മുംബൈ: ഐപിഎല്ലിൽ ഡൽഹി കാപിറ്റൽസിനെതിരായ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് മികച്ച സ്‌കോർ. മുംബൈ ബ്രാബോൺ സ്റ്റേഡിയത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ മുംബൈ നിശ്ചിത ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 177 റൺസെടുത്തത്. 48 പന്തിൽ പുറത്താവാതെ 81 റൺസ് നേടിയ ഇഷാൻ കിഷനാണ് മുംബൈയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (41) മികച്ച പ്രകടനം പുറത്തെടുത്തു.

ടീമിൽ തിരിച്ചെത്തിക്കാൻ 15.25 കോടി രൂപ നൽകിയ മുംബൈ ഇന്ത്യൻസിന്റെ തീരുമാനം തെറ്റിയില്ലെന്ന് തെളിയിക്കുന്നതായി ഇഷാന്റെ പ്രകടനം. മധ്യനിര തകർന്നിട്ടും ഓപ്പണർ വേഷത്തിൽ ഒരിക്കൽക്കൂടി മിന്നിത്തിളങ്ങിയ ഇഷാൻ കിഷന്റെ മികവിലാണ് മികച്ച സ്‌കോറിലേക്ക് ടീം കുതിച്ചത്.

തകർപ്പൻ തുടക്കമാണ് മുംബൈക്ക് ലഭിച്ചത്. രോഹിത്- കിഷൻ സഖ്യം ആദ്യ വിക്കറ്റിൽ 67 റൺസ് കൂട്ടിച്ചേർത്തു. നാല് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു രോഹിത്തിന്റെ ഇന്നിങ്സ്. എന്നാൽ കുൽദീപിനെതിരെ കൂറ്റനടിക്ക് ശ്രമിച്ചപ്പോൾ രോഹിത്തിന് പിഴിച്ചു. റോവ്മാൻ പലവലിന് ക്യാച്ച്. വ്യക്തിഗത സ്‌കോർ 25ൽ നിൽക്കെ രോഹിത്തിനെ ഠാക്കൂർ വിട്ടുകളഞ്ഞിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ അന്മോൽപ്രീത് സിങ് (8) നിരാശപ്പെടുത്തി. ഇത്തവണയും കുൽദീപാണ് വിക്കറ്റെടുത്തത്. ലോംഗ് ഓഫിൽ ലളിത് യാദവിന് ക്യാച്ച്.

ഡൽഹി നിരയിൽ ഐപിഎൽ വേദിയിലേക്കുള്ള കുൽദീപ് യാദവിന്റെ ശക്തമായ തിരിച്ചുവരവും ശ്രദ്ധേയമായി. മുംബൈ ബാറ്റർമാർ തകർത്തടിച്ച മത്സരത്തിൽ കുൽദീപ് യാദവ് നാല് ഓവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ക്യാപ്റ്റൻ രോഹിത് ശർമ, കയ്‌റൻ പൊള്ളാർഡ് എന്നിവർക്കൊപ്പം യുവതാരം അന്മോൽപ്രീത് സിങ്ങും കുൽദീപിനു മുന്നിൽ കീഴടങ്ങി.

സൂര്യകുമാർ യാദവിന്റെ അഭാവത്തിൽ വൺഡൗണായി എത്തിയ അന്മോൽപ്രീത് സിങ് ഒൻപതു പന്തിൽ എട്ടു റൺസെടുത്ത് പുറത്തായി. 15 പന്തിൽ മൂന്നു ഫോറുകൾ സഹിതം 22 റൺസെടുത്ത യുവതാരം തിലക് വർമയുടെ പ്രകടനം ശ്രദ്ധേയമായി. കുറച്ചുനേരം മാത്രമേ ക്രീസിൽ നിന്നുള്ളുവെങ്കിലും ആരാധകർക്ക് ആവേശം സമ്മാനിക്കുന്ന നിമിഷങ്ങൾ സമ്മാനിച്ചാണ് തിലക് വർമ തിരികെ കയറിയത്. ശ്രദ്ധയോടെ തുടക്കമിട്ട കയ്‌റൻ പൊള്ളാർഡ് ടിം സീഫർട്ടിന്റെ ഉജ്വല ക്യാച്ചിൽ പുറത്തായി. ആറു പന്തിൽ മൂന്നു റൺസായിരുന്നു സംഭവം.

കോടികളുടെ കിലുക്കവുമായി ഇത്തവണ ഐപിഎലിനെത്തിയ സിംഗപ്പുർ താരം ടിം ഡേവിഡ് ഒരു സിക്‌സർ നേടിയെങ്കിലും എട്ടു പന്തിൽ 12 റൺസെടുത്ത് പുറത്തായി. ഖലീൽ അഹമ്മദിന്റെ പന്തിൽ മൻദീപ് സിങ് ക്യാച്ചെടുത്തു. ഡാനിയൽ സാംസ് രണ്ടു പന്തിൽ ഒരു ഫോർ സഹിതം ഏഴു റൺസുമായി പുറത്താകാതെ നിന്നു. ഡൽഹിക്കായി കുൽദീപ് യാദവിനു പുറമേ നാല് ഓവറിൽ 27 റൺസ് മാത്രം വഴങ്ങി രണ്ടു വിക്കറ്റെടുത്ത ഖലീൽ അഹമ്മദും തിളങ്ങി.