ബ്യൂണസ് ഐറിസ്: ഫുട്ബോൾ ഇതിഹാസം ഡീഗോ മാറഡോണയുടെ മരണത്തിന് ദിവസങ്ങൾക്കു മുമ്പ് അദ്ദേഹത്തെ പരിചരിച്ച കുടുംബ ഡോക്ടർ അടക്കം ഏഴ് ആരോഗ്യ വിദഗ്ദ്ധർക്ക് അർജന്റീന ജഡ്ജ ഒർലാൻഡോ ഡയസ് യാത്രാവിലക്കേർപ്പെടുത്തി. മാറഡോണയുടെ മരണത്തിനു പിന്നാലെ ആരോപണമുയർന്ന ചികിത്സാ സംഘത്തിലുള്ളവരാണ് ഇവർ.

മാറഡോണയുടെ കുടുംബഡോക്ടറും ന്യൂറോ സർജനുമായ ലിയോപോൾഡോ ല്യൂക്ക്, മനോരോഗ വിദഗ്ധൻ അഗുസ്റ്റിന കോസാചോവ്, മനഃശാസ്ത്രജ്ഞൻ കാർലോസ് ഡയസ്, ദഹിയാന മാഡ്രിഡ്, റിക്കാർഡോ അൽമിറോൺ, ഡോക്ടർ നാൻസി ഫോർലിനി, നഴ്സിങ് കോ-ഓർഡിനേറ്റർ മാരിയാനോ പെറോണി എന്നിവർക്കാണ് ജഡ്ജ് യാത്രാ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇവർക്കെതിരേ കഴിഞ്ഞയാഴ്ച മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് ചാർജ് ചെയ്തിരുന്നു. 

മരണത്തെ കുറിച്ച് അന്വേഷിക്കാൻ അർജന്റീന നീതിന്യായ മന്ത്രാലയം കഴിഞ്ഞ മാർച്ചിലാണ് ബോർഡിനെ നിയോഗിച്ചത്.

നേരത്തെ മാറഡോണയുടെ അവസാന സമയത്ത് ചികിത്സാ സംഘത്തിൽ നിന്ന് വേണ്ട പരിചരണം ലഭിച്ചില്ലെന്ന് മെഡിക്കൽ ബോർഡ് കണ്ടെത്തിയിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിൽ മാറഡോണ ജീവിച്ചിരിക്കുമായിരുന്നെന്നും ഫുട്‌ബോൾ ഇതിഹാസം 12 മണിക്കൂറിലധികം വേദന അനുഭവിച്ചുവെന്നും പ്രോസിക്യൂട്ടർക്ക് നൽകിയ മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു.

അനുചിതമായും അശ്രദ്ധയോടെയുമാണ് ചികിത്സാസംഘം പ്രവർത്തിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇരുപതിൽ അധികം ഡോക്ടർമാർ അടങ്ങിയ മെഡിക്കൽ ബോർഡ് രണ്ടു മാസത്തോളം പ്രവർത്തിച്ചാണ് മെഡിക്കൽ റിപ്പോർട്ട് തയ്യാറാക്കിയത്.