പെരിന്തൽമണ്ണ: പ്രണയാഭ്യർഥന നിരസിച്ചതിന്റെ പകയിൽ ദൃശ്യയെ കൊലപ്പെടുത്തിയ പ്രതി വിനീഷ്ിന്റെ ആത്മഹത്യാ ശ്രമം വിഫലം. സബ് ജയിലിൽ റിമാൻഡിൽ ആയിരുന്ന വിനീഷ് കൊതുകു തിരി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാൾ അപകട നില തരണം ചെയ്തു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച വിനീഷിന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. വിനീഷിനെ മഞ്ചേരി ജയിലിലാണ് താമസിപ്പിച്ചിരുന്നത്. രാത്രിയോടെ ഇയാൾ സെല്ലിനകത്തുവെച്ച് കൊതുകുതിരി കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. വിനീഷ് ഛർദിക്കുന്നത് കണ്ട് എത്തിയ ജയിലധികൃതർ ഇയാളെ ഉടൻ തന്നെ മഞ്ചേരി മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു. 

പ്രണയാഭ്യർഥന നിരസിച്ചതിനു വീട്ടിൽകയറി ഏലംകുളം എളാട് കൂഴന്തറ സ്വദേശിയായ നിയമവിദ്യാർത്ഥിനി ദൃശ്യ(21)യെയാണ് വിനീഷ് കുത്തി കൊന്നത്. ദൃശ്യയുടെ ശരീരത്തിൽ 22 മുറിവുകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് വിനീഷ് പിടിയിലായത്. നാടിനെ നടുക്കിയ ക്രൂരതയിൽ വലിയ പ്രതിഷേധം വിനീഷിനെതിരെ ഉയർന്നിരുന്നു. ഇതിനിടെയാണ് പ്രതിയുടെ ആത്മഹത്യാ ശ്രമം.

അടുക്കള വഴി ദൃശ്യയുടെ വീട്ടിൽ കയറിയ പ്രതി വിനീഷ് വിനോദ് അവിടെയുണ്ടായിരുന്ന നീളം കൂടിയ കത്തിയെടുത്താണ് ദൃശ്യയെ ആക്രമിച്ചത്. തന്റെ കൈവശമുണ്ടായിരുന്ന ചെറിയ കത്തിയേക്കാൾ ഫലപ്രദമാണെന്നതിനാലായിരുന്നു ഇതെന്ന് പ്രതി തെളിവെടുപ്പിനിടെ പൊലീസിനോട് പറഞ്ഞിരുന്നു. ദൃശ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കുത്തേറ്റ് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള സഹോദരി ഒമ്പതാം ക്ലാസുകാരി ദേവശ്രീ ശസ്ത്രക്രിയക്ക് ശേഷം അപകടനില തരണം ചെയ്തിട്ടുണ്ട്.

കൊലപാതകത്തിന് തലേന്ന് രാവിലെ മഞ്ചേരി നറുകരയിലെ വാടകവീട്ടിൽനിന്നു നടന്നും ലിഫ്റ്റ് ചോദിച്ച് ചരക്കുലോറിയിലും ബൈക്കിലുമായാണ് വൈകന്നേരത്തോടെ വിനീഷ് പെരിന്തൽമണ്ണയിലെത്തിയത്. ദൃശ്യയുടെ പിതാവിന്റെ കടയ്ക്ക് തീയിട്ട ശേഷം നഗരത്തിൽ തന്നെ നിന്നു. രാത്രി അവിടെ നിന്നും 15 കിലോമീറ്ററോളം നടന്ന് ദൃശ്യയുടെ വീടിന്റെ സമീപത്തെ റബർ തോട്ടത്തിലും മറ്റുമായി ഒളിച്ചിരുന്നു. രാവിലെ വീട്ടിലുണ്ടായിരുന്ന ദൃശ്യയുടെ പിതാവ് പുറത്തേക്കു പോയതോടെ തടയാനാരുമില്ലെന്ന് ഉറപ്പാക്കിയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറിയത്. പ്രതിയെ തെളിവെടുപ്പിന് കൊണ്ടു വന്നപ്പോൾ നാട്ടുകാർ പ്രതിഷേധിച്ചിരുന്നു.

കനത്ത പൊലീസ് സുരക്ഷയിലാണ് പ്രതി മഞ്ചേരി നറുകര ഉതുവേലി കുണ്ടുപറമ്പിൽ വിനീഷിനെ തെളിവെടുപ്പിനെത്തിച്ചത്. ജനരോഷം കണക്കിലെടുത്താണു മലപ്പുറം എം.എസ്‌പിയിൽ നിന്നടക്കം അറുപതോളം പൊലീസുകാരുടെ സംഘത്തെ ഏർപ്പെടുത്തിയിരുന്നു. വീടിനടുത്തുനിന്നു നാട്ടുകാരെ മാറ്റിയശേഷമാണു പ്രതിയെ എത്തിച്ചത്. മനഃസാന്നിധ്യം കൈവിടാതെ പ്രതിയെ പൊലീസിന്റെ കൈയിലെത്തിച്ചത് ഓട്ടോഡ്രൈവർ ജൗഹറിനും സുഹൃത്ത് സുബിനുമായിരുന്നു.

ദൃശ്യയെ കുത്തിക്കൊലപ്പെടുത്തിയതിനുശേഷം രക്ഷപ്പെടാൻ ശ്രമിച്ച വിനീഷിനെ ജൗഹറിന്റെയും സുഹൃത്തിന്റെയും അവസരോചിത ഇടപെടലാണ് കുടുക്കിയത്.