ന്യൂഡൽഹി: പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകരപ്രവർത്തനവും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. പൗരത്വനിയമത്തിനെതിരെ ഡൽഹിയിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട് ഒരു വർഷം മുമ്പ് അറസ്റ്റിലായ മൂന്നു പേർക്ക് ജാമ്യം അനുവദിച്ചുകൊണ്ടാണ് ഹൈക്കോടതി ഇക്കാര്യം വിശദമാക്കിയത്.

ഭിന്നതകളെ അടിച്ചമർത്താനുള്ള ആകുലതയിൽ ഭരണകൂടത്തിന്റെ മനസിൽ പ്രതിഷേധിക്കാനുള്ള ഭരണഘടനാപരമായ അവകാശവും ഭീകരപ്രവർത്തനവും തമ്മിലുള്ള അതിർവരമ്പ് മാഞ്ഞു പോകുന്നുവെന്ന് ജസ്റ്റിസുമാരായ സിദ്ധാർഥ് മൃദുലും അരുപ് ജയ്റാം ഭംഭാനിയും പറഞ്ഞു. ഈ മനോനില തുടർന്നാൽ അത് ജനാധിപത്യത്തിന് ദോഷകരമായിരിക്കുമെന്നും കോടതി വ്യക്തമാക്കി.

2020 മേയിൽ അറസ്റ്റിലായ വനിതാ സാമൂഹിക പ്രവർത്തകരായ നടാഷ നർവാൾ, ദേവാംഗന കലിത, ജാമിയ മിലിയ വിദ്യാർത്ഥി ആസിഫ് ഇക്‌ബാൽ തൻഹ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു.
കഴിഞ്ഞ മാസം കോവിഡ് ബാധിച്ച് അന്തരിച്ച പിതാവിന് അന്ത്യകർമങ്ങൾ ചെയ്യാനായി നടാഷയ്ക്ക് മൂന്നാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ദേവാംഗനയ്ക്ക് ജനുവരിയിൽ ഡൽഹി സെഷൻസ് കോടതി ജാമ്യം നിഷേധിച്ചിരുന്നു. ഈ വിധിയാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമിയ വിദ്യാർത്ഥിയായ ആസിഫ് ഇക്‌ബാൽ തൻഹയ്ക്ക് പരീക്ഷയെഴുതാൻ ഈ മാസം ആദ്യം ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

ജഫ്രാബാദിൽ നടന്ന കലാപവുമായി ബന്ധപ്പെട്ടാണ് നടാഷയെയും ദേവാംഗനയെയും അറസ്റ്റ് ചെയ്തത്. പൊലീസ് ഹാജരാക്കിയ വിഡിയോകളിൽ തെളിവില്ലാതിരുന്നതിനാലാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്. എന്നാൽ തൊട്ടടുത്ത ദിവസം ഇവരെ വീണ്ടും അറസ്റ്റ് ചെയ്തു. ഡൽഹിയിൽ നടന്ന കലാപത്തിൽ 50 പേർ മരിക്കുകയും 200 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.