ന്യൂഡൽഹി: കോവിഡിനെ നേരിടാൻ പതജ്ഞലി പുറത്തിറക്കിയ കൊറോണിൽ കിറ്റിനെതിരെ ഡൽഹി മെഡിക്കൽ അസോസിയേഷൻ (ഡി.എം.എ) നൽകിയ ഹർജിയിൽ ബാബ രാംദേവിന് ഡൽഹി ഹൈക്കോടതിയുടെ നോട്ടീസ്. കൊറോണിൽ ഗുളിക കോവിഡ് ചികിത്സയ്ക്ക് എന്ന രീതിയിൽ വ്യാജ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയണമെന്നായിരുന്നു ഡി.എം.എയുടെ ആവശ്യം.

ഹർജി അടുത്ത മാസം 13ന് വീണ്ടും പരിഗണിക്കും. അതുവരെ പ്രകോപനപരമായ പരാമർശങ്ങൾ നടത്തരുതെന്ന് രാംദേവിന്റെ അഭിഭാഷകർക്ക് കോടതി വാക്കാൽ നിർദ്ദേശം നൽകി. അതേസമയം, അലോപ്പതി മരുന്നിനും ചികിത്സയ്ക്കുമെതിരെ രാംദേവ് നടത്തിയ പരാമർശങ്ങൾ അഭിപ്രായ സ്വാതന്ത്ര്യമായി കണ്ടാൽ മതിയെന്ന് ജസ്റ്റീസ് സി.ഹരിശങ്കർ പറഞ്ഞു. ഹോമിയോപ്പതി വ്യാജമാണെന്ന് എനിക്ക് തോന്നിയാൽ ഹോമിയോപ്പതി ഡോക്ടർമാർ എനിക്കെതിരെ കേസ് നൽകുമോ? രാംദേവിന്റെ പിന്നാലെ നടക്കാതെ കോവിഡ് ചികിത്സയ്ക്ക് മരുന്നു കണ്ടുപിടിക്കാൻ നിങ്ങളുടെ വിലപ്പെട്ട സമയം ഉപയോഗിക്കൂവെന്നും കോടതി പറഞ്ഞു.

രാംദേവിന്റെ വ്യാജ പ്രചാരണങ്ങളിൽ ജനം വിശ്വസിക്കുന്നുവെന്നും വാക്സിനേഷൻ അടക്കമുള്ളവയോട് അവർ മുഖംതിരിക്കുന്നുവെന്നും ഡി.എം.എയ്ക്ക് വേണ്ടി ഹാജരായ അഡ്വ. രാജീവ് ദത്ത പറഞ്ഞു.

അലോപ്പതി ഡോക്ടർമാർക്കും മരുന്നിനുമെതിരെ രാംദേവ് നടത്തിയ പരാമർശത്തിൽ ഐ.എം.എ കഴിഞ്ഞ ദിവസം 1000 കോടി രൂപ മാനനഷ്ടം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.