ന്യൂഡൽഹി: രാജ്യത്ത് 5-ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗള നൽകിയ ഹർജി തള്ളിയ ഡൽഹി ഹൈക്കോടതി 20 ലക്ഷം രൂപ പിഴ വിധിച്ചു.

ജൂഹിയുടെ ഹർജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ചാണ് കോടതി പിഴയും വിധിച്ചത്. ജസ്റ്റിസ് ജി.ആർ. മെഹ്തയുടെ സിംഗിൾ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് മെഹ്ത നിരീക്ഷിച്ചു.

പ്രസ്തുത ഹർജി മാധ്യമശ്രദ്ധ നേടാൻ വേണ്ടി നൽകിയതാണെന്നും കോടതി അഭിപ്രായപ്പെട്ടു. ഓൺലൈനായി കേസ് പരിഗണിച്ചതിന്റെ ലിങ്ക് സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ ജൂഹി ചൗള പങ്കുവച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ വിമർശനം.

വിർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്. പ്രസ്തുത വ്യക്തിയെ കണ്ടെത്തണമെന്ന് ഡൽഹി പൊലീസിനോട് കോടതി ആവശ്യപ്പെട്ടിട്ടുമുണ്ട്

മൂന്ന് തവണയാണ് ഒരാൾ പാട്ടുകൾപാടി വെർച്വൽ ഹിയറിങ് തടസപ്പെടുത്തിയത്. ആദ്യം രംഗത്തെത്തിയ അയാൾ 1993 ൽ പുറത്തിറങ്ങിയ 'ഹം ഹേ രഹി പ്യാർ കേ' സിനിമയിലെ 'ഖൂൻഗത് കി ആദ് സേ' എന്ന പാട്ടാണ് പാടിയത്. പിന്നീട് അപ്രത്യക്ഷനായ ഇയാൾ രണ്ട് തവണ വീണ്ടും രംഗത്തെത്തി ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി. ഇതോടെ വെർച്വൽ ഹിയറിങ് നിർത്തിവച്ചു. അയാളെ നീക്കംചെയ്തശേഷമാണ് നടപടികൾ പുനരാരംഭിച്ചത്.

5 ജി വയർലെസ് നെറ്റ്‌വർക്ക് ആളുകളിൽ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുമെന്ന് ആരോപിച്ചാണ് ജൂഹി ചൗള ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹികപ്രവർത്തകരായ വീരേഷ് മാലിക്, ടീന വചാനി എന്നിവരും ഹർജിയിൽ പങ്കാളികളായിരുന്നു. 5ജി സേവനം അവതരിപ്പിക്കുന്നതിന് മുമ്പ് അത് മനുഷ്യർക്കും മറ്റ് ജീവജാലങ്ങൾക്കും എത്രത്തോളം ഹാനികരമാണെന്ന പഠനം നടത്തണമെന്നായിരുന്നു ആവശ്യം.

മൊബൈൽ സെൽ ടവറുകളിലൂടെയുണ്ടാവുന്ന റേഡിയേഷനെക്കുറിച്ച് സ്വകാര്യമേഖലയുടെ പങ്കാളിത്തമില്ലാതെ പഠനം നടത്താൻ കോടതി നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ അനാവശ്യവും ബാലിശവുമായ വാദഗതികളാണ് പരാതിക്കാരി ഹർജിയിൽ ഉന്നയിച്ചതെന്നും അവർക്ക് വിഷയത്തിൽ യാതൊരു ധാരണയുമില്ലെന്നും കോടതി പരാമർശിച്ചു.

തന്റെ കേസിന്റെ വെർച്വൽ ഹിയറിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജൂഹി ചൗള സാമൂഹ്യ മാധ്യമത്തിൽ പങ്കുവച്ചിരുന്നു. 5 ജി വിഷയത്തിൽ നിങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ആശങ്കയുണ്ടെങ്കിൽ ഡൽഹി ഹൈക്കോടതിയിൽ നടക്കുന്ന വെർച്വൽ ഹിയറിങ്ങിന്റെ ഭാഗമാകാൻ അവർ ആരാധകരോട് അഭ്യർത്ഥിച്ചിരുന്നു. ജൂൺ രണ്ടിന് രാവിലെ 10.45 നാണ് ഹിയറിങ്ങെന്ന് വ്യക്തമാക്കിയ അവർ അതിന്റെ ലിങ്കും സാമൂഹിക മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു.