തിരുവനന്തപുരം: ഡിജിറ്റൽ പഠനത്തിനായി സർക്കാർ പ്രഖ്യാപിച്ച ലാപ്പ്‌ടോപ്പുകൾ ഇനിയും കിട്ടിയില്ല. ഓൺലൈൻ വിദ്യാഭ്യാസം കഴിയുംമുമ്പെങ്കിലും കിട്ടുമോ എന്ന ആശങ്കയിൽ വിദ്യാർത്ഥികൾ. കുടുംബശ്രീ വഴി കെഎസ്എഫ്ഇ നൽകുന്ന ലാപ്‌ടോപ്പിനായി പണമടച്ച കുട്ടികൾക്ക് മുഴുവൻ പേർക്കും ലാപ്‌ടോപ്പ് കൊടുത്തു തീർക്കാൻ സെപ്റ്റംബർ മാസമെങ്കിലുമാകും എന്നാണ് റിപ്പോർട്ടുകൾ. പദ്ധതി പ്രഖ്യാപിച്ച് ഒരു കൊല്ലമാകുമ്പോൾ 4000 ലാപ്‌ടോപ്പുകൾ മാത്രമാണ് വിതരണത്തിന് എത്തിയത്.

പദ്ധതി പ്രഖ്യാപിച്ചിട്ട് ഒരു കൊല്ലമായെങ്കിലും ലാപ്പ്‌ടോപ്പുകൾ എത്തിക്കാൻ ഇതുവരെ സർക്കാരിന് സാധിച്ചിട്ടില്ല. ഇതുവരെ 1.44 ലക്ഷം കുടുംബശ്രീ അംഗങ്ങൾ പദ്ധതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. അതിൽനിന്നും ലാപ്‌ടോപ്പിനായി പണം കൃത്യമായി അടച്ചവരിൽ 64,306 കുട്ടികളെ ഗുണഭോക്താക്കളായി തെരഞ്ഞെടുത്തിട്ടുണ്ട്. ഇതിൽ 54,000 ലാപ്‌ടോപ്പുകൾക്ക് പർച്ചേസ് ഓർഡർ കൊടുത്തു. ഇപ്പോൾ വിതരണത്തിനെത്തിയത് 4000 ലാപ്‌ടോപ്പുകൾ. കരാറനുസരിച്ച് ബാക്കി ജൂലൈയോടെ കിട്ടേണ്ടതാണെന്ന് കുടുംബശ്രീയും കെഎസ്എഫ്ഇയും പ്രതീക്ഷിക്കുന്നു.

ഈ കോവിഡ് സാഹചര്യത്തിൽ ലാപ്പ്‌ടോപ്പുകൾ എപ്പോൾ കൈയിലെത്തിച്ചുനൽകാൻ കഴിയുമെന്നതിൽ സർക്കാരിനും ആശങ്കയുണ്ട്. പതിനായിരത്തിലധികം കുട്ടികളുടെ ലാപ്‌ടോപ്പ് പലകാരണങ്ങളാൽ ഇതുവരെ പർച്ചേസ് ഓർഡർ കൊടുത്തിട്ടില്ല. പർച്ചേസ് ഓർഡർ കൊടുത്താലും ഇത് കിട്ടാൻ സെപ്റ്റംബറെങ്കിലുമാകും.

20 ലക്ഷം കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് ഇന്റർനെറ്റെത്തിക്കാൻ ലക്ഷ്യമിട്ട കെഫോൺ പദ്ധതിയുടെ ഫൈബർ ശൃംഖലയും പൂർത്തിയാകുന്നതേയുള്ളൂ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിലേക്ക് സൗജന്യമായി ഇന്റർനെറ്റ് വിഭാവനം ചെയ്ത കെഫോൺ പദ്ധതിയും ഡിജിറ്റൽ പഠനത്തിൽ പിന്നിലായിപ്പോവുന്ന കുട്ടികളെ ലക്ഷ്യമിട്ടായിരുന്നു. അതും എന്ന് പൂർത്തിയാകുമെന്നതിൽ സർക്കാരിന് കൃത്യതയില്ല. ഓൺലൈൻ പഠനം രണ്ടാം കൊല്ലത്തേയ്ക്ക് കടക്കുമ്പോഴും നിരവധി കുട്ടികൾക്ക് ലാപ്പ്‌ടോപ്പോ ഇന്റെർനെറ്റോ ഇല്ലയെന്നത് വേദനാജനകമാണ്.

ഡിജിറ്റൽ ഡിവൈഡ് നികത്തുക കൂടി ലക്ഷ്യമിട്ട കെ ഫോൺ പദ്ധതി കേബിൾ ശൃംഖല ഇതുവരെ പൂർത്തിയായിട്ടില്ല. പഠനം പൂർണമായി ഓൺലൈനിലേക്ക് മാറാനിരിക്കെയാണ് സുപ്രധാന അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ പൂർത്തീകരണം വെല്ലുവിളിയാകുമെന്ന മുന്നറിയിപ്പ്.