കൊച്ചി: കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്ത് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷിനെതിരെ കെപിസിസി ജനറൽ സെക്രട്ടറി ദീപ്തി മേരി വർഗീസ്. സീറ്റ്‌ കിട്ടാത്തതിന്റെ പേരിൽ പരസ്യ പ്രതിഷേധം നടത്തിയത് ശരിയായില്ലെന്ന് ദീപ്തി മേരി വർഗീസ് പറഞ്ഞു. പരാതി ഉണ്ടെങ്കിൽ നേതൃത്വത്തിനു മുന്നിലായിരുന്നു പ്രതിഷേധിക്കേണ്ടിയിരുന്നതെന്നും തെരഞ്ഞെടുപ്പ് സമയത്തെ ഈ പ്രതിഷേധം പാർട്ടിക്ക് നാണക്കേടുണ്ടാക്കുന്നതെന്നും ദീപ്തി പറഞ്ഞു.

അതേസമയം, ലതിക സുഭാഷിന് സീറ്റ്‌ ലഭിക്കാൻ അർഹതയുണ്ടായിരുന്നെന്നും ഏറ്റുമാനൂർ വേണമെന്ന് വാശി പിടിച്ചതുകൊണ്ടാണ് സീറ്റ്‌ കിട്ടാതെ പോയതെന്നും ദീപ്തി ചൂണ്ടിക്കാട്ടി. ലതികക്കും ബിന്ദുവിനും സീറ്റ്‌ നൽകണം എന്ന് ആവശ്യപ്പെട്ട് എഐസിസിക്ക് മെയിൽ അയച്ചിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.

ഏറ്റുമാനൂർ സീറ്റ് കിട്ടാത്തതിൽ പ്രതിഷേധിച്ചാണ് ലതികാ സുഭാഷിന്റെ തലമുണ്ഡനം ചെയ്യൽ. കോൺഗ്രസിനെ ആകെ വെട്ടിലാക്കുന്ന പ്രതിഷേധമാണ് ലതികാ സുഭാഷ് നടത്തിയത്.

ഏറ്റുമാനൂർ സീറ്റ് കിട്ടാത്തതിൽ നിരാശയുണ്ടായിരുന്നു. വൈപ്പിനിലും പരിഗണിച്ചു. എന്നാൽ അതും കൊടുത്തില്ല. ഈ സാഹചര്യത്തിലാണ് പ്രതിഷേധം. ഏറ്റുമാനൂരിൽ സ്വതന്ത്രയായി മത്സരിക്കാൻ സമ്മർദ്ദം ഉണ്ട്. എന്നാൽ അതിലൊന്നും താൽപ്പര്യമില്ലെന്നും ലതികാ സുഭാഷ് പറയുന്നു. അടുത്ത പ്രവർത്തകർക്കൊപ്പമാണ് ലതികാ സുഭാഷ് എത്തിയത്. 20% വനിതകൾക്ക് മാറ്റിവെക്കണം എന്ന് ആവശ്യപ്പെട്ടിരുന്നു. പാർട്ടിക്കുവേണ്ടി അലയുന്ന സ്ത്രീകളെ കോൺഗ്രസ് പരിഗണിച്ചതേ ഇല്ല. ഒരു ജില്ലയിൽ ഒരു വനിതയെ എങ്കിലും പ്രതീക്ഷിച്ചു. എന്നാൽ അതുണ്ടായില്ല. ഷാനിമോൾ ഉസ്മാൻ അടക്കമുള്ളവർക്ക് സീറ്റ് കിട്ടിയതിൽ സന്തോഷിക്കുന്നു-ലതികാ സുഭാഷ് പറയുന്നു.

ഏറ്റുമാനൂർ സീറ്റ് താൻ പ്രതീക്ഷിച്ചിരുന്നു. 16 വയസ്സു മുതൽ ഈ പ്രസ്ഥാനത്തോടൊപ്പം നിൽക്കുന്ന ആളാണ് താൻ. ഇപ്പോൾ എംഎൽഎമാരായി ഇരിക്കുന്ന അനിയന്മാരേക്കാളും സീനിയോരിറ്റി തനിക്കുണ്ട് . എല്ലാ തെരഞ്ഞെടുപ്പിലും താൻ തഴയപ്പെടുകയാണ്. ലതികാ സുഭാഷ് പാർട്ടി വിരുദ്ധമായി ഒന്നും ചെയ്യില്ലെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. സ്ഥാനാർത്ഥിപ്പട്ടിക പ്രസിദ്ധീകരിക്കുമ്പോഴാണ് മുല്ലപ്പള്ളി ഈ പ്രതികരണം നടത്തിയത്. എന്നാൽ കടുത്ത പ്രതിഷേധമാണ് ലതികാ സുഭാഷ് കെപിസിസി ആസ്ഥാനത്ത് നടത്തിയത്. വാളയാർ അമ്മയുടെ പ്രതിഷേധത്തിന്റെ മാതൃകയിലാണ് ലതികാ സുഭാഷിന്റെ മുടി വെട്ടൽ.

ഇന്ദിരാ ഗാന്ധിയെ ആരാധിക്കുന്ന കോൺഗ്രസ് പ്രവർത്തകയാണ്. അതുകൊണ്ടാണ് താൻ ഇന്ദിരാ ഗാന്ധിയുടെ മോഡലിൽ മുടി വളർത്തിയത്. ഈ മുടി ഞാൻ വെട്ടുന്നു-ഇതാണ് ലതികാ സുഭാഷ് പറയുന്നത്. തല മുണ്ഡനം ചെയ്തതിന് ശേഷം പ്രവർത്തകരുടെ വേദനയും നേതാവിന് കണേണ്ടി വന്നു. മുടി വെട്ടിയ ശേഷം അവർ വിതുമ്പുന്നുമുണ്ടായിരുന്നു. ഒരു സീറ്റും മത്സരിക്കാൻ കിട്ടാത്ത അവഗണനയെ അങ്ങനെ ലതികാ സുഭാഷ് ദേശീയ തലത്തിൽ ചർച്ചയാക്കുകയാണ്. രാജ്യത്തൊരിടത്തും ഇത്തരത്തിലൊരു പ്രതിഷേധം ഒരു വനിതാ നേതാവും നടത്തിയിട്ടില്ല.

വനിതകൾക്കെതിരെ പാർട്ടി കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് താൻ പ്രതികരിക്കുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാകാതിരിക്കാനാണ് താൻ ഇത് ചെയ്യുന്നതെന്നും അവർ പറഞ്ഞു. തന്നെക്കാൾ പ്രായം കുറഞ്ഞവർ പോലും നിയസഭയിൽ എത്തുന്നുണ്ടെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കുന്നതല്ല സ്ഥാനാർത്ഥിയാകാനുള്ള യോഗ്യതയായി കാണുന്നതെന്നും ലതികാ രൂക്ഷമായി വിമർശിച്ചു. ഏറ്റുമാനൂരിൽ സ്വതന്ത്രരായി മത്സരിക്കാനുള്ള സാധ്യത തള്ളാതെയാണ് ലതികാ സുഭാഷ് പാർട്ടി ആസ്ഥാനം വിട്ടത്.