഴിലാളി സംഘടനകൾ എന്നിവയുടെയും നേതൃത്വത്തിൽ തുറമുഖങ്ങൾ കേന്ദ്രീകരിച്ചു പ്രതിഷേധ പ്രകടനം നടത്തി.

ആഴക്കടൽ മത്സ്യബന്ധനക്കരാർ വിദേശ കമ്പനിക്കു നൽകാൻ നടത്തിയ നീക്കം അന്വേഷിക്കണമെന്നും മത്സ്യബന്ധന നിയന്ത്രണ നിയമത്തിലും ഉൾനാടൻ മത്സ്യബന്ധന നിയമത്തിലും വരുത്തിയ ഭേദഗതികളും മത്സ്യലേല വിപണന ഓർഡിനൻസും റദ്ദ് ചെയ്യണമെന്നും കെ.കെ.രാധാകൃഷ്ണൻ ആവശ്യപ്പെട്ടു.