ന്യൂഡൽഹി: ഡെൽറ്റ പ്ലസ് വൈറസ് വകഭേദം കോവിഡ് മൂന്നാം തരംഗത്തിനു കാരണമാകുമെന്നതിന് യാതൊരു തെളിവുകളും ലഭിച്ചിട്ടില്ലെന്ന് രാജ്യത്തെ പ്രധാന ഡോക്ടർമാരിൽ ഒരാളും ജീനോം സീക്വൻസിങ് രംഗത്തെ പ്രമുഖനുമായ ഡോ. അനുരാഗ് അഗർവാൾ. കൂടുതൽ കോവിഡ് കേസുകൾ ഉണ്ടായിരുന്ന സ്ഥലങ്ങളിൽ പോലും ഡെൽറ്റ പ്ലസിന്റെ സാന്നിധ്യം കുറവായിരുന്നുവെന്നും അദ്ദേഹം എൻഡിടിവിയോടു പറഞ്ഞു.

ഏപ്രിൽ, മെയ്‌ മാസങ്ങളിൽ മഹാരാഷ്ട്രയിൽനിന്നു ശേഖരിച്ച 3500 സാംപിളുകൾ ജൂണിൽ ജീനോം സീക്വൻസിങ് നടത്തിയിരുന്നുവെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി ഡയറക്ടറായ ഡോ. അനുരാഗ് പറഞ്ഞു. ഇതിൽ ഡെൽറ്റ പ്ലസ് വകഭേദം കണ്ടെത്തിയിരുന്നു. എങ്കിലും അത് ഒരു ശതമാനത്തിൽ താഴെ മാത്രമായിരുന്നു.

അതേസമയം ഡെൽറ്റയുടെ സാന്നിധ്യമുള്ള സ്ഥലങ്ങളിൽ കോവിഡ് രണ്ടാം തരംഗം അവസാനിച്ചിട്ടില്ലെന്നും അതിനു മുമ്പു തന്നെ നമ്മൾ മൂന്നാം തരംഗത്തെക്കുറിച്ച് ആശങ്കാകുലരാകുകയാണെന്നും ഡോ. അനുരാഗ് പറഞ്ഞു. ഡെൽറ്റയേക്കാൾ മാരകമാണ് ഡെൽറ്റ പ്ലസ് എന്നും ഗുരുതരമായ മൂന്നാം തരംഗത്തിന് അത് കാരണമാകുമെന്നും കരുതേണ്ടതില്ലെന്നും അദ്ദേഹം അറിയിച്ചു.