ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ സ്ഥാപക ദിനാഘോഷങ്ങൾ 14നു (വ്യാഴം) നടക്കും. വൈകുന്നേരം അഞ്ചു മുതൽ മാവാലങ്കാർ ഓഡിറ്റോറിയത്തിലാണ് പരിപാടി.

സാമൂഹിക സാംസ്‌കാരിക മേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകിയ മലയാളികളിൽ ഒരാൾക്ക് നൽകി വരുന്ന ഡിഎംഎ വിശിഷ്ഠ സാമൂഹ്യ സേവാ പുരസ്‌കാരം ഇത്തവണയും പ്രഖ്യാപിക്കും. ഇരുപത്തി അയ്യായിരം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഒരു മുതിർന്ന ഡിഎംഎ അംഗത്തിനുള്ള വിശിഷ്ഠ സേവാ പുരസ്‌കാരവും തദവസരത്തിൽ സമ്മാനിക്കും.

അതുപോലെ രാഷ്ട്രപതിയിൽ നിന്നും വിശിഷ്ഠ സേവനത്തിന് അവാർഡുകൾ കരസ്ഥമാക്കിയ മലയാളികളെയും ചടങ്ങിൽ ആദരിക്കും. തുടർന്നു കോഴിക്കോട് മിമിക്‌സ് അൾട്രാ അവതരിപ്പിക്കുന്ന മെഗാ ഷോയും അരങ്ങേറും.

ഡിഎംഎ ആക്ടിങ് പ്രസിഡന്റ് സി.കേശവൻ കുട്ടി അധ്യക്ഷതയിൽ ചേരുന്ന സാംസ്‌കാരിക സമ്മേളനത്തിൽ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും. ഡിഎംഎ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, അഡീഷണൽ ജനറൽ സെക്രട്ടറി എൻ.സി. ഷാജി, ട്രഷറർ പി. രവീന്ദ്രൻ, ജോ. ട്രഷറർ എ. മുരളീധരൻ, ഇന്റേണൽ ഓഡിറ്ററും ആഘോഷക്കമ്മിറ്റി കൺവീനറുമായ സി.ബി. മോഹനൻ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകും. പ്രവേശനം സൗജന്യമായിരിക്കും.

വിവരങ്ങൾക്ക്: സി.ബി. മോഹനൻ (കൺവീനർ) 9899760291.