ന്യൂഡൽഹി: തെരുവ് നായകൾക്ക് ഭക്ഷണം ലഭിക്കുന്നതിനും അത് നൽകുന്നതിന് പൗരന്മാർക്കും അവകാശമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മൃഗങ്ങളെ സംരക്ഷിക്കേണ്ടത് പൗരന്മാരുടെയും ധാർമികമായ കടമയാണെന്നും കോടതി ഓർമ്മപ്പെടുത്തി. എല്ലാ റസിഡന്റ് അസ്സോസിയേഷനുകൾക്കുള്ളിലും മൃഗ ക്ഷേമ സമിതികൾ രൂപവത്കരിക്കാൻ കോടതി നിർദേശിച്ചു.

ജസ്റ്റിസ് ജെ. ആർ. മിഥയുടെ സിംഗിൾ ബെഞ്ചാണ് തെരുവ് നായകൾക്ക് ഭക്ഷണം നൽകുന്നതിനുള്ള മാർഗ്ഗരേഖ പുറത്തിറക്കിയത്. എല്ലായിടത്തും ഭക്ഷണം നൽകാൻ പാടില്ല. ഇതിനായി പ്രത്യേക സ്ഥലം കണ്ടെത്തണം. റസിഡന്റ് വെൽഫെയർ അസോസിയേഷനുകളുമായി ചേർന്ന് ഭക്ഷണം നൽകുന്നതിനുള്ള പ്രത്യേക സ്ഥലങ്ങൾ കണ്ടെത്താൻ ദേശീയ മൃഗക്ഷേമ ബോർഡിനോട് ഡൽഹി ഹൈക്കോടതി നിർദേശിച്ചു.

വന്ധ്യംകരിക്കുകയും വാക്സിനേറ്റ് ചെയ്യുകയും ചെയ്ത തെരുവ് നായകളെ മുൻസിപ്പാലിറ്റി അധികൃതർക്ക് പിടിച്ചുകൊണ്ട് പോകാൻ അവകാശമില്ല. കാരുണ്യം, ബഹുമാനം, അന്തസ്സ് എന്നിവ തെരുവ് നായകൾക്ക് നൽകേണ്ടതാണെന്നും ഹൈക്കോടതി വ്യക്തമാക്കി.

റസിഡന്റ് വെൽഫെയർ അസോസിയേഷനുകൾ ഇല്ലാത്ത സ്ഥലത്ത് മുൻസിപ്പൽ കോർപറേഷനുമായി സഹകരിച്ച് ഇത്തരം സ്ഥലങ്ങൾ കണ്ടെത്തണം. തെരുവ് നായകൾ ചെറിയ ഭൂപ്രദേശത്തിനുള്ളിലാണ് ജീവിക്കാറ്. അതിനാൽ അവർക്ക് ഭക്ഷണം നൽകുന്ന സ്ഥലവും ഈ പ്രദേശത്തിനുള്ളിലായിരിക്കണം.

പ്രത്യേക സ്ഥലങ്ങളിൽ ഭക്ഷണം നൽകുന്നവരെ ആരും തടയുന്നില്ലെന്ന് ഉറപ്പുരുത്തണമെന്ന് ഹൈക്കോടതി നിയമപാലകർക്ക് നിർദ്ദേശം നൽകി. ആവശ്യത്തിന് വെള്ളവും ഭക്ഷണവും തെരുവ് നായകൾക്ക് കിട്ടുന്നു എന്ന് ഉറപ്പുരുത്തണമെന്നും മുൻസിപ്പൽ കോർപറേഷനുകളോട് ഹൈക്കോടതി നിർദേശിച്ചു.

തെരുവുനായകൾക്ക് ഭക്ഷണവും വെള്ളവും നൽകുന്നവർക്കെതിരെ പരാതിയുണ്ടെങ്കിൽ അക്കാര്യം ആനിമൽ വെൽഫെയർ കമ്മിറ്റികളുടെ ശ്രദ്ധയിൽ പെടുത്താം. ഏതെങ്കിലും ഒരു തെരുവ് നായക്ക് അസുഖമാണെങ്കിൽ ചികിത്സ ഉറപ്പാക്കേണ്ടത് റസിഡന്റ് വെൽഫയർ അസോസിയേഷനുകളാണെന്നും ഹൈക്കോടതി വ്യക്തമാക്കി.