ബാഗൽകോട്ട്: ക്ഷേത്രത്തിൽ നിന്നും ലേലം ചെയ്ത തേങ്ങ ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിൽ ലക്ഷങ്ങൾ മുടക്കി സ്വന്തമാക്കി കർണാടകയിലെ ഒരു പഴവ്യാപാരി. ഭാഗ്യം കൊണ്ടുവരും എന്ന് ഉറച്ചു വിശ്വസിക്കുന്ന ഇയാൾ ക്ഷേത്രത്തിൽ നിന്നുള്ള തേങ്ങ വാങ്ങുന്നതിനായി മുടക്കിയത് 6.5 ലക്ഷം രൂപയാണത്രെ. ലേലത്തിലൂടെ കിട്ടിയ തുക ക്ഷേത്രത്തിന്റെ വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും എന്ന് ക്ഷേത്രകമ്മിറ്റി അംഗങ്ങൾ പറയുന്നു.

കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ ജമഖണ്ടിയിൽ നിന്നുള്ള പഴക്കച്ചവടക്കാരനായ മഹാവീർ ഹരകെ 6.5 ലക്ഷം രൂപ നൽകിയാണ് 'ഭാഗ്യം കൊണ്ടുവരുന്നതും', 'ദിവ്യമായതുമായ' എന്ന് വിശ്വസിക്കപ്പെടുന്ന തേങ്ങ സ്വന്തമാക്കിയത്. ശ്രീ ബീരലിംഗേശ്വർ മേളയുടെ ഭാഗമായി ശ്രാവണത്തിന്റെ അവസാന ദിവസം മലിംഗരയ ക്ഷേത്ര കമ്മിറ്റി ലേലം ചെയ്തതാണ് ഈ തേങ്ങ എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു.

'ഇത്രയധികം രൂപ കൊടുത്ത് തേങ്ങ സ്വന്തമാക്കിയതിനാൽ ചിലർ എനിക്ക് ഭ്രാന്താണ് എന്ന് പറയുമായിരിക്കും. ചിലർ എന്റേത് അന്ധമായ വിശ്വാസമാണ് എന്ന് പറയുമായിരിക്കും. എന്നാൽ, എന്റേത് തികഞ്ഞ ഭക്തിയാണ്' എന്നാണ് ഹരാകെ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞത്.

 

'ശിവന്റെ നന്ദിയുടെ ഒരു രൂപമായാണ് മലിംഗരയ ഭഗവാനെ കണക്കാക്കുന്നത്, ദേവന്റെ സിംഹാസനത്തിൽ സൂക്ഷിച്ചിരിക്കുന്ന തേങ്ങ ഭാഗ്യം കൊണ്ടുവരുന്നതായി കണക്കാക്കപ്പെടുന്നു' എന്ന് ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ബസു കഡ്ലി പറഞ്ഞു.

വർഷങ്ങളായി 'ഗദ്ദുഗെ' തേങ്ങ ലേലം ചെയ്യുകയായിരുന്നുവെന്നും എന്നാൽ ലേലം 10,000 രൂപ കടന്നിട്ടില്ലെന്നും ക്ഷേത്ര കമ്മിറ്റി സെക്രട്ടറി ഔട്ട്ലെറ്റിനോട് പറഞ്ഞു. എന്നിരുന്നാലും, ഈ വർഷം 1000 രൂപയിൽ തുടങ്ങി ലേലം വിളിച്ചപ്പോൾ എല്ലാം മാറി, മിനിറ്റുകൾക്കുള്ളിൽ അത് ഒരുലക്ഷം കടന്നു.

ഒരു ഭക്തൻ പിന്നീട് മൂന്ന് ലക്ഷം രൂപ ലേലം വിളിക്കുകയും ചെയ്തു. ക്ഷേത്ര അംഗങ്ങൾ ഈ വില ഇവിടെ അവസാനിക്കുമെന്ന് കരുതിയിരുന്നു. കാരണം അത്തരമൊരു വില മുമ്പൊരിക്കലും വാഗ്ദാനം ചെയ്തിരുന്നില്ല. എന്നാൽ, തേങ്ങ സ്വന്തമാക്കാൻ ഹരാകെ വില ഇരട്ടിയാക്കി 6.5 ലക്ഷം രൂപയാണ് വിളിച്ചത്.