കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കാവ്യാ മാധവനെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഒരുങ്ങുമ്പോൾ തീർത്ഥാടനത്തിലൂടെ ആത്മവിശ്വാസം വീണ്ടെടുക്കാൻ നടൻ ദിലീപ്. ശബരിമല ദർശനത്തിന് ദിലീപ് ഒരുങ്ങുന്നതായാണ് സൂചന. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ദിലീപ് ശബരിമലയിൽ എത്തുമെന്നാണ് സൂചന. ദിലീപിന്റെ ശബരിമലയാത്രയ്ക്കുള്ള ഒരുക്കങ്ങൾ പത്മസരോവരത്തിൽ നടക്കുന്നുണ്ട്. എന്നാൽ കേസുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളുള്ളതിനാൽ അന്തിമ തീരുമാനം എടുത്തിട്ടുമില്ല.

തിങ്കളാഴ്ച സന്നിധാനത്ത് എത്തുന്നതിനെ കുറിച്ചാണ് ദിലീപ് ആലോചിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം നടൻ ദിലീപ് ശബരിമലയിൽ എത്തിയിരുന്നു. അന്ന് ജയിൽ വാസത്തിനിടെയാണ് ദിലീപ് വൃതം എടുക്കാൻ തുടങ്ങിയത്. ജയിൽ മോചിതനായ ശേഷം പ്രാർത്ഥനയുടെ ഭാഗമായിട്ടായിരുന്നു ദർശനം. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണം വീണ്ടും ശ്ക്തമായി നടക്കുമ്പോഴാണ് ദിലീപ് മല ചവിട്ടാനൊരുങ്ങുന്നത്. വിശ്വാസ വഴയിലാണ് ദിലീപ് എന്നും സഞ്ചരിക്കാറുള്ളത്. ഇതിന്റെ ഭാഗമാണ് ഇപ്പോഴത്തെ ശബരിമല ദർശനവും.

കാവ്യയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് ഏത് സമയവും ആലുവയിലെ പത്മസരോവരത്തിൽ എത്തും. ദിലീപിന്റെ സഹോദരൻ അനൂപും സഹോദരീ ഭർത്താവ് സുരാജും അടക്കമുള്ളവരും ക്രൈംബ്രാഞ്ചിന് മുമ്പിൽ ഹാജരാകേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ ജ്യോത്സ്യന്മാരുടെ കൂടെ ഉപദേശം പരിഗണിച്ചാണ് ദിലീപിന്റെ ശബരിമല യാത്രയെന്നാണ് സൂചനകൾ. നടിയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായ ദിലീപ് ആരും അറിയാതെ ദർശനത്തിനാണ് ആഗ്രഹിച്ചത്. അന്നും വാർത്ത തൽസമയം മാധ്യമങ്ങളിൽ എത്തിയിരുന്നു. വിഷു ഉത്സവത്തിന് തുറന്ന ശബരിമല നട 18ന് അടയ്ക്കും. അതുകൊണ്ട് തന്നെ നാളെ തന്നെ ദിലീപ് ശബരിമലയിലേക്ക് പോകാനാണ് സാധ്യത.

കാവ്യാമാധവനെ ചോദ്യം ചെയ്യുന്നത് ഉടനില്ലെന്നും റിപ്പോർട്ടുണ്ട്. തിങ്കളാഴ്ചയ്ക്ക് ശേഷമാകും ചോദ്യം ചെയ്യൽ. വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ കാവ്യ പറയുന്ന സ്ഥലത്ത് അന്വേഷണ സംഘമെത്തുമെന്നാണ് ഒടുവിലെ വിവരം. അതേസമയം, കേസിൽ ദിലീപിന്റെ അഭിഭാഷകർക്കെതിരായ നടപടി തൽക്കാലം മരവിപ്പിച്ചു എന്നാണ് റിപ്പോർട്ട്. ഹൈക്കോടതി തീരുമാനം വന്ന ശേഷമാകും തുടർനീക്കം. ദിലീപിനും അദ്ദേഹവുമായി ബന്ധമുള്ളവർക്കും താൽക്കാലികമായ ആശ്വാസമാണിപ്പോൾ. ഏപ്രിൽ 18 വരെ കാവ്യയെ ചോദ്യം ചെയ്തേക്കില്ല. കേസിൽ ഉന്നത തലത്തിൽ ചില ഇടപെടൽ നടന്നുവെന്നാണ് സൂചന. വിശദാംശങ്ങൾ

കാവ്യമാധവനെ കഴിഞ്ഞ തിങ്കളാഴ്ച ചോദ്യം ചെയ്യാനാണ് ആദ്യം ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. കാവ്യ തടസം അറിയിച്ചതിനെ തുടർന്ന് ബുധനാഴ്ചത്തേക്ക് മാറ്റി. എന്നാൽ ബുധനാഴ്ച ചോദ്യം ചെയ്യൽ നടന്നില്ല. അടുത്ത തിങ്കളാഴ്ചയ്ക്ക് ശേഷമേ ഇനി ചോദ്യം ചെയ്യലുണ്ടാകു എന്നാണ് ഏറ്റവും പുതിയ വിവരം. ചോദ്യം ചെയ്യുന്ന സ്ഥലത്തിന്റെ കാര്യത്തിൽ ഇതിനകം തീരുമാനമുണ്ടാകും. ആലുവയിലെ ദിലീപിന്റെ പത്മസരോവരം വീട്ടിൽ വച്ച് ചോദ്യം ചെയ്യാമെന്നാണ് കാവ്യ മാധവൻ അന്വേഷണ സംഘത്തെ അറിയിച്ചത്. കാവ്യ ഇവിടെയാണ് താമസം. മറ്റൊരു സ്ഥലത്തേക്കും താനില്ലെന്നും അവർ അറിയിച്ചിട്ടുണ്ട്. എന്നാൽ ഇവിടെയെത്തി ചോദ്യം ചെയ്യുന്നതിന് അന്വേഷണ സംഘത്തിന് ചില തടസങ്ങളുണ്ട്. ഇരുവിഭാഗത്തിനും സാധ്യമായ സ്ഥലം അറിയിക്കാൻ അന്വേഷണ സംഘം ആവശ്യപ്പെട്ടു.

ചോദ്യം ചെയ്യലിന് അനിയോജ്യമായ സ്ഥലം കാവ്യ മാധവൻ ഏപ്രിൽ 18 വരെ അറിയിച്ചില്ലെങ്കിൽ പത്മസരോവരം വീട്ടിൽ അന്വേഷണ സംഘമെത്തും. പ്രൊജക്ടർ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ വച്ചാകും ചോദ്യം ചെയ്യൽ. മാത്രമല്ല, സംവിധായകൻ ബാലചന്ദ്രകുമാറിനെ കാവ്യയ്ക്കൊപ്പമിരുത്തിയുള്ള ചോദ്യം ചെയ്യലും അന്വേഷണ സംഘത്തിന്റെ ആലോചനയിലുണ്ട്. അതേസമയം, ദിലീപിന്റെ അഭിഭാഷകരെ ചോദ്യം ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ നീക്കത്തിന് തടസം നേരിട്ടു എന്നാണ് മറ്റൊരു വിവരം. ഉന്നതതലത്തിൽ ചില ഇടപെടലുകൾ നടന്നുവെന്നും അതുകാരണമാണ് അഭിഭാഷകരെ ചോദ്യം ചെയ്യുന്നത് മാറ്റിവച്ചതെന്നും സൂചനയുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി ശ്രീജിത്തിനും മറ്റംഗങ്ങൾക്കുമെതിരെ ദിലീപിന്റെ അഭിഭാഷകർ ആഭ്യന്തര സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിൽ മറുനാടനെതിരേയും ആക്ഷേപങ്ങളുണ്ടായിരുന്നു.

വധഗൂഢാലോചന കേസ് റദ്ദാക്കണം എന്ന് ദിലീപ് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഹൈക്കോടതിയുടെ തീരുമാനം അറിഞ്ഞ ശേഷം മതി ദിലീപിന്റെ അഭിഭാഷകർക്കെതിരായ നീക്കം എന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച നിർദ്ദേശമത്രെ. കേസിലെ ചില തെളിവുകൾ അഭിഭാഷകർ തന്നെ നശിപ്പിച്ചുവെന്ന സംശയത്തിലാണ് ഇവരെ ചോദ്യം ചെയ്യാനിരുന്നത്. പുനരന്വേഷണത്തിന് അന്വേഷണ സംഘത്തിന് കോടതി നൽകിയ സമയ പരിധി വെള്ളിയാഴ്ച അവസാനിക്കുകയാണ്. മൂന്ന് മാസം കൂടി അധിക സമയം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. ഇക്കാര്യം കോടതി പരിഗണിച്ചാൽ കാവ്യ മാധവൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യുന്നതിന് കൂടുതൽ സമയം ലഭിക്കും.

നടിയെ ആക്രമിച്ച കേസിൽ പുനരന്വേഷണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് സംഘത്തിനെതിരേ പരാതിയുമായി ദിലീപിന്റെ അഭിഭാഷൻ എത്തുമ്പോൾ വാർത്തകളെല്ലാം ആദ്യം നൽകുന്നത് ഷാജൻ സ്‌കറിയയുടെ ഓൺലൈൻ ചാനലാണെന്ന സമ്മതവും ആ പരാതിയിൽ ഉണ്ടായിരുന്നു. കേസിൽ മേൽനോട്ടം വഹിക്കുന്ന ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. ശ്രീജിത്ത്. അന്വേഷണ ഉദ്യോഗസ്ഥനായ ഡി.വൈ.എസ്‌പി. ബൈജു പൗലോസ് എന്നിവർക്കെതിരേ അഡ്വ. ഫിലിപ്പ് ടി. വർഗീസാണ് ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ഷാജൻ സ്‌കറിയയേയും ഓൺലൈൻ ചാനലിനേയും കുറിച്ച് പറയുന്നത്.

കേസിൽ വിചാരണ അട്ടിമറിക്കാനാണ് എ.ഡി.ജി.പി. ശ്രീജിത്ത് ശ്രമിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. നിയമവിരുദ്ധമായാണ് അന്വേഷണസംഘം പ്രവർത്തിക്കുന്നത്. എ.ഡി.ജി.പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ അഭിഭാഷകർക്കെതിരേ അപവാദം പ്രചരിപ്പിക്കുകയാണ്. കേസിൽ വിചാരണ നടന്നുവരവേ ബാലചന്ദ്രകുമാർ എന്നയാളെ രംഗത്തിറക്കി കഥകൾ മെനയുകയാണ്. ബാലചന്ദ്രകുമാർ വർഷങ്ങളായി എ.ഡി.ജി.പി.യുടെ സുഹൃത്താണെന്നാണ് ആരോപണം. ഓഡിയോ ക്ലിപ്പുകൾ ആദ്യം പുറത്തു വരുന്നത് മറുനാടൻ മലയാളിയിലൂടെയാണെന്ന് സമ്മതിക്കുന്ന ദിലീപിന്റെ അഭിഭാഷകൻ മറ്റ് ഗൂഢാലോചനകളൊന്നും മറുനാടനെതിരെ ആരോപിക്കുന്നുമില്ലെന്നതാണ് വസ്തുത. മറുനാടനൊപ്പം റിപ്പോർട്ടർ ടിവിക്കെതിരെയും പരാതിയിൽ പരാമർശമുണ്ട്.

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനാണോ എന്ന സംശയത്തിലാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ. അതിന് കാരണം ക്രൈംബ്രാഞ്ചിന് കിട്ടിയ ഒരു ഓഡിയോയാണ്. ദിലീപിന്റെ സഹോദരി ഭർത്താവ് സൂരജും ദിലീപിന്റെ കൂട്ടുകാരൻ ശരത്തും തമ്മിലുള്ള സംഭാഷണം. ദിലീപിന്റെ അളിയനിൽ നിന്ന് ക്രൈംബ്രാഞ്ചിന് കിട്ടിയ മൊബൈലുകളിലെ പരിശോധനയിലൂടെയാണ് ഈ നിർണ്ണായക തെളിവിലേക്ക് ക്രൈംബ്രാഞ്ച് എത്തുന്നത്. ഈ തെളിവ് മറുനാടനാണ് പുറത്തുവിട്ടത്. നടിയെ ആക്രമിച്ചതിന് പിന്നാലെ പല നിർണ്ണായക വസ്തുതകളും ചർച്ചയാക്കിയ മറുനാടന്റെ മറ്റൊരു സൂപ്പർ എക്സ്‌ക്ലൂസീവ്. ഇതാണ് ദിലീപിന്റെ അഭിഭാഷകന്റെ വ്യാജ ആരോപണങ്ങൾക്ക് കാരണം. ഈ സാഹചര്യത്തിലാണ് ഫിലിപ്പ് ടി വർഗ്ഗീസിന്റെ ആരും പുറത്തു വിടാത്ത പരാതിയുടെ പൂർണ്ണ രൂപവും മറുനാടൻ പ്രസിദ്ധീകരിക്കുന്നത്.

ഒൻപതര മിനിറ്റ് നീളുന്നതാണ് ഓഡിയോ. സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിനെ തുടർന്ന് ദിലീപിനെതിരെ വധഗൂഢാലോചന കേസ് കൂടി രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ അന്വേഷണത്തിന്റെ ഭാഗമായി ദിലീപ് ഉൾപ്പെടെയുള്ള പ്രതികളുടെ ഫോൺ പരിശോധിക്കണമെന്ന് അന്വേഷണ സംഘം ആവശ്യപ്പെട്ടു. കോടതി അംഗീകരിച്ചതോടെ വൈമനസ്യത്തോടെയാണെങ്കിലും ദിലീപ് ഫോണുകൾ കൈമാറി. ഫോറൻസിക് ലാബിൽ മൊബൈൽ ഫോണുകൾ പരിശോധനയ്ക്ക് വിധേയമാക്കി. ഈ വേളയിൽ നടി ആക്രമിക്കപ്പട്ട കേസുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ദിലീപിന്റെ ഫോണിൽ നിന്ന് കിട്ടി എന്നാണ് അന്വേഷണ സംഘം പറയുന്നത്. ഇത് എഡിജിപി ശ്രീജിത്ത് മറുനാടന് നൽകിയെന്നാണ് വ്യാജ ആരോപണം.

ദിലീപ് കേസുമായി ബന്ധപ്പെട്ട ഏല്ലാ വാർത്തകളും ആദ്യ ഘട്ടം മുതൽ ആദ്യം നൽകിയത് മറുനാടൻ മലയാളിയാണ്. ദിലീപിനെ അറസ്റ്റു ചെയ്യുമെന്ന് പോലും നടിയെ ആക്രമിച്ചതിന് പിന്നാലെ തെളിവുകൾ സഹിതം മറുനാടൻ വാർത്ത നൽകി. അന്നൊന്നും മുഖ്യധാരാ മാധ്യമങ്ങൾ പോലും അത്തരം വാർത്തകൾ നൽകിയിരുന്നില്ല. അന്ന് മറുനാടൻ പറഞ്ഞതെല്ലാം ശരിവച്ചായിരുന്നു അറസ്റ്റ്. ജയിലിലെ ദിലീപിന്റെ വൃതമെടുക്കലും ശബരിമല ദർശനാലോചനയും അന്നും ആദ്യം വാർത്ത നൽകി.

ദിലീപിന്റെ അറസ്റ്റിലെ വിശദാംശങ്ങൾ ആദ്യം നൽകിയതും മറുനാടനായിരുന്നു. കാർണിവൽ ഗസ്റ്റ് ഹൗസിലെ അറസ്റ്റും മറ്റും ഏറെ ചർച്ചയാവുകയും ചെയ്തു. അന്നൊന്നും അന്വേഷണ സംഘത്തിന്റെ തലപ്പത്ത് ശ്രീജിത്തുണ്ടായിരുന്നില്ല. കാവ്യാ മാധവനെ ചോദ്യം ചെയ്യുമെന്നും മുമ്പ് വാർത്ത നൽകി. കേസിൽ പ്രതിയാക്കേണ്ടവരെ സാക്ഷിയാക്കിയാൽ കേസ് തന്നെ അട്ടിമറിക്കുമെന്നും തുറന്നു കാട്ടി. എന്നാൽ അതിൽ ക്രൈംബ്രാഞ്ചിന് ചില വീഴ്ചകളുണ്ടായി. അത് വിചാരണ ഘട്ടത്തിൽ ദിലീപിന് അനുകൂലവുമായി. ഇതിന് പിന്നാലെയാണ് ദിലീപിനെതിരെ പുനരന്വേഷണം വരുന്നത്. അപ്പോഴും മറുനാടൻ എക്സ്‌ക്ലൂസിവുകൾ നൽകി. ഇതെല്ലാം മറുനാടൻ റിപ്പോർട്ട് ചെയ്യുമ്പോൾ അന്വേഷണത്തിന്റെ ചുമതലയിൽ എഡിജിപി ശ്രീജിത്തുണ്ടായിരുന്നില്ലെന്നതാണ് വസ്തുത.

നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ പുറത്തിറങ്ങിയശേഷം ദിലീപ് ആദ്യം പോയത് ആലുവ എട്ടേക്കർ സെന്റ് ജൂഡ് പുണ്യാളന്റെ അടുത്തേക്കായിരുന്നു. പള്ളിയിലെത്തിയ ദിലീപ് മുഴുവൻ കുർബാനയും കഴിഞ്ഞശേഷമാണ് മടങ്ങിയത്. പിന്നീട് ഗുരുവായൂരും ശബരിമലയും അടക്കം പ്രധാന ക്ഷേത്രങ്ങളിൽ എല്ലാം ദിലീപ് എത്തിയിരുന്നു.