തൃശൂർ: ഈ വർഷത്തെ തൃശൂർ പൂരം നടത്തിപ്പിനായി സർക്കാരിൽ നിന്ന് പ്രത്യേക അനുമതി വാങ്ങാൻ ജില്ലാ ഭരണകൂടവുമായി ദേവസ്വം ബോർഡുകൾ നടത്തിയ ചർച്ചയിൽ തീരുമാനം. ജില്ലാ ഭരണകൂടമാണ് തൃശൂർ പൂരത്തിന്റെ നടത്തിപ്പിന് സംസ്ഥാന സർക്കാരിന്റെ അനുമതി തേടിയത്. ജില്ലാ ഭരണകൂടവുമായി ദേവസ്വം ബോർഡുകൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. ചടങ്ങുകളിൽ ഒരു മാറ്റവും വരുത്താൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. ദേവസ്വം ബോർഡുകളുടെ ആവശ്യം അനുഭാവപൂർവ്വം പരിഗണിക്കണമെന്നാണ് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യം. ഏപ്രിൽ 23 നാണ് തൃശൂർ പൂരം.

തൃശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ജില്ലാ ഭരണകൂടവുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിന്റെ ഭാഗമായാണ് ദേവസ്വം ബോർഡുകളുടെ ആവശ്യങ്ങൾ സർക്കാരിന് വിടാൻ തീരുമാനിച്ചത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൂരം നടത്തുന്നതിന് രൂപരേഖ കൈമാറിയതായി തിരുവമ്പാടി, പാറമേക്കാവ് ഉൾപ്പെടെയുള്ള ദേവസ്വം ബോർഡുകളുടെ പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു. ചടങ്ങുകളിൽ മാറ്റം വരുത്താതെ പൂരം നടത്തണമെന്ന കാര്യത്തിൽ എല്ലാ ദേവസ്വം ബോർഡുകൾക്കും യോജിപ്പാണ്. ആനകളുടെ എണ്ണത്തിൽ കുറവുവരുത്താൻ അനുവദിക്കില്ലെന്നും പ്രതിനിധികൾ മാധ്യമങ്ങളോട് പറഞ്ഞു.

പൂരം നടത്തിപ്പിൽ യാതൊരു തരത്തിലും വിട്ടുവീഴ്ചയില്ലെന്നാണ് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങളും എട്ട് ഘടകക്ഷേത്രങ്ങളുടെയും നിലപാട്. പൂരം വിളംബരം അറിയിച്ചുള്ള തെക്കേവാതിൽ തള്ളിതുറക്കുന്നത് മുതലുള്ള 36 മണിക്കൂർ നീളുന്ന ചടങ്ങുകളിൽ ഒന്നുപോലും വെട്ടികുറയ്ക്കരുത്. 8 ക്ഷേത്രങ്ങളിൽ നിന്നുള്ള ഘടകപൂരങ്ങളും നടത്തണം എന്നെല്ലാമാണ് സംഘാടകരുടെ ആവശ്യം. ഇക്കാര്യങ്ങളെല്ലാം ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ സർക്കാരിന്റെ തീരുമാനത്തിനായി കാത്തിരിക്കുകയാണ് ദേവസ്വം ബോർഡുകൾ.