ടോക്യോ: ടോക്യോ: ഒളിമ്പിക്‌സ് ഗുസ്തിയിൽ രവികുമാർ ദഹിയയുടെ തകർപ്പൻ ജയത്തോടെയുള്ള ഫൈനൽ പ്രവേശനത്തിന് പിന്നാലെ ഇന്ത്യക്ക് തിരിച്ചടി. 86 കിലോ ഗ്രാം വിഭാഗത്തിൽ ദീപക് പൂനിയ പുറത്തായി. യുഎസിന്റെ ഡേവിഡ് ടെയ്ലറാണ് ദീപികിനെ തോൽപ്പിച്ചത്. 10-0 സ്‌കോറിനായിരുന്നു ദീപകിന്റെ തോൽവി. ഇനി വെങ്കലത്തിനുള്ള മത്സരം ബാക്കിയുണ്ട്. 

ലോക റാങ്കിങ്ങിൽ രണ്ടാമതുള്ള ദീപകിനെതിരേ അമേരിക്കൻ താരം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇനി വെങ്കലത്തിനായി റഷ്യൻ താരം ആർതർ നൈഫോനോവിനോട് മത്സരിക്കും. ആദ്യ സെമിയിൽ ആർതർ ഇറാൻ താരം ഹസ്സൻ യസ്ദാനിച്ചരാതിയോട് തോറ്റിരുന്നു.

പുരുഷന്മാരുടെ 86 കിലോ ഫ്രീസ്‌റ്റൈൽ വിഭാഗത്തിൽ ചൈനയുടെ സുഷെൻ ലിന്നിനെ 6-3ന് മറികടന്നായിരുന്നു ദീപക് പുനിയയുടെ സെമി പ്രവേശം.

അതേസമയം റൗണ്ട് ഓഫ് 16 മത്സരത്തിൽ നൈജീരിയൻ താരമായ എകേറെകീമേ അഗിയോമോറിനെ 12-1ന് തകർത്തെറിഞ്ഞ പ്രകടനവുമായി ക്വാർട്ടറിൽ എത്തിയ ദീപക് പുനിയ ചൈനീസ് താരത്തിനെതിരെ അവസാന നിമിഷം പുറത്തെടുത്ത മികവിലൂടെയാണ് ജയം നേടിയെടുത്തത്. ആദ്യ റൗണ്ടിൽ ദീപക് 1-0ന് മുന്നിലായിരുന്നു. 3-1ന് മുന്നിലായിരുന്ന ദീപക് പിന്നീട് 5-1ന്റെ ലീഡ് നേടിയെങ്കിലും ഈ തീരുമാനത്തെ ചലഞ്ച് ചെയ്ത ചൈന താരത്തിന്റെ ലീഡ് കുറച്ച് കൊണ്ടുവന്നു.

പിന്നാലെ തന്നെ ചൈനീസ് താരം 3-3ന് ദീപക്കിന് ഒപ്പമെത്തി. ഇരുവരും ജയത്തിനായി പോരാടിക്കൊണ്ടിരിക്കെ അവസാന അഞ്ച് സെക്കന്റിൽ നടത്തിയ മികച്ച ഒരു നീക്കമാണ് ജയം നേടിക്കൊടുത്തത്. ഇതിൽ നിന്നും മൂന്ന് പോയിന്റ് നേടിയ താരം മത്സരം 6-3 എന്ന നിലയിൽ ജയിക്കുകയായിരുന്നു.

അതേസമയം അൻഷു മാലിക് ആദ്യ റൗണ്ടിൽ തന്നെ തോറ്റ് പുറത്താവുകയായിരുന്നു. ബലാറസിന്റെ ഐറിന കുറഷിനയാണ് മാലിക്കിനെ തോൽപ്പിച്ചത്. 8-2നായിരുന്നു ബലാറൂഷ്യൻ താരത്തിന്റെ ജയം.

നേരത്തെ, പുരുഷന്മാരുടെ 57 കിലോ വിഭാഗംഫ്രീസ്റ്റൈൽ ഗുസ്തിയിൽ രവി കുമാർ ദഹിയ ഫൈനലിലെത്തി. സെമിയിൽ കസാഖ് താരം സനായേവിനെ അവസാന നിമിഷങ്ങളിലെവമ്പൻ തിരിച്ചുവരവിനൊടുവിൽ തോൽപിച്ചു. ടോക്യോ ഒളിംപിക്‌സിൽ നാലാം മെഡലാണ് ഇതോടെ ഇന്ത്യ ഉറപ്പിച്ചത്.

ഒളിംപിക്‌സ് ഗുസ്തി ഫൈനലിലെത്തുന്ന അഞ്ചാം ഇന്ത്യൻ താരമാണ് രവി കുമാർ ദഹിയ. സുശീൽ കുമാറിന് ശേഷം ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ ഗുസ്തി താരം കൂടിയാണ്. രവി കുമാറിന്റെ ഫൈനൽ നാളെ ഉച്ചയ്ക്ക് ശേഷം നടക്കും.