പാലക്കാട്: 'മുട്ടിൽ മരംമുറിക്കേസുമായി ബന്ധപ്പെട്ടു പുറത്തു വരുന്നതെല്ലാം അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. സിപിഎം നേതാക്കളും പ്രവർത്തകരും ഭരണത്തിന്റെ ആനുകൂല്യം ഉപയോഗിച്ചു നേട്ടമുണ്ടാക്കാൻ ശ്രമിക്കില്ല. ഇതിനു കടകവിരുദ്ധമായി പ്രവർത്തിക്കുന്നത് ഏതു ദീപക് ധർമടം ആണെങ്കിലും ഉചിതമായ നടപടി നേരിടേണ്ടിവരും. നിയമവിരുദ്ധമായി പ്രവർത്തിച്ചവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ ബന്ധപ്പെട്ട വകുപ്പു സ്വീകരിച്ച നടപടികൾക്കു മുഖ്യമന്ത്രി എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്'-മുൻ മന്ത്രി എകെ ബാലന്റെ വാക്കുകളാണ് ഇത്. ദീപക് ധർമ്മടത്തെ അറിയാത്തത് പോലെ തള്ളി പറഞ്ഞ സിപിഎം നേതാവ്.

മകന്റെ വിവാഹത്തിന് മോഹൻലാൽ എത്തണമെന്നത് മന്ത്രിയായിരിക്കെ എകെ ബാലന്റെ ആഗ്രഹമായിരുന്നു. അത് നടത്തി കൊടുത്തത് ദീപക് ധർമ്മടമായിരുന്നു എന്നതാണ് ഈ ഘട്ടത്തിലെ യാദൃശ്ചികത. സാധാരണ മോഹൻലാൽ കല്യാണങ്ങൾക്ക് പോകുന്ന പതിവ് കുറവാണ്. ഒഴിവാക്കാൻ കഴിയാത്ത ചടങ്ങുകൾക്കേ പോകൂ. പക്ഷേ ദീപക്കിന്റെ സ്‌നേഹ നിർബന്ധങ്ങൾക്ക് വഴങ്ങി ബാലന്റെ വീട്ടിൽ മോഹൻലാൽ എത്തി. ദീപക്കും ഒപ്പമുണ്ടായിരുന്നു. ഇങ്ങനെ അസംഭവ്യമെന്ന് ബാലൻ കരുതിയ ആഗ്രഹം നിവർത്തിച്ചു കൊടുത്ത മാധ്യമ പ്രവർത്തകനാണ് ദീപക് ധർമ്മടം.

മന്ത്രി എകെ ബാലന്റെ മകന് വിവാഹ മംഗളാശംസകൾ നേരാൻ നടൻ മോഹൻലാൽ മന്ത്രിയുടെ വീട്ടിലെത്തിയത് വലിയ ചർച്ചയുമായിരുന്നു. പത്മഭൂഷൻ അംഗീകാരവുമേന്തിയാണ് മോഹൻലാൽ എത്തിയതെന്നത് ഇരട്ടി മധുരമായെന്ന് മന്ത്രി പ്രതികരിക്കുകും ചെയ്തു.. വസതിയിൽ വെച്ച് പൊന്നാടയണിയിച്ച് മന്ത്രി അദ്ദേഹത്തെ സ്വീകരിച്ചു. കുഞ്ഞാലി മരക്കാർ സിനിമയുടെ ഷൂട്ടിങ് തിരക്കിനിടയിലാണ് മന്ത്രിയുടെ ക്ഷണം സ്വീകരിച്ച് മകന് വിവാഹ ആശംസകൾ നേരാനായി മോഹൻലാൽ എത്തിയത്. ഇതിന് കാരണം ദീപക്കിന്റെ ഇടപെടലായിരുന്നു. ഈ വാർത്തയോടെ ബാലന്റെ മകന്റെ വിവാഹം എന്ന് ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തു.

മോഹൻലാലിനെ ബാലന്റെ വീട്ടിൽ എത്തിച്ചത് ദീപക്കിന്റെ ഇടപെടലിൽ മാത്രമായിരുന്നു. പിന്നീട് മോഹൻലാലും ദീപക്കിന്റെ ഇടപാടുകൾ തിരിച്ചറിഞ്ഞു. ദീപക്കിനെ ഒഴിവാക്കുകയും ചെയ്തു. അപ്പോഴും സിപിഎമ്മിനും ബാലനും പ്രിയങ്കരനായിരുന്നു ദീപക്.

പ്രതിരോധ വകുപ്പിന്റെ കോഴ്‌സിന് വ്യാജ സർട്ടിഫിക്കറ്റുമായി ദീപക് പോയത് ഏവർക്കും അറിയാവുന്നതായിരുന്നു. അന്ന് എല്ലാ പിന്തുണയും ദീപക്കിന് നൽകിയത് ബാലൻ അടക്കമുള്ളവരായിരുന്നു. പല അവാർഡുകളും നൽകി. അങ്ങനെയാണ് പ്രതിരോധ വകുപ്പിൽ താൻ ഒന്നും ചെയ്തില്ലെന്ന് തെറ്റിധരിപ്പിച്ച് 24 ന്യൂസിലേക്ക് ദീപക് നുഴഞ്ഞു കയറിയത്. അമൃതാ ടിവിയിലെ കള്ളക്കളികൾ എല്ലാം അവിടെ പിടിക്കപ്പെട്ട സാഹചര്യത്തിലാണ് ഇത്. പല നേതാക്കളുമായുള്ള ബന്ധവും ഇതിനായി ദീപക് ദുരുപയോഗപ്പെടുത്തുകയും ചെയ്തു.

ഇത്തവണ അഞ്ചിടങ്ങളിലാണ് സംസ്ഥാന ചലച്ചിത്രോത്സവം നടന്നത്. അതിൽ കണ്ണൂരിലെ വെർഷനിൽ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് ദീപക്കിന് നൽകാൻ സമ്മർദ്ദവും ഉണ്ടായി. എന്നാൽ സാസ്‌കാരിക വകുപ്പ് ഉദ്യോഗസ്ഥർ അതിന് കൂട്ടാക്കിയില്ല. ഇതിന് ശേഷം പാലക്കാട്ടും ദീപക്കിനെ ഒന്നാമനാക്കാൻ ഒരു മന്ത്രി ശ്രമിച്ചിരുന്നു. സിനിമാ സംഘടനയിലെ പ്രമുഖനോട് അടക്കം ഈ ആവശ്യം ഉന്നയിച്ചു. എന്നാൽ ആരും നൽകിയില്ല. പാലക്കാട്ടെക്ക് ദീപക്കിനെ സിനിമാ റിപ്പോർട്ടിംഗിന് 24 ചാനലും അയച്ചിരുന്നില്ല. അങ്ങനെ അത് നടക്കാതെ പോയി.

ഇതിനിടെയാണ് മോഹൻലാലുമായി അടുക്കുന്നത്. ലാലിന്റെ അമ്മയുടെ ചികിൽസ അമൃതാ ആശുപത്രിയിലായിരുന്നു. ഇത് മുതലെടുത്താണ് ഇടിച്ചു കയറൽ. പിന്നീട് സത്യം മനസ്സിലാക്കി മോഹൻലാൽ ഒഴിവാക്കുകയും ചെയ്തു.