ജനീവ: കോവിഡ് ഡെൽറ്റ വകഭേദത്തിന്റെ വ്യാപനം വരും മാസങ്ങളിൽ കൂടിയേക്കുമെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റ വകഭേദം മറ്റ് വകഭേദങ്ങളെക്കാൾ തീവ്ര വ്യാപനശേഷിയുള്ളതാണെന്നും യു.എൻ.ഹെൽത്ത് ഏജൻസി പതിവാര എപ്പിഡമോളജിക്കൽ അപ്‌ഡേറ്റിലും മുന്നറിയിപ്പ് നൽകുന്നുണ്ട്. നിലവിൽ 124 രാജ്യങ്ങളിൽ ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യമുണ്ട്.

കോവിഡിന്റെ ഏറ്റവും അപകടക്കാരിയായ വകഭേദമാണ് ഡെൽറ്റ. ഇന്ത്യയിലാണ് ഡെൽറ്റ വകഭേദം ആദ്യമായി സ്ഥിരീകരിക്കുന്നത്. കോവിഡിന്റെ ആൽഫ, ബീറ്റാ, ഗാമാ വകഭേങ്ങൾ ആശങ്കയുണർത്തുന്നതാണ്. ആൽഫ ആദ്യം സ്ഥിരീകരിച്ചത് ബ്രിട്ടനിലാണ്. ബീറ്റാ സൗത്ത് ആഫ്രിക്കയിലും ഗാമാ ബ്രസീലിലുമാണ് ആദ്യം സ്ഥിരീകരിക്കുന്നത്.

നിലവിൽ ലോകത്തെ വിവിധ രാജ്യങ്ങളിൽ കാണുന്ന വൈറസ് വകഭേദത്തിൽ ഭൂരിഭാഗവും ഡെൽറ്റയാണ്. ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ബ്രിട്ടൻ, ചൈന, ഡെന്മാർക്ക്, ഇന്ത്യ, ഇസ്രയേൽ തുടങ്ങിയ പല രാജ്യങ്ങളിലും ഡെൽറ്റയുടെ സാന്നിധ്യം 75 ശതമാനം കടന്നിട്ടുണ്ട്.

ജൂലൈ 18 വരെയുള്ള ആഴ്ചയിൽ 3.4 മില്ല്യൺ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചതെന്നും ഡബ്ല്യു.എച്ച്.ഒ പറഞ്ഞു. ഇത് മുൻപത്തെ ആഴ്ചയിലെക്കാൾ 12 ശതമാനം കൂടുതലാണ്. കൂടുതൽ വകഭേദങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങളിലുള്ള അയവ്, കൂടിച്ചേരലുകൾ, വാക്‌സിൻ സ്വീകരിക്കാത്ത ആളുകളുടെ എണ്ണം എന്നിവ കോവിഡ് വ്യാപിക്കാനുള്ള കാരണങ്ങളായി ഡബ്ല്യു.എച്ച്.ഒ വിലയിരിത്തുന്നു. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് ഇന്തോനേഷ്യ, ബ്രിട്ടൻ, ബ്രസീൽ എന്നി രാജ്യങ്ങളിലാണ്.