തിരുവനന്തപുരം: എനിക്ക് മൂന്നുപെൺമക്കളാണ്.. ഭർത്താവ് ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി ജോലിയിലിരിക്കെയാണ് മരണപ്പെട്ടത്.ഒറ്റൊരാളുടെ വരുമാനത്തിൽ നിന്ന് കഷ്ടിച്ച് ജീവിതം നയിച്ച ഞങ്ങൾക്ക് തുടർന്നുള്ള ജീവിതത്തിനുള്ള ഏക പ്രതീക്ഷ ആശ്രിതനിയമനമായിരുന്നു.അതുകൊണ്ട് തന്നെ നടപടികൾ എല്ലാം തന്നെ പൂർത്തിയായെങ്കിലും തനിക്ക് ലഭിച്ചത് നിയമന ഉത്തരവ് മാത്രമാണ്. കഴിഞ്ഞ എട്ടുവർഷമായി ഞാൻ ഈ ഉത്തരവുമായി പലവട്ടം വകുപ്പിന്റെ ഓഫീസിൽ കയറി ഇറങ്ങുന്നു. ഉത്തരവ് ഉണ്ടല്ലോ.. വിളിക്കും എന്ന മറുപടിയല്ലാതെ എന്തെന്നോ.. എപ്പോളെന്നോ ഒന്നും പറയുന്നില്ല.. ഭർത്താവിന്റെ കുടുംബത്തെപോലും നോക്കേണ്ട ഇപ്പോൾ എന്റെ കടമയാണ്.. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശിനി സുനിജയുടെ വാക്കുകളാണിത്. തിരുവനന്തപുരം സ്വദേശിനി റസീനയ്ക്കും പറയാനുള്ളത് സമാന കാര്യങ്ങൾ തന്നെ .. ഉത്തരവുമായി നടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി.. എന്റെ പ്രായവും കുടുകയാണ് ഇനി നിയമനം ലഭിക്കുമോ എന്ന കാര്യം പോലും സംശയമാണ്. അങ്ങിനെ വന്നാൽ മൂന്നുമക്കളെയും കൊണ്ട് എങ്ങിനെ മുന്നോട്ടുപോകുമെന്നറിയില്ല പറഞ്ഞുമുഴുവിപ്പിക്കുംമുൻപെ റസീന പൊട്ടിക്കരഞ്ഞു.സ്തുത്യർഹമായ പ്രവർത്തനം കൊണ്ട് ലോകത്തിന്റെ തന്നെ ശ്രദ്ധനേടിയ കേരളത്തിന്റെ സ്വന്തം ആരോഗ്യവകുപ്പിനോടും ടീച്ചറമ്മയോടുമുള്ള 250 ഓളം ആൾക്കാരുടെ പരിവേദനങ്ങളാണ് ഇ വാക്കുകൾ.ഇവർ അത്രയും പേരുടെ പ്രതിനിധികൾ മാത്രം. കേരളത്തിൽ അങ്ങോളമിങ്ങോളം ഇത്രത്തോളമോ ഇതിലേറെയോ കഷ്ടതകൾ അനുഭവിക്കുന്നവർ കെ കെ ശൈലജ ടീച്ചറുടെ ഒരു മറുപടിക്കായ് കാത്തുനിൽക്കുകയാണ്.ആശ്രിതനിയമത്തിന്റെ പേരിൽ നടക്കുന്ന അട്ടിമറികൾ ഒഴിവാക്കണമെന്നും അർഹതയുണ്ടായിട്ടും തഴയപ്പെടുന്ന തങ്ങളെപ്പോലുള്ളവർക്ക് ഒരു പരിഹാരം ഉണ്ടാക്കിത്തരണമെന്നുമാണ് ഈ ജീവിതങ്ങൾ ടീച്ചറമ്മയോട് ആവശ്യപ്പെടുന്നത്.

സംസ്ഥാനത്ത് ആരോഗ്യവകുപ്പിന് കീഴിൽ വിവിധ വിഭാഗങ്ങളിലായി നിരവധി ഒഴിവുകൾ ആണ് ഇപ്പോഴും നികത്തപ്പെടാതെ കിടക്കുന്നത്.വകുപ്പിലെ ക്ലറിക്കൽ തസ്തികളിലെ ജോലിഭാരം കുറയ്ക്കാൻ ഒഴിവുകൾ നികത്തണമെന്നാവശ്യപ്പെട്ട് ജീവനക്കാർ തന്നെ രംഗത്തെത്തിയത് സമീപകാലത്താണ്. ഇങ്ങനെ ഒരുസ്ഥിതി ഉണ്ടാകുമ്പോഴാണ് അർഹതയുണ്ടായിട്ടും അനുമതിലഭിച്ചിട്ടും നിയമനത്തിനായി 250 ഓളം പേർ ഓഫീസുകൾ കയറിയിറങ്ങുന്നത്.2009 മുതലുള്ള ആശ്രിത നിയമനമാണ് ഇപ്പോഴും എങ്ങുമെത്താതെ നിൽക്കുന്നത്. 2016 ൽ ഇടത് സർക്കാർ അധികാരത്തിലേറെമ്പോൾ 209 പേരായിരുന്നു ലിസ്റ്റിൽ ഉണ്ടായിരുന്നത്.തുടർന്ന് ഉദ്യോഗാർത്ഥികൾ കൂട്ടായ്മ രൂപീകരിച്ച് ഇടപെടൽ ശക്തമാക്കിയപ്പോൾ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് അന്വേഷണ കമ്മീഷനെ നിയമിച്ചിരുന്നു.അന്വേഷണ കമ്മീഷന്റെ പരിശോധനയിൽ അട്ടിമറി തെളിഞ്ഞതിനെ തുടർന്ന് 209 പേരുടെ ബാക്ക് ലോഗ് തീരുന്നതുവരെ ഈ വകുപ്പിലെ എല്ലാ എൽ ഡി സി നിയമനങ്ങളും ആശ്രിത നിയമനത്തിനായി നീക്കിവെക്കും എന്നും ഉത്തരവ് വിറക്കിയിരുന്നു. എന്നാൽ വർഷം അഞ്ചായിട്ടും ആകെ നിയമനം ലഭിച്ചത് അഞ്ചിൽതാഴെ പേർക്കുമാത്രം.ഇതുമാത്രമല്ല ഇപ്പോൾ ലിസ്റ്റിൽ ഉള്ളവരുടെ എണ്ണം 250 ആവുകയും ചെയ്തു.ഇത്രയും പേർ പുറത്ത് നിൽക്കുമ്പോൾ ഇതേ തസ്തികകളിലേക്ക് നിയമനംനടക്കുന്നതായും ഉദ്യോഗാർത്ഥികൾ ചൂണ്ടിക്കാട്ടുന്നു.

ഇതിനുപുറമെ ആശ്രിതനിയമനങ്ങൾ നടപ്പിലാക്കുന്നതിനെക്കുറിച്ച് 1999ൽ പുറപ്പെടുവിച്ചപിആൻഡ്എആർഡി ഉത്തരവിന്റെ പച്ചയായ ലംഘനം കൂടിയാണ് ഇവരുടെ കാര്യത്തിൽ നടക്കുന്നത്. ഉത്തരവ് പ്രകാരം ആശ്രിത നിയമനത്തിന് യോഗ്യത ഉള്ളവർ ഉണ്ടായിരിക്കെ തസ്തികയിലേക്ക് മറ്റുള്ളവരെ എടുക്കാൻ പാടില്ല എന്നാണ്.പക്ഷെ നിവലിൽ ആരോഗ്യവകുപ്പിലേക്ക് സമാന തസ്തികളിലേക്ക് നിയമനവും നടക്കുന്നുണ്ട്.ഇതുമാത്രമല്ല ഇനി മാതൃവകുപ്പിൽ ഒഴിവ് ഇല്ലെങ്കിൽ മറ്റുവകുപ്പിൽ നിയമനം നൽകി ലിസ്റ്റ് പൂർത്തിയാക്കണം എന്നുകൂടി പരാമർശിക്കുന്നുണ്ട്. പക്ഷെ ഇതും ഇവരുടെ കാര്യത്തിൽ നടപ്പിലായില്ല.ഇപ്പോൾ ജോലിക്കായുള്ള ഇടപെടൽ നടത്തുമ്പോൾ ആശ്രിതനിയമന ലിസ്റ്റിൽ നിന്ന് അഞ്ചുശതമാനം പേരെ മാത്രമെ ഉൾപ്പെടുത്താൻ പറ്റു എന്ന വിശദീകരണമാണ് ഇവർക്ക് ലഭിക്കുന്നത്. എന്നാൽ ആരോഗ്യവകുപ്പിൽ സൂപ്പർന്യൂമറി തസ്തികയിൽ ജോലിചെയ്യുന്ന ആൾക്കാരെ റഗുലർ തസ്തുകയിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ഹൈക്കോടി പുറപ്പെടുവിച്ച ഉത്തരവിനെ അടിസ്ഥാനമാക്കിയാണ് ഈ വാദമെന്നും ആ കേസ് പരിഗണിക്കുമ്പോൾ ആശ്രിതനിയനത്തിനായി പുറപ്പെടുവിച്ച 1999ലെ പി ആൻഡ് എആർഡി ഉത്തരവ് പരിഗണിച്ചില്ലെന്നും ഇവർ പറയുന്നു. ഉദ്യോഗാർത്ഥികൾ നൽകിയ വിവരാവകാശ പ്രകാരം ഇവർക്ക് ലഭിച്ച മറുപടിയും ഇ വസ്തുത ഉറപ്പിക്കുന്നതാണ്.പിആൻഡ്എആർഡി ഉത്തരവിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്നും വിവരാവകാശത്തിൽ ഇവർക്ക് മറുപടി ലഭിച്ചു.

പക്ഷെ നിയമത്തിന്റെയും ഉത്തരവിന്റെയും കൃത്യത പറഞ്ഞ് ഇത്രയും ജീവിതങ്ങളെ ഇങ്ങനെ ഓഫീസുകൾ കയറ്റി ഇറക്കുമ്പോൾ അർഹതയുണ്ടായിട്ടും തഴയപ്പെടുന്ന ഈ മുഖങ്ങൾ സർക്കാരിനെ നോക്കി ചിരിക്കുകയാണ്. പിഎസ്‌സി വഴി പിൻവാതിൽ നിയമനങ്ങൾ ഉൾപ്പടെ സജീവമാകുന്ന കേരളത്തിലാണ് അർഹതയുണ്ടായിട്ടും അനുമതി ലഭിച്ചും ഒരു ജീവിതത്തിനായി ഇവർ സർക്കാരിന്റെ മുന്നിൽ കൈനീട്ടുന്നത്. അർഹയില്ലാത്തതൊന്നും ഇവർ ആവശ്യപ്പെടുന്നില്ല.മറിച്ച് അർഹതയുള്ളതുപോലും ഇവർക്ക് വിലക്കെടുമ്പോൾ എന്തുചെയ്യണമെന്നറിയാതെ നിൽക്കുകയാണ് ഇവർ. ഇ നിസഹായാവസ്ഥയിൽ നിന്നാണ് ഇവർ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമപോരാട്ടത്തിന് ഇറങ്ങിയത്.വർഷങ്ങളായി പോരാട്ടം തുടരുന്നതല്ലാതെ ഒരു നടപടിയും ഇവരുടെ കാര്യത്തിൽ ഉണ്ടാകുന്നില്ല.ഇത് മാത്രമല്ല വകുപ്പിലെ സമാന തസ്തികയിലേക്ക് പിഎസ് സി റാങ്ക്‌ലിസ്റ്റിലുള്ളവർ ഇവർക്കെതിരെ പോരാട്ടം തുടങ്ങുന്ന അവസ്ഥവരെ എത്തികാര്യങ്ങൾ. ഒഴിവുകൾ നികത്തപ്പെടാത്തതിനെക്കുറിച്ച് പിഎസ്‌സിയെയോ ബന്ധപ്പെട്ട വകുപ്പിനെയോ സമീപിക്കുമ്പോൾ അവർക്ക് ലഭിക്കുന്ന മറുപടി ആശ്രിതനിയമനങ്ങൾ പരിഗണിക്കട്ടെ എന്നാണ്. ഇ സാഹചര്യത്തിലാണ് റാങ്ക്‌ലിസ്റ്റിലുള്ളവർ ഇവർക്കെതിരെ നിയമപോരാട്ടം തുടങ്ങിയതെന്ന് കൂട്ടായ്മയുടെ ഭാരവാഹികൾ പറയുന്നു. ഇ രണ്ടുപേരുടെയും നിയമപോരാട്ടങ്ങൾ ഇപ്പോൾ കോടതികളിൽ പുരോഗമിക്കുന്നുണ്ട്. പക്ഷെ നടപടി മാത്രം എങ്ങുമെത്തുന്നുമില്ല.

ലോകം തന്നെ അംഗീകരിച്ച ആരോഗ്യവകുപ്പ് മന്ത്രിയുടെ കീഴിൽ ഇത്തരത്തിൽ ഒരു അനീതി നടക്കുമ്പോൾ എനി ആരെ കാണണം .. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് ഇവർ. തിരുവനന്തപുരം ജില്ലയിൽ മാത്രം 35 ഓളം പേരാണ് ഇത്തരത്തിൽ നിയമനം കാത്ത് കിടക്കുന്നത്.