തിരുവനന്തപുരം: ധർമ്മടത്ത് പിണറായി വിജയനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്ന് സൂചന. മത്സരത്തിന് കെ സുധാകരൻ വിസമ്മതം അറിയിച്ചതോടെയാണ് ഇത്. കണ്ണൂർ ലോക്‌സഭയെ പ്രതിനിധീകരിച്ച മുല്ലപ്പള്ളി എവിടെ വേണമെങ്കിലും മത്സരിക്കാമെന്ന നിലപാട് നേരത്തെ എടുത്തിരുന്നു. സുധാകരൻ പിന്മാറിയ സാഹചര്യത്തിൽ പുതിയ തീരുമാനം ഹൈക്കമാണ്ടിനെ അറിയിച്ചു. എകെ ആന്റണിയാകും ഇക്കാര്യത്തിൽ അന്തിമ നിലപാട് എടുക്കുക. മുല്ലപ്പള്ളിയുടെ നിർദ്ദേശം പ്രായോഗികമാണെന്ന് തോന്നിയാൽ മുല്ലപ്പള്ളി ധർമ്മടത്ത് സ്ഥാനാർത്ഥിയാകും. അല്ലെങ്കിൽ സി രഘുനാഥാകും മത്സരിക്കുക.

നേരത്തേയും ഏത് സീറ്റിൽ വേണമെങ്കിലും മത്സരിക്കാമെന്ന് മുല്ലപ്പള്ളി നിലപാട് എടുത്തിരുന്നു. നേമത്തോ വട്ടിയൂർക്കാവിലോ ധർമ്മടത്തോ മത്സരിക്കാമെന്നായിരുന്നു നിലപാട്. എന്നാൽ കെപിസിസി അധ്യക്ഷൻ മത്സരിക്കുന്നതിനെ സംസ്ഥാനത്തെ നേതാക്കൾ എതിർത്തു. ഇതോടെ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചയിലും മറ്റും മുല്ലപ്പള്ളി സജീവമായി. നേമത്ത് കെ മുരളീധരനെ മത്സരിപ്പിക്കാൻ ധാരണയായി. ഇതിന് ശേഷം ധർമ്മടത്ത് കെ സുധാകരനേയും മനസ്സിൽ കണ്ടു. എന്നാൽ കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ സുധാകരനെ അതിന് സമ്മതിച്ചില്ല. ഈ സാഹചര്യത്തിൽ സുധാകരൻ പിന്മാറി. ഇതോടെയാണ് ധർമ്മടത്തെ അതിശക്തനാകാൻ മുല്ലപ്പള്ളി സമ്മതം അറിയിക്കുന്നത്.

എന്നാൽ സി രഘുനാഥിന്റെ പേരാണ് കണ്ണൂർ ഡിസിസി മുമ്പോട്ട് വയ്ക്കുന്നത്. മുല്ലപ്പള്ളിയുടേയും രഘുനാഥിന്റേയും പേരുകളാണ് കെപിസിസിയും പരിഗണിച്ച് ഹൈക്കമാണ്ടിനെ അറിയിച്ചത്. നേരത്തെ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത് മുല്ലപ്പള്ളിയാണ്. എന്നാൽ ധർമ്മടത്തെ പേര് ഹൈക്കമാണ്ട് പ്രഖ്യാപിക്കുമെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. തന്റെ പേരും സാധ്യതാ പട്ടികയിലുള്ളതു കൊണ്ടാണ് ഇത്. ഈ പട്ടികയിൽ എകെ ആന്റണിയാകും അന്തിമ തീരുമാനം എടുക്കുക. ധർമ്മടം ചലഞ്ച് മുല്ലപ്പള്ളി ഏറ്റെടുത്താൽ അത് കോൺഗ്രസിന് ഊർജ്ജവും ആവേശവുമാകും. കെ മുരളീധരനെ പോലെ ധൈര്യമുള്ള നേതാക്കൾ കോൺഗ്രസിലുണ്ടെന്ന സന്ദേശവും കിട്ടും.

ധർമടത്ത് മത്സരിക്കാനില്ലെന്ന് കെ.സുധാകരൻ എം പി. കെപിസിസിയും ഹൈക്കമാൻഡും തന്നോട് മത്സരിക്കാൻ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ തനിക്ക് കണ്ണൂർ ജില്ലയിൽ യുഡിഎഫ് മത്സരിക്കുന്ന മണ്ഡലങ്ങളിൽ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാൽ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരൻ വിശദീകരിച്ചു കഴിഞ്ഞു. ജില്ലയിലെ കോൺഗ്രസ് നേതൃത്വുമായി ചർച്ച നടത്തിയപ്പോൾ അവർക്ക് ഇക്കാര്യത്തിൽ വിമുഖതയുണ്ടെന്ന് അറിയിച്ചു. തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനുള്ള സമയം ലഭിച്ചില്ലെന്നും അദ്ദേഹം ചർച്ചകൾക്ക് ശേഷം പറഞ്ഞു. പകരം ധർമടത്ത് ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരൻ പറഞ്ഞു.

സുധാകരൻ മത്സരിക്കണമെന്നാണ് പാർട്ടിയുടെ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് രാവിലെ മാധ്യമങ്ങളോട് പറയുകയുണ്ടായി. പിന്നാലെ തനിക്ക് കൂടിയാലോചനകൾ നടത്താൻ ഒരു മണിക്കൂർ സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സുധാകരനും അറിയിച്ചു. ധർമടത്ത് കഴിഞ്ഞ രണ്ടു തവണ മത്സരിച്ച മമ്പറം ദിവാകരൻ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെ ആരെ മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വം കോൺഗ്രസിൽ ഇപ്പോഴും തുടരുകയാണ്.ഡിസിസി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കാനായിരുന്നു ഏറ്റവും ഒടുവിലത്തെ തീരുമാനം. ചർച്ചകൾ തന്റെ നേരെ വന്നപ്പോൾ സുധാകരൻ തന്നെയാണ് രഘുനാഥിനെ നിർദ്ദേശിച്ചിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ ചർച്ച വീണ്ടും സുധാകരനിലേക്കെത്തുകയായിരുന്നു.

വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച രണ്ട് കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധർമടത്ത് മത്സരിക്കുമെന്ന് അറിയച്ചതോടെ അവരെ പിന്തുണയ്ക്കുമെന്ന സാഹചര്യത്തിലേക്ക് കോൺഗ്രസ് നീങ്ങി. കെപിസിസി അധ്യക്ഷനും ആ നിലക്ക് പ്രസ്താവനയിറക്കി. പക്ഷേ രണ്ടുദിവസമായിട്ടും തീരുമാനമൊന്നുമായില്ല. സ്ഥാനാർത്ഥിയെ തീരുമാനിക്കാത്ത സാഹചര്യത്തിൽ ധർമടം മണ്ഡലത്തിലെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ പ്രതിഷേധവുമായായി രംഗത്തെത്തി. കെ.സുധാകരൻതന്നെ മത്സരിക്കണമെന്നാവശ്യപ്പെട്ട് വിവിധ മണ്ഡലം കമ്മിറ്റി നേതാക്കൾ അദ്ദേഹത്തെ കാണുകയുംചെയ്തു. പാർട്ടിയുടെ നയത്തിൽ പ്രതിഷേധിച്ച് മെഹറൂഫ് എന്ന കോൺഗ്രസ് നേതാവ് വിമതനായി പത്രിക നൽകാനും തിരുമാനിച്ചു. ബുധനാഴ്ച രാത്രിയോടെ കെ.സുധാകരൻതന്നെ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ വീണ്ടും ഉയർന്നത്. സുധാകൻ മത്സരിക്കുന്നതിനായി ഹൈക്കമാൻഡും പച്ചക്കൊടി കാട്ടിയിട്ടുണ്ട്. എന്നാൽ സുധാകരൻ പറ്റില്ലെന്ന് പറഞ്ഞതോടെ ഈ വെല്ലുവളി സ്വയം ഏറ്റെടുക്കാൻ മുല്ലപ്പള്ളി സന്നദ്ധത അറിയിക്കുകയായിരുന്നു.