മാനന്തവാടി: വയനാട് പുതിയേടത്ത് തങ്ങളുടെ ജീവിതത്തിന് ഭീഷണിയായ കടുവയെ വനപാലകർ പിടികൂടാത്തതിന് എതിരെ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. കടുവക്കായി വ്യാപകമായി തെരച്ചിൽ നടത്തിയിട്ടും ഇതുവരെ വലയിലാക്കാൻ സാധിച്ചിട്ടില്ല. അതിനിടെ, വനപാലകരും നാട്ടുകാരും തമ്മിലുള്ള സംഘർഷത്തിനിടെ പ്രദേശവാസിയെ കുത്താൻ ഉദ്യോഗസ്ഥൻ കത്തി എടുത്തത് വിവാദമായി. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ ഉദ്യോഗസ്ഥർക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

കടുവയെ കണ്ടെന്ന വിവരം ലഭിച്ചിട്ടും അതിനെ പിടികൂടാൻ വനപാലകർ കാര്യമായി ഒന്നും ചെയ്തില്ലെന്നാരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചതോടെയാണ് സംഘർഷമുണ്ടായത്. ഇന്നലെ രാത്രി ഒരുമണിയോടെ പുതിയേടം പ്രദേശത്ത് കടുവ ഇങ്ങിയത് ഒരു കുടുംബം കാണുകയും അവർ കൗൺസിലറെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് വനംവകുപ്പുകാർ സ്ഥലത്തെത്തുകയും ചെയ്തു.

എന്നാൽ അവർ കാര്യക്ഷമമായി ഇടപെട്ടില്ലെന്നും കൈയിൽ തിരച്ചിൽ നടത്താൻ ആവശ്യമായ സംവിധാനങ്ങൾ ഉണ്ടായിരുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഇതിന്റെ പേരിലായിരുന്നു രാവിലെ പ്രദേശത്ത് ഉദ്യോഗസ്ഥരുമായി സംഘർഷമുണ്ടായത്. വൈൽഡ് ലൈഫ് വാർഡൻ ഉൾപ്പെടെയുള്ളവർ സംഘത്തിൽ ഉണ്ടായിരുന്നു.

സംഘർഷത്തിനിടെയാണ് ഉദ്യോഗസ്ഥൻ കത്തിയെടുത്ത് പ്രദേശവാസിയെ കുത്താൻ ശ്രമിച്ചത്. അടുത്തുണ്ടായിരുന്നു മറ്റൊരു ഉദ്യോഗസ്ഥൻ തടഞ്ഞതുകൊണ്ടുമാത്രം അത്യാഹിതം സംഭവിച്ചില്ല. ഉദ്യോഗസ്ഥനെതിരെ കർശന നടപടി എടുക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജനങ്ങളോട് ഇടപെടുന്നതിനിടയിൽ കത്തി ഊരി വീശുന്നതിനുള്ള എന്ത് സാഹചര്യമാണ് ഉണ്ടായതെന്ന് കൗൺസിലറും നാട്ടുകാരും ചോദിക്കുന്നത്. ഒരു ഉദ്യോഗസ്ഥനോട് ഒച്ചവച്ച് സംസാരിച്ചു എന്നതിന്റെ പേരിലാണ് സംഘത്തിലെ മുഴുവൻ അംഗങ്ങളും എല്ലാവരേയും കൈയേറ്റം ചെയ്യുന്ന സാഹചര്യമുണ്ടായതെന്നാണ് കൗൺസിലർ പറയുന്നത്.

180 വനം വകുപ്പ് ജീവനക്കാരും 30 പൊലീസുകാരും അടങ്ങുന്ന ട്രാക്കിങ് ടീം വിശദമായ തിരച്ചിൽ നടത്തുകയാണ്്.സർവസന്നാഹങ്ങളുമുപയോഗിച്ച് നാടിളക്കി തിരച്ചിൽ നടത്തുമ്പോഴും കടുവയുടെ ആക്രമണം തുടർക്കഥയായതോടെ നാട്ടുകാരും പ്രതിഷേധവുമായി രംഗത്തത്തി. എന്നാൽ രാത്രിയിൽ തിരച്ചിൽ നടത്തുന്നതും മയക്കുവെടി വെക്കുന്നതും അപകടകരമാണെന്നാണ് വനംവകുപ്പ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.

കടുവ സ്ഥിരം ഇറങ്ങുന്ന കുറുക്കന്മൂലയിലും പരിസരപ്രദേശങ്ങളിലും വനംവകുപ്പ് കനത്ത കാവലും പട്രോളിങ്ങും ഏർപ്പെടുത്തിയതോടെ കടുവ റൂട്ടുമാറ്റിയിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കുറുക്കന്മൂലവിട്ട് മൂന്നുകിലോമീറ്റർ അകലെ പയ്യമ്പള്ളി പുതിയിടത്ത് കടുവയിറങ്ങിത്. മൂരിക്കിടാവിനെയും ആടിനെയും കൊന്നു. റിട്ട. അദ്ധ്യാപകൻ വടക്കുംപാറ വി.ജെ. ജോണിന്റെ മൂരിക്കിടാവിനെയും പരുന്താനിയിൽ ലൂസി ടോമിയുടെ ആടിനെയുമാണ് കടുവ പിടിച്ചത്.

വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോടെയാണ് വടക്കുംപാറ ജോണിന്റെ മൂരിക്കിടാവിനെ കടുവ പിടിച്ചത്. പറമ്പിലൂടെ വലിച്ചുകൊണ്ടുപോയ കിടാവിനെ കടുവ വഴിയിൽ ഉപേക്ഷിച്ചു. തൊഴുത്തിന് സമീപത്തുണ്ടായ മത്തൻവള്ളികൾക്കിടയിലൂടെയാണ് കടുവ മൂരിക്കിടാവിനെ കൊണ്ടുപോയത്. ഇതിന്റെ പാടുകളുമുണ്ട്. തുടർന്ന്, ലൂസിയുടെ ആടിനെ കൊണ്ടുപോയി. രാവിലെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് മൂരിക്കിടാവിന്റെ ജഡം കണ്ടെത്തിയത്.

പ്രദേശത്ത് വയലിനോടുചേർന്ന് ആടിനെ തിന്നതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. ഇതോടെ 19 ദിവസത്തിനിടെ കടുവ കൊന്ന വളർത്തുമൃഗങ്ങളുടെ എണ്ണം 18 ആയി. ആട്, പശുക്കിടാവ്, മൂരിക്കിടാവ്, പട്ടി തുടങ്ങിയവയാണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ ആടുകളെയാണ് കടുവ തിന്നത്. മറ്റുള്ളവയെ കൊന്ന് വഴിയരികിൽ ഉപേക്ഷിച്ചു.