ന്യൂഡൽഹി: അലോപ്പതി ചികിത്സാ രീതികൾക്കെതിരെ ബാബാ രാംദേവ് നടത്തിയ വിവാദ പ്രസ്താവനകൾ ചൂണ്ടിക്കാട്ടി ഡോക്ടർമാരുടെ വിവിധ സംഘടനകൾ നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി തിങ്കളാഴ്ച വാദം കേൾക്കും.

അലോപ്പതി ചികിത്സ സംബന്ധിച്ചും കോവിഡ് വാക്സിനുകളുടെ കാര്യക്ഷമതയെക്കുറിച്ചും സാധാരണക്കാരുടെ മനസ്സിൽ സംശയത്തിന്റെ വിത്തുകൾ പാകാൻ രാംദേവിന്റെ പ്രസ്താവനകൾ ഇടയാക്കിയെന്നാണ് സംഘടനകൾ ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.

രാംദേവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകൾ ഹാജരാക്കാൻ സംഘടനാ കൗൺസിലിനോട് കോടതി ആവശ്യപ്പെട്ടു. ഋഷികേശിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലെ ഡോക്ടേഴ്സ് റെസിഡന്റ് അസോസിയേഷനടക്കം ആറ് സംഘടനകളാണ് ഹർജി നൽകിയത്.

കോവിഡ് ബാധിച്ച നിരവധി ആളുകളുടെ മരണത്തിനിടയാക്കിയത് അലോപ്പതി മരുന്നുകളാണെന്നും ആ മേഖലയിൽ ജോലി ചെയ്യുന്ന ഡോക്ടർമാരുമാണെന്നുള്ള പ്രചാരണം നടത്തിയെന്നാണ് രാംദേവിനെതിരെയുള്ള ആരോപണം.

സ്വാധീനമുള്ള വ്യക്തിയായതു കൊണ്ടു തന്നെ രാംദേവിന്റെ വാക്കുകൾ നിരവധിയാളുകൾ അലോപ്പതി ചികിത്സയോട് മുഖം തിരിക്കാൻ കാരണമാകുമെന്നും ഡോക്ടർമാർ ഹർജിയിൽ ഉന്നയിച്ചു.

അതേസമയം പതഞ്ജലി പുറത്തിറക്കുന്ന കൊറോണലിന്റെ വിൽപ്പനക്കായുള്ള കച്ചവട തന്ത്രമാണ് രാംദേവ് നടത്തിയ ദുർവ്യാഖാനമെന്നും ഹർജിയിൽ ആരോപിക്കുന്നുണ്ട്.'കേസുമായി ബന്ധപ്പെട്ട് കോടതി ജൂൺ മൂന്നിന് രാംദേവിന് സമൻസയച്ചിരുന്നു.