ന്യൂഡൽഹി: കൊറോണ വൈറസിന്റെ ഡെൽറ്റ പ്ലസ് വകഭേദം രാജ്യത്ത് വ്യാപിക്കുന്നതിൽ ആശങ്ക ഉയരുന്നതിനിടെ ജാഗ്രതാ നിർദേശവുമായി കേന്ദ്രസർക്കാർ. പ്രതിരോധം ശക്തമാക്കാൻ കേരളമുൾപ്പെടെ മൂന്നു സംസ്ഥാനങ്ങൾക്കാണ് മുന്നറിയിപ്പ് നൽകിയത്.

മഹാരാഷ്ട്ര, കേരളം, മധ്യപ്രദേശ്, തമിഴ്‌നാട്, കർണാടക, പഞ്ചാബ്, ആന്ധ്ര, ജമ്മു എന്നിവിടങ്ങളിലായി കോവിഡിന്റെ ഡെൽറ്റ പ്ലസ് വകഭേദത്തിന്റെ 40 കേസുകളാണ് ഇതുവരെ സ്ഥീരികരിച്ചിട്ടുള്ളത്. 21 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്നിൽ. മധ്യപ്രദേശിൽ ആറും കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിൽ മൂന്നും വീതം കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്.

ഡെൽറ്റ പ്ലസ് അതീവ അപകടകാരിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കേരളമുൾപ്പെടെ മൂന്നു സംസ്ഥാനങ്ങൾക്ക് ആരോഗ്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം നൽകി. വൈറസ് റിപ്പോർട്ട് ചെയ്ത ജില്ലകളിൽ അടിയന്തര കണ്ടെയ്ന്റ്‌മെന്റ് നടപടികൾ സ്വീകരിക്കണം. പാലക്കാടും പത്തനംതിട്ടയിലും പ്രതിരോധ നടപടികൾ വേണം. ആൾക്കൂട്ടം തടയണമെന്നും പരിശോധന വിപുലമാക്കണമെന്നും ചീഫ് സെക്രട്ടറിമാർക്കയച്ച കത്തിൽ ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷൺ വ്യക്തമാക്കി.

തിങ്കളാഴ്ചത്തെ റെക്കോർഡ് വാക്‌സിനേഷനെ ചൊല്ലി ആരോപണ പ്രത്യാരോപണങ്ങൾ ഉയരുകയാണ്. തിങ്കളാഴ്ച 88 ലക്ഷം പേർക്ക് വാക്‌സീൻ വിതരണം ചെയ്തപ്പോൾ ചൊവ്വാഴ്ച 54 ലക്ഷമായി കുറഞ്ഞു. ലോകറെക്കോർഡ് നേടാനായി വാക്‌സീൻ പൂഴ്‌ത്തിവച്ചുവെന്ന് കോൺഗ്രസ് നേതാവ് പി.ചിദംബരം ആരോപിച്ചു. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളാണ് ഇന്ത്യയെ താഴ്‌ത്തിക്കെട്ടാൻ വാക്‌സിനേഷൻ നിരക്ക് കുറച്ചതെന്നു ബിജെപി വിമർശിച്ചു.

രണ്ടു ഡോസ് സ്വീകരിച്ച മുതിർന്ന പൗരന്മാർക്ക് മുൻകരുതൽ സ്വീകരിച്ച് പുറത്തിറങ്ങാമെന്ന് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ മാർഗരേഖ പറയുന്നു. എന്നാൽ മറ്റ് രോഗങ്ങളുള്ളവർക്ക് ഈ ഇളവ് ബാധകമല്ല. രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ എണ്ണം വീണ്ടും അരലക്ഷം കടന്നു. 24 മണിക്കൂറിനിടെ 50,848 കേസുകളും 1358 മരണവുമാണ് സ്ഥിരീകരിച്ചത്.