ന്യൂഡൽഹി: തിരുവിതാംകൂർ മലയാളി കൗൺസിൽ ഗൾഫ് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി ദിനാഘോഷത്തോടനുബന്ധിച്ച് ഒക്‌ടോബർ 14, 15, 16, 17 തീയതികളിൽ നടത്തുന്ന ഡൽഹി ദർശൻ ആൻഡ് ചരിത്രപഠന കോൺഫറൻസ് - പ്രോജക്ട് രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ പ്രഫ. പി.ജെ. കുര്യൻ ഉദ്ഘാടനം ചെയ്തു.

തിരുവിതാംകൂർ രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായിയുടെ നേതൃത്വത്തിൽ ആധുനിക ഭാരതത്തിന്റെ പുനർനിർമ്മിതിയിൽ ഗാന്ധിയൻ ദർശനത്തിന്റെ പ്രസക്തി എന്ന വിഷയത്തെ ആസ്പദമാക്കി ഡൽഹിയിൽ നടത്തുന്ന ചതുർദിന ഇന്റർനാഷണൽ ചരിത്ര കോൺഫറസിൽ വിവിധ യൂണിവേഴ്‌സിറ്റികളിലെ ചരിത്ര പണ്ഡിതന്മാർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. ഡോ. കരൺസിങ് എംപി മുഖ്യപ്രഭാഷണം നടത്തും.

പരിപാടിയിൽ ഇന്ത്യയിലെ വിവിധ രാജവംശങ്ങളിൽനിന്നുള്ള പ്രതിനിധികളും ഗാന്ധിയൻ ആശയത്തിന്റെ പ്രചാരകരായി പ്രവർത്തിക്കുന്ന സംഘടനകളിൽനിന്നും സ്‌കൂൾ, കോളജ് വിദ്യാർത്ഥികളിൽനിന്നും മുന്നൂറു പ്രതിനിധികൾ പങ്കെടുക്കും.

പരിപാടിയുടെ ഭാഗമായി ചരിത്രസ്മാരകങ്ങളും താജ്മഹലും സന്ദർശിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവർത്തനങ്ങൾ പൂർത്തീകരിച്ചുവെന്ന് ഭാരവാഹികളായ ഏബ്രഹാം പി. സണ്ണി, ഡയസ് ഇടിക്കുള, ഫാ. തോമസ് കോശി പനച്ചിമൂട്ടിൽ എന്നിവർ അറിയിച്ചു.

വിവരങ്ങൾക്ക്: www.tmcgulf.com