കൊച്ചി: മുട്ടിൽ മരംമുറിയിലെ 'വില്ലനാണ്' ദീപക് ധർമ്മടം. 24ന്യൂസ് ദീപക്കിനെ സസ്‌പെന്റ് ചെയ്തു. പത്രപ്രവർത്തക യൂണിയും കൈവിട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞു. അങ്ങനെ മാധ്യമ പ്രവർത്തനത്തിന് ദീപക്ക് തൽകാലത്തേക്ക് വിരാമവുമിട്ടു. പത്രപ്രവർത്തക യൂണിയനിൽ നിന്നും സസ്‌പെൻഷൻ കിട്ടിയ ദീപക് ഇപ്പോൾ ഇമേജ് മാറ്റത്തിന് വെള്ളിത്തിരയിലേക്ക് ചേക്കേറുകയാണ്. കെ എം റോയിയുടെ അനുസ്മരണ കുറുപ്പിന് താഴെ അബദ്ധത്തിൽ ഇട്ട കമന്റും ചർച്ചകളിലുണ്ട്. കെയുഡബ്ല്യൂജെയിൽ നിന്നും മാറ്റിയ ദീപക്ക് 'അമ്മ'യിൽ കയറിക്കൂടാനുള്ള ശ്രമത്തിലാണ്. താരസംഘടനയായ അമ്മയിലേക്ക്.

ഇതിന് തനിക്കുള്ള പിന്തുണ ഗോകുലം ഗോപാലനാണെന്ന് ദീപക് ധർമ്മടം അവകാശപ്പെടുന്നു. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം തുടങ്ങുന്നത് ചന്ദ്രോത്ത് പണിക്കരുടെ അമ്പേറ്റ് വീഴുന്ന സാമൂതിരിയുടെ അതിവിശ്വസ്തനായ പോരാളിയുടെ സീനോടെയാണ്. ഇപ്പോഴിതാ വീണ്ടും ചരിത്ര സിനിമയിലേക്ക് എത്തുകയാണ് ദീപക്. അതും മുട്ടിൽ മരം മുറിയുടെ കഷ്ടകാലത്ത്. ഗോകുലം ഗോപാലൻ നിർമ്മിച്ച് വിനയൻ സംവിധാനം ചെയ്യുന്ന പത്തൊൻപാതം നൂറ്റാണ്ടിലാണ് ദീപക് ഇപ്പോൾ അഭിനയിക്കുന്നത്. മാധ്യമ പ്രവർത്തനത്തിന് ഇടവേള നൽകി കുടുമ വച്ച് സിനിമയിലെ ക്യാരക്ടറായി മാറുകയാണ് ദീപക്. സിനിമയിൽ ദീപക്കുള്ള കാര്യം അണിയറ പ്രവർത്തകരും സമ്മതിക്കുന്നുണ്ട്.

24 ന്യൂസ് ചാനലിന്റെ ചെയർമാനാണ് ഗോകുലം ഗോപാലൻ. വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ അമൃതാ ടിവിയിൽ പ്രതിസന്ധി മൂർച്ഛിച്ചപ്പോൾ 24ന്യൂസിലേക്ക് ദീപക് എത്തിയത് ഗോകുലത്തിന്റെ പിന്തുണയോടെയാണെന്നാണ് റിപ്പോർട്ട്. മുട്ടിൽ മരം മുറിയിലെ ആദ്യ റിപ്പോർട്ട് എത്തിയപ്പോൾ ചാനലിൽ നിന്ന് ശ്രീകണ്ഠൻ നായർ ദീപക്കിനെ മാറ്റി നിർത്തി. ആ റിപ്പോർട്ടിൽ ദീപക്കിന്റെ പേരു പറയാതെയുള്ള സൂചനകളാണ് ഉണ്ടായിരുന്നത്. പിന്നീട് ചാനലിൽ ദീപക് തിരിച്ചെത്തി. ഗോകുലത്തിന്റെ പിന്തുണയോടെയായിരുന്നു ഇത്. എന്നാൽ അന്തിമ റിപ്പോർട്ടിലെ ഗൗരവ പരാമർശങ്ങൾ കാരണം ചാനലിൽ നിന്ന് ദീപക്കിനെ പരസ്യമായി സസ്‌പെന്റ് ചെയ്തു. പിന്നാലെ പത്രപ്രവർത്തക യൂണിയനും അതു തന്നെ ചെയ്തു. താൻ ഒറ്റപ്പെട്ടിട്ടില്ലെന്ന് ഗോകുലത്തിന്റെ നിർമ്മാണത്തിലെ സിനിമയിൽ അഭിനയിച്ച് തെളിയിക്കുകയാണ് ദീപക് ഇപ്പോൾ.

മുട്ടിൽ മരം മുറിയിൽ അതിരൂക്ഷ പരാമർശമാണ് ദീപക്കിനെതിരെയുള്ളത്. എന്നാൽ ഇനിയും കേസിൽ ദീപക്കിനെ പ്രതിയാക്കിയിട്ടില്ല. ദീപക്കിനെ വെറുതെ വിടാൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതൻ ക്രൈംബ്രാഞ്ചിൽ ശക്തമായ സമ്മർദ്ദവും ചെലത്തുന്നുണ്ട്. ദീപക്കിനെതിരെ മാധ്യമ പ്രവർത്തകർ പകവീട്ടുകയാണെന്ന സൂചനയുമായി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. എന്തുവന്നാലും ദീപക്കിനെ കേസിൽ പ്രതിയാക്കില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. മുഖ്യമന്ത്രിയുടെ വീടുമായുള്ള അടുപ്പമാണ് ഇതിന് കാരണം. അതുകൊണ്ട് തന്നെ സിനിമാ അഭിനയവുമായി മറ്റൊരു പാത വെട്ടിപെടുക്കാനാണ് ദീപക്കിന്റെ ശ്രമം.

ലൂസിഫർ പോലുള്ള ചിത്രങ്ങളിലും ദീപക് ചെറിയ വേഷത്തിൽ നേരത്തെ അഭിനയിച്ചിരുന്നു. ചെറുതാണെങ്കിലും ശ്രദ്ധേയമായ തല്ലുകൊള്ളി വേഷമാണ് പത്തൊൻപതാം നൂറ്റാണ്ടിൽ മുട്ടിൽ മരം മുറിയിൽ കുടുങ്ങിയ മാധ്യമ പ്രവർത്തകന് വേണ്ടി വിനയൻ മാറ്റിവച്ചത്. പ്രതിരോധ വകുപ്പിന്റെ കോഴ്‌സിൽ വ്യാജ സർട്ടിഫിക്കറ്റുമായ പരാതിയടക്കം ഉയർന്നു വരാത്ത തരത്തിൽ ചില സ്വാധീന കേന്ദ്രങ്ങൾ ദീപക്കിന് അനുകൂലമായി ഇപ്പോഴും ഇടപെടൽ നടത്തുന്നുണ്ട്. അതുകൊണ്ട് തന്നെ മുട്ടിലിലെ മോശം പ്രതിച്ഛായയെ വെള്ളിത്തിരയിലെ അഭിനയ മികവിൽ മറികടക്കാനാണ് നീക്കം. അഞ്ച് സിനിമകളിൽ അഭിനയിക്കുന്നവർക്ക് അമ്മയിൽ അംഗത്വത്തിന് അവകാശമുണ്ട്. 19-ാം നൂറ്റാണ്ടിലെ അഭിനയത്തിലൂടെ താൻ ആ നേട്ടത്തിന് അടുത്തെത്തുമെന്നാണ് ദീപക് പറയുന്നത്.

മുട്ടിൽ മരം മുറി കേസിൽ എൻ.ടി സാജന് ഒത്താശചെയ്തെന്ന് റിപ്പോർട്ടിൽ പരാമർശിക്കുന്ന മാധ്യമപ്രവർത്തകൻ ദീപക് ധർമ്മടം തിരുവോണ നാളിൽ മുഖ്യമന്ത്രി പിണറായി വിജയനെ പിണറായിലെ വീട്ടിൽ സന്ദർശിച്ചത് വിവാദത്തിലായിരുന്നു. മുട്ടിൽ മരംമുറി കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന വനം കൺസർവേറ്റർ എൻ.ടി സാജനെതിരെ നടപടി നിർദ്ദേശിക്കുന്ന അന്വേഷണ റിപ്പോർട്ട് പൂഴ്‌ത്തിവെച്ചത് മുഖ്യമന്ത്രിയുടെ ഓഫീസ് ആണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിനിടെയാണ് ദീപക് ധർമ്മടം മുഖ്യമന്ത്രിയെ സന്ദർശിച്ച് ഫോട്ടോ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച് അരമണിക്കൂറോളം നീണ്ടുനിന്നതായാണ് മുഖ്യമന്ത്രിയുടെ ബന്ധുക്കളിൽ നിന്ന് അറിയാൻ കഴിഞ്ഞത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവുമായി ഏറ്റവും അടുപ്പമുള്ള മാധ്യമപ്രവർത്തകനാണ് ദീപക് ധർമ്മടം. ഇതിന് സമാനമായ ബന്ധമാണ് ഗോകുലം

പ്രതിരോധ വകുപ്പിന്റെ കോഴ്സിന് വ്യാജ രേഖ നൽകിയ കേസിൽ ഉന്നത പിന്തുണയോടെ എല്ലാം ഒതുക്കി തീർത്ത വ്യക്തിയെ ഈ മേനി പറച്ചിലുമായാണ് പല ഉന്നതരേയും വീഴ്‌ത്തുന്നത്. കുറച്ചു കാലം മുമ്പ് ഗുരുവായൂരപ്പന്റെ പേരിൽ ഒരു സ്ത്രീയെ ഒരു മാധ്യമ പ്രവർത്തകൻ പീഡിപ്പിക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കേരളത്തിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക ഒരു പോസ്റ്റിട്ടിരുന്നു. പിന്നീട് ഇത് അവർ പിൻവലിക്കുകയും ചെയ്തു. ഇത് മറുനാടൻ വാർത്തയാക്കുകയും ചെയ്തിരുന്നു. ഗുരുവായൂരപ്പനായി സ്വയം ചമഞ്ഞ് വാർത്തയ്ക്ക് വേണ്ടി വിളിച്ച ആളെ അശ്ലീല പദപ്രയോഗത്തിലൂടെ മാനസികമായി പീഡിപ്പിച്ച പരാതി ചാനൽ മേധാവിക്കും മുന്നിലെത്തിയിരുന്നു. കൃത്യമായ നടപടി എടുക്കാമെന്ന് പറഞ്ഞ് ആ സ്ത്രീയെ ആശ്വസിപ്പിച്ചു. അതിന് ശേഷം ഒരു നടപടിയും എടുത്തില്ല.

ഇയാളുടെ വ്യാജ സർട്ടിഫിക്കറ്റ് കേസ് ധർമ്മടം പൊലീസ് എഴുതി തള്ളിയിരുന്നു. കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിലെ ഉന്നതന്റെ അതിസമർത്ഥമായി നീക്കമാണ് ഇയാളെ രക്ഷിക്കാൻ ധർമ്മടം പൊലീസിന് സഹായകമായത്. കേരളത്തിലെ മുതിർന്ന ബിജെപി നേതാവിനെ തെറ്റിധരിപ്പിച്ച് തന്റെ കേസിൽ അഡ്വക്കേറ്റായി അവതരിപ്പിച്ചിരുന്നു. ഇതിനിടെ ഹൈക്കോടതി സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. ഇതോടെയാണ് ബിജെപി നേതാവിന് കളിയിലെ സത്യം പിടികിട്ടിയത്. ഇതോടെ പാസ്പോർട്ട് കേസുകളിൽ പരാതി കൊടുക്കേണ്ടത് പാസ്പോർട്ട് ചീഫ് കമ്മീഷണർക്കാണെന്ന് ഉപദേശിച്ച് ഹർജി പിൻവലിക്കുകയാണ് നല്ലതെന്ന് ഉപദേശിച്ചു. ഇത് അംഗീകരിച്ച് കേസ് പിൻവലിച്ച് പാസ്പോർട്ട് ഓഫീസിൽ പിഴ അടച്ചു. ഇതോടെ തന്നെ താൻ വ്യാജ സർട്ടിഫിക്കറ്റിന് ഉടമയാണെന്ന് മാധ്യമ പ്രവർത്തകൻ സമ്മതിക്കുകയായിരുന്നു. പിന്നീട് പൊലീസിലെ ഉന്നതരെ കൂട്ടു പിടിച്ച് ക്രിമിനൽ കേസ് അട്ടിമറിച്ചു. ഇതിന്റെ തെളിവുകളും മറുനാടന് നേരത്തെ പുറത്തു വിട്ടിരുന്നു.

കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന്റെ അന്വേഷണ പരിധിയിലാണ് ഇപ്പോഴും വ്യാജ സർട്ടിഫിക്കറ്റ് കേസ്. എന്നാൽ എട്ട് വർഷമായിട്ടും ഇക്കാര്യത്തിൽ യാതൊരു നടപടിയും എടുത്തിട്ടുമില്ലെന്നാണ് മറുനാടന് ലഭിക്കുന്ന സൂചന. ഇതാണ് ഈ മാധ്യമ പ്രവർത്തകന്റെ സ്വാധീനം. യുപിഎ സർക്കാരിന്റെ കാലത്ത് മലപ്പുറവും കോഴിക്കോടും കേന്ദ്രീകരിച്ച് നടന്ന മാഫിയാ പ്രവർത്തനങ്ങൾക്ക് കോഴിക്കോട് പാസ്‌പോർട്ട് ഓഫീസിൽ നിന്നും സഹായം കിട്ടിയിട്ടുണ്ടെന്നാണ് സൂചന. 2013 നവംബറിലാണ് ഇയാളുടെ പാസ്‌പോർട്ടിലെ വ്യാജ സർട്ടിഫിക്കറ്റ് സാന്നിധ്യം തിരിച്ചറിയുന്നത്. പാസ്‌പോർട്ട് ഓഫീസർക്ക് നേരിട്ട് കിട്ടിയ പരാതിയിൽ നടപടിയും എടുത്തു. അടിയന്തരമായി പാസ്‌പോർട്ട് റദ്ദാക്കി. കണ്ണൂർ പൊലീസ് സൂപ്രണ്ടിന് പാസ്പോർട്ട് ഓഫീസർ പരാതിയും നൽകി. പിന്നീട് നടന്നത് അട്ടിമറിയും.

ബാഗ്ലൂർ സർവ്വകലാശാലയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റിന്റെ പിൻബലത്തിലാണ് പാസ്‌പോർട്ടിൽ ഇയാൾ് എമിഗ്രേഷൻ നോട്ട് റിക്വയേർഡ് എന്ന മുദ്ര പതിപ്പിച്ചത്. ഇത് പരിശോധിച്ച കണ്ണൂർ എസ്്പിക്ക് ഗൗരവം പിടികിട്ടി. പക്ഷേ ഈ എസ് പി സ്ഥലം മാറി പോയതോടെ കേസ് തന്നെ അട്ടിമറിക്കുകയായിരുന്നു. ഇതിന് എല്ലാ രാഷ്ട്രീയക്കാരുടേയും പിന്തുണ ഇയാൾക്ക് ലഭിച്ചിട്ടുണ്ട്. ഹൈക്കോടതിയിലെ കേസിൽ കോഴിക്കോട്ടെ പാസ്പോർട്ട് ഓഫീസർ നൽകിയ സത്യവാങ്മൂലം തന്നെ ഇയാളുടെ ഭീകര ബന്ധത്തിന് തെളിവാണ്. ഇതെല്ലാം പെട്ടെന്ന് എല്ലാവരും മറന്നു. 1956ലെ ഇന്ത്യൻ പാസ്‌പോർട്ട് ആക്ട് പ്രകാരം വ്യാജ സർട്ടിഫിക്കറ്റുകൾ ഹാജരാക്കി പാസ്‌പോർട്ട് സംഘടിപ്പിച്ചാൽ 5000 രൂപയാണ് പരമാവധി പിഴ. നിയമമുണ്ടായതിന് ശേഷം ഇത്തരം വ്യവസ്ഥകളിൽ മാറ്റം വരാത്തതിനാൽ വ്യജ ഡിഗ്രി സർട്ടിഫിക്കറ്റുമായി ആര് പാസ്‌പോർട്ട് എടുത്താലും 5000 രൂപ പിഴയടച്ചാൽ വീണ്ടും പാസ്‌പോർട്ട് പുതുക്കി നൽകുകയും വേണം.

ഈ പഴുതാണ് കോഴിക്കോട്ടെ മാധ്യമ പ്രവർത്തകൻ ഉപയോഗിച്ചത്. ഇതിന് എല്ലാവരും കുട പിടിച്ചു. അതിന് ശേഷം അസിസ്റ്റൻ പബ്ലിക് പ്രോസിക്യൂട്ടറുടെ തെറ്റായ നിയമോപദേശത്തിലൂടെ കേസ് അട്ടിമറിച്ചു. ഹൈക്കോടതി വിധിയെ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു അത്. സിപിഎമ്മിലും ബിജെപിയിലും കോൺഗ്രസിലും ഉള്ള നേതാക്കളും ചാനൽ റിപ്പോർട്ടറുടെ തട്ടിപ്പുകൾ അറിഞ്ഞുട്ടും കണ്ടില്ലെന്ന് നടിച്ചു. കേസ് നടക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായി അടുപ്പമുണ്ടെന്ന് പറഞ്ഞു പരത്തി പ്രാദേശിക സിപിഎം നേതാക്കളിലെ ചിലരെ സ്വാധീനിച്ചാണ് ധർമ്മടത്തെ പൊലീസ് സ്റ്റേഷനിലെ ഓപ്പറേഷൻ വിജയകരമാക്കിയതെന്നാണ് പുറത്തു വരുന്ന സൂചനകൾ. അന്ന് കോൺഗ്രസായിരുന്നു അധികാരത്തിൽ. എന്നാൽ ധർമ്മടത്ത് അപ്പോഴും സിപിഎമ്മിനായിരുന്നു സ്വാധീനം. ഇതാണ് ദീപക്കിന് തുണയായത്.

ഇക്കാര്യങ്ങൾ എൻഐഎ അന്വേഷിച്ചാൽ മാധ്യമ ലോകത്തെ കള്ള നാണയങ്ങളും പുറത്താകും. പ്രതിരോധ വകുപ്പിന്റെ കോഴ്സിന് വ്യാജ രേഖ നൽകി പോയ ഗൗരവമേറിയ കുറ്റം സംഭവിച്ചത് യുപിഎ സർക്കാരിന്റെ കാലത്താണ്. അത് വീണ്ടും പൊടി തട്ടിയെടുത്താൽ കേരളത്തിലെ തീവ്രവാദ ബന്ധങ്ങളുടെ ചുരുളുകളും അഴിയും. സേനാ കേന്ദ്രങ്ങളിലെ രഹസ്യങ്ങൾ ചോർത്താൻ പാക്കിസ്ഥാൻ പല രീതികളും സ്വീകരിക്കാറുണ്ട്. എന്നിട്ടും ഈ മാധ്യമ പ്രവർത്തകന്റെ കോഴ്സിലെ പങ്കാളിത്തം അന്വേഷിച്ചില്ല. കൃത്യമായ അന്വേഷണം നടത്തിയാൽ സർട്ടിഫിക്കറ്റ് പരിശോധിക്കാതെ ഇയാളെ കോഴ്സിന് അയച്ച ഉദ്യോഗസ്ഥരും കുടുങ്ങും. അതുകൊണ്ടാണ് പ്രതിരോധ വകുപ്പിന് കീഴിലെ മാധ്യമ വിഭാഗം കേസ് അന്വേഷണത്തിൽ താൽപ്പര്യം കാട്ടത്തത്.