ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ കർശന നടപടികളിലേക്ക് കടന്നു രാജ്യം. രോഗവ്യാപനം അതിരൂക്ഷമായ ഡൽഹിയിൽ ഒരാഴ്‌ച്ചത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് രാത്രി 10 മണി മുതൽ അടുത്ത തിങ്കളാഴ്ച പുലർച്ചെ അഞ്ച് മണി വരെയാണ് ലോക്ഡൗൺ ഏർപ്പെടുത്തുന്നതെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,500 കോവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടതായും കെജ് രിവാൾ വ്യക്തമാക്കി. ഭക്ഷണം, ചികിത്സ എന്നിവയടക്കമുള്ള അവശ്യ സേവനങ്ങൾക്ക് തടസ്സമുണ്ടാവില്ല. എല്ലാ സ്വകാര്യ ഓഫീസുകളിലെയും ജീവനക്കാർ വീട്ടിലിരുന്ന് ജോലിചെയ്യണമെന്നും സർക്കാർ ഓഫീസുകളും അവശ്യ സേവനങ്ങൾക്കുള്ള ഓഫീസുകളും മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളുവെന്നും സർക്കാർ അറിയിച്ചു. വിവാഹ ചടങ്ങുകളിൽ 50 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഇതിനായി പ്രത്യേകം പാസുകൾ വിതരണം ചെയ്യുമെന്നും കെജ്രിവാൾ വ്യക്തമാക്കി. നിലവിൽ ഡൽഹിയിൽ വാരാന്ത്യ കർഫ്യൂ ഉണ്ട്. ഇതിന് പിന്നാലെയാണ് ലോക്ക്ഡൗണിലേക്കും രാജ്യം കടക്കുന്നത്.

ഡൽഹി ഇപ്പോൾ അഭിമുഖീകരിക്കുന്നത് കോവിഡ് 19ന്റെ നാലാം തരംഗമാണ്. 25,000ൽ അധികം കേസുകളാണ് പ്രതിദിനം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഡൽഹിയുടെ ആരോഗ്യ സംവിധാനം അതിന്റെ ശേഷിയുടെ പരമാവധിയിലെത്തിയിരിക്കുകയാണ്. വല്ലാതെ വീർപ്പുമുട്ടുകയാണ് ആരോഗ്യമേഖല. ആരോഗ്യമേഖല പൂർണമായി തകരാതിരിക്കുന്നതിന് ശക്തമായ നടപടി സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും കെജ്രിവാൾ പറഞ്ഞു. പ്രതിദിനം 25,000 ഓളം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. രോഗവ്യാപന നിരക്കും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വർധിച്ചുവരികയാണ്. ഇത്തരത്തിൽ മുന്നോട്ടുപോയാൽ സംസ്ഥാനത്തിന്റെ സ്ഥിതി ദയനീയമാകുമെന്നും കെജ്രിവാൾ ആശങ്ക പ്രകടിപ്പിച്ചു.

ലോക്ഡൗണിന്റെ ദിവസങ്ങളിൽ കൂടുതൽ കിടക്കകൾ തയ്യാറാക്കും. ഓക്സിജൻ, മരുന്നുകൾ തുടങ്ങിയവ ഒരുക്കുന്നതിനും സമയം ഉപയോഗപ്പെടുത്തും. എല്ലാവരും മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പ്രഖ്യാപിച്ചിരിക്കുന്നത് ചെറിയ ഒരു ലോക്ഡൗൺ ആണെന്നും ആരും ഡൽഹി വിട്ടുപോകരുതെന്നും കെജ്രിവാൾ അഭ്യർത്ഥിച്ചു. ഒരാഴ്ചയ്ക്കു ശേഷം ലോക്ഡൗൺ നീട്ടേണ്ടിവരില്ലെന്നാണ് കരുതുന്നത്. സർക്കാർ എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

അതീവ ഗുരുതരമായ സാഹചര്യമാണ് ഡൽഹിയിൽ നിലനിൽക്കുന്നതെന്ന് അരവിന്ദ് കെജ് രിവാൾ കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു. ഞായറാഴ്ച 25,462 കേസുകളാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനമാണ്. പരിശോധിക്കുന്ന മൂന്ന് സാമ്പിളുകളിൽ ഒന്ന് പോസിറ്റീവ് ആകുന്ന സാഹചര്യമാണ് ഡൽഹിയിൽ ഇപ്പോഴുള്ളത്.

ആശുപത്രികളിലെ 90 ശതമാനം കിടക്കകളും നിറഞ്ഞു. തീവ്രപരിചരണ വിഭാഗങ്ങളിൽ 100 കിടക്കകൾ മാത്രമാണ് ഒഴിവുള്ളത്. ചികിത്സ ആവശ്യമായ രോഗികളുടെ എണ്ണം പൊടുന്നനെ വർധിച്ചതോടെ ആശുപത്രികളിൽ 6000 കിടക്കകൾ അടിയന്തിരമായി വേണ്ടിവരും. കോമൺവെൽത്ത് ഗെയിംസ് വില്ലേജ്, സ്‌കൂളുകൾ എന്നിവ കോവിഡ് ചികിത്സയ്ക്കുള്ള താൽകാലിക ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്.

അതേസമയമ കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ച അവലോകന യോഗം ആരംഭിച്ചു. രാജ്യത്ത് ഇതുവരെയുള്ളതിൽവച്ച് ഏറ്റവും ഉയർന്ന പ്രതിദിന കോവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. 2.73 ലക്ഷം പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രി യോഗം വിളിച്ചത്. അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്‌തേക്കും.രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിക്കും. എന്നാൽ ലോക്ക് ഡൗൺ പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നേരത്തെ വ്യക്തമാക്കിയിരുന്നു.