തിരുവനന്തപുരം: ഐ എസ് ആർ ഒ ചാരക്കേസിൽ കുറ്റമെല്ലാം ഐബി ഉദ്യോഗസ്ഥൻ ആർ.ബി.ശ്രീകുമാറിന്റെ തലയിൽ ചാരി അന്വേഷണ സംഘത്തലവനായിരുന്ന സിബി മാത്യൂസ്. പ്രതികളെ അറസ്റ്റ് ചെയ്തത് ആർ ബി ശ്രീകുമാറിന്റെ നിർദ്ദേശ പ്രകാരമായിരുന്നുവെന്ന് സിബി മാത്യൂസ് തന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ പറയുന്നു.

വിദേശ വനിതകളും നമ്പി നാരായണനും ചേർന്ന് ചാരവൃത്തി നടത്തിയെന്നും തിരുവനന്തപുരം ജില്ലാ കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ സിബി മാത്യൂസ് ആവർത്തിക്കുന്നുണ്ട്. സിബിമാത്യൂസ് നൽകിയ ജാമ്യഹർജിയെ എതിർത്ത് നമ്പി നാരായണനും കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഹർജി വ്യാഴാഴ്ച കോടതി പരിഗണിക്കും.

ചാരക്കേസിൽ നമ്പി നാരായണനെ കുരുക്കാൻ പൊലീസ് -ഐ ബി ഉദ്യോഗസ്ഥർ ചേർന്ന് ഗൂഢാലോചന നടത്തിയെന്ന സി ബി ഐ കേസിൽ നാലാം പ്രതിയാണ് സിബി മാത്യൂസ്. നമ്പി നാരായണന്റെ ബന്ധം മാലി സ്വദേശികളുടെ മൊഴിയിൽ നിന്നും വ്യക്തമായിരുന്നുവെന്ന് സിബി മാത്യൂസ് പറയുന്നു. നമ്പി നാരായണനെയും അന്നത്തെ ഐ ജിയായിരുന്ന രമൺ ശ്രീവാസ്തവയെയും അറസ്റ്റ് ചെയ്യാൻ ഐ ബി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയിരുന്നു.

ചാരവൃത്തി നടന്നുവെന്ന് ബോദ്ധ്യപ്പെട്ടതുകൊണ്ടാണ് എല്ലാ നിയമനടപടികളും പാലിച്ച് അന്വേഷണ ഉദ്യോഗസ്ഥനായ ജോഗേഷ് നമ്പി നാരായണനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം തലവനായ താനാണ് സി ബി ഐ അന്വേഷണത്തിന് ശുപാർശ നൽകിയത്. പക്ഷെ കേസ് ഏറ്റെടുത്ത സി ബി ഐ പലകാര്യങ്ങളും മറച്ചുവച്ചുവെന്നും സിബി മാത്യൂസ് പറയുന്നു.

ഐ ബിയും റോയും നൽകിയ വിവരമനുസരിച്ചാണ് ചാരക്കേസിൽ മാലി വനിതകളായ മറിയം റഷീദയെയും ഫൗസിയ ഹസനെയും അറസ്റ്റ് ചെയ്യുന്നത്. ചാരക്കേസിൽ മറിയം റഷീദയുടെ പങ്കിനെ കുറിച്ച് ഐ ബി ഡെപ്യൂട്ടി ഡയറക്ടർ ആയിരുന്ന ആർ ബി ശ്രീകുമാറാണ് വിവരം നൽകിയത്. മാലി വനിതകളുടെ മൊഴിയിൽ നിന്നും ശാസ്ത്രജ്ഞർ ചാരപ്രവർത്തനം നടത്തിയെന്ന് വ്യക്തമായി. ഐഎസ്ആർഒ ചാരക്കേസ് യാഥാർഥ്യമാണെന്നും മാലി വനിതകൾ നടത്തിയ പ്രവർത്തനങ്ങൾക്ക് ശാസ്ത്രജ്ഞർ കൂട്ടുനിന്നുവെന്നും സിബി മാത്യൂസ് ജാമ്യാപേക്ഷയയിൽ പറയുന്നു.

ആർ.ബി. ശ്രീകുമാർ പറഞ്ഞിട്ടാണ് അന്നത്തെ പേട്ട സിഐയായിരുന്ന എസ്. വിജയൻ മറിയം റഷീദയെ അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യം അന്നത്തെ സിറ്റി പൊലീസ് കമ്മീഷണർ രാജീവന്റെ റിപ്പോർട്ടിലുമുണ്ട്. മാലി വനിതകളെ ചോദ്യം ചെയ്യുമ്പോഴാണ് ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞരുടെ പങ്ക് വ്യക്തമായത്. തുടർന്ന് നമ്പി നാരായണനേയും രമൺ ശ്രീവാസ്തവയേയും അറസ്റ്റ് ചെയ്യാൻ ഐ.ബി സമ്മർദ്ദം ചെലുത്തിയിരുന്നുവെന്നും അദ്ദേഹം പറയുന്നു.

തിരുവനന്തപുരം, ചെന്നൈ, കൊളംബോ കേന്ദ്രീകരിച്ച് ഒരു സ്പൈ നെറ്റ് വർക്ക് പ്രവർത്തിച്ചിരുന്നു എന്ന് ഫൗസിയ ഹസന്റെ മൊഴിയിൽ നിന്ന് വ്യക്തമായിരുന്നു. അതിന്റെ ഭാഗമായാണ് നമ്പി നാരായണനും ഇതിൽ ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. മറിയം റഷീദക്കും ഫൗസിയ ഹസനും ഒപ്പം ബെംഗളൂരു ആർമി ക്ലബിലേക്ക് പോയ കെ.എൽ.ഭാസിയേക്കുറിച്ചുള്ള വിവരങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഇയാളുടെ ഫോട്ടോ ഫൗസിയ ഹസനെ കാണിച്ച് അവർ തിരിച്ചറിഞ്ഞിരുന്നു.

എന്നാൽ, ഇയാളുടെ പേര് സിബിഐ എവിടെയും ഉപയോഗിച്ചില്ല. പകരം രമൺ ശ്രീവാസ്തവയിലേക്കാണ് എല്ലാ ശ്രദ്ധയും പോയത്. ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന സിബിഐ. അന്വേഷിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സിബി മാത്യൂസ് നാലാം പ്രതിയാണ്. എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് സിബി മാത്യൂസ് തിരുവനന്തപുരം ജില്ലാ കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്.