തിരുവനന്തപുരം: അമ്പലം വിഴുങ്ങികളെന്ന് പറയുന്ന വിഭാഗം ഇപ്പോഴും നാട്ടിലുണ്ട്. ദേവസ്വം ബോർഡിൽ നടക്കുന്ന അഴിമതികൾ ഇപ്പോഴും യഥേഷ്ടം തുടരുകയാണ്. ക്രമേേക്കടുകൾ ഒന്നൊന്നായി പുറത്തുവരുമ്പോൾ തട്ടുപ്പുകളുടെ ശൈലി കണ്ട് ഞെട്ടുകയാണ് എല്ലാവരും. ദേവസ്വം ബോർഡിവെ ഒരു വിഭാഗം ജീവനക്കാർ നടത്തുന്ന ക്രമക്കേടുകളാണ് തുടർച്ചയായി പുറത്തുവരുന്നത്. തിരുവാഭരണത്തിൽ വരെ ദേവസ്വം മോഷ്ടാക്കൾ കൈവെച്ചു എന്നാണ് ലഭിക്കുന്ന വിവരം.

ശംഖുമുഖം ദേവസ്വത്തിലെ തിരുവാഭരണത്തിന്റെ ഒരുഭാഗം കാണാതായെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. ഇതേത്തുടർന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിലെ നാല് ഉദ്യോഗസ്ഥർക്കെതിരേ ക്രിമിനൽ നടപടിക്ക് ശുപാർശ ചെയ്തു. മറ്റ് ഉദ്യോഗസ്ഥർക്കും ജീവനക്കാർക്കും കാരണംകാണിക്കൽ നോട്ടീസ് നൽകും. വിവിധ തലങ്ങളിലുള്ള എട്ടുപേർക്കെതിരേ നടപടിയെടുക്കാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം.

പുതിയ ഉദ്യോഗസ്ഥന് ചാർജ് കൈമാറുന്നതിന്റെ ഭാഗമായി വലിയശാലയിലെ സ്ട്രോങ് റൂം തുറന്നപ്പോഴാണ് തിരുവാഭരണം നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. ഇത് ജീവനക്കാർ അപഹരിച്ചെന്ന പരാതിയിൽ വിജിലൻസ് അന്വേഷണത്തെ തുടർന്നാണ് ഇപ്പോഴത്തെ നടപടികൾ. എല്ലാ ക്ഷേത്രങ്ങളിലെയും സ്ട്രോങ് റൂമിൽ സൂക്ഷിച്ചിട്ടുള്ള തിരുവാഭരണങ്ങൾ അടിയന്തരമായി പരിശോധിക്കണമെന്നും വ്യവസ്ഥകൾ പാലിക്കാത്തവർക്കെതിരേ നടപടിയെടുക്കണമെന്നും വിജിലൻസ് ശുപാർശ ചെയ്തിരുന്നു. തിരുവാഭരണത്തിന്റെ കാണാതായ ഭാഗം പകരം വാങ്ങിവെക്കാനുള്ള ശ്രമം വിജയിച്ചില്ല.

ഒരു അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർക്കും മൂന്ന് സബ് ഗ്രൂപ്പ് ഓഫീസർമാർക്കും എതിരേയാണ് ക്രിമിനൽ നടപടിക്കു ബോർഡ് നിർദ്ദേശം നൽകിയത്. സബ് ഗ്രൂപ്പ് ഓഫീസർമാർക്ക് വിശദീകരണംതേടി നോട്ടീസ് നൽകും. തിരുവനന്തപുരം ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ, തിരുവാഭരണം കമ്മിഷണർ എന്നിവരുടെ മേൽനോട്ടത്തിൽ സ്ട്രോങ് റൂം പരിശോധിക്കാനാണ് ബോർഡിന്റെ തീരുമാനം. നിയമങ്ങൾ പാലിക്കാത്തതിൽ വീഴ്ചവരുത്തിയതിനാണ് രണ്ട് മുതിർന്ന ഉദ്യോഗസ്ഥരോടും മറ്റു ജീവനക്കാരോടും വിശദീകരണം തേടുന്നത്.

സ്ട്രോങ് റൂം തുറന്നപ്പോഴും അടയ്ക്കുമ്പോഴും മാത്രം ഹാജരായ സബ്ഗ്രൂപ്പ് ഓഫീസറും ഗാർഡും വിശദീകരണം നൽകേണ്ട ജീവനക്കാരിൽ ഉൾപ്പെടുന്നു.