നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് ആശംസ അറിയിച്ച് സംവിധായകൻ ലാൽ ജോസ്. ജോഫിൻ സംവിധാനം ചെയ്ത മമ്മൂട്ടി പ്രധാനവേഷത്തിലെത്തുന്ന പ്രീസ്റ്റ് റിലീസിന് ഒരുങ്ങുന്നതിനിടെയാണ് ലാൽ ജോസിന്റെ ആശംസകൾ. ഏറെ കൈപ്പുണ്യമുള്ള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെയെന്നാണ് അദ്ദേഹം കുറിച്ചത്. 31ാം വയസിൽ തന്റെ സിനിമാസ്വപ്നത്തിനൊപ്പം നിൽക്കാൻ നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് തന്റെ ജീവിതത്തിന്റെ റൂട്ട് മാറ്റിയതെന്നും ലാൽജോസ് പറഞ്ഞു. മമ്മൂട്ടി നായകനായി എത്തിയ മറവത്തൂർ കനവ് എന്ന സിനിമയിലൂടെയാണ് അദ്ദേഹം സ്വതന്ത്ര്യ സംവിധായകനാവുന്നത്.

ലാൽ ജോസിന്റെ കുറിപ്പ് വായിക്കാം

മുപ്പത്തിയൊന്ന് വയസ്സുള്ള ചെറുപ്പക്കാരന്റെ സിനിമാ സ്വപ്നത്തിനൊപ്പം നിൽക്കാൻ മമ്മൂട്ടിയെന്ന മഹാനടൻ തീരുമാനിച്ചയിടത്താണ് എന്റെ ജീവിതത്തിന്റെ റൂട്ട് മാറുന്നത്. എന്നെപോലെ സിനിമയുടെ വലിയ കോട്ടവാതിലുകൾക്കപ്പുറത്ത് പകച്ച് നിന്നിരുന്ന എത്രയോ നവാഗത സംവിധായകർ ആ ബലിഷ്ഠമായ കൈപിടിച്ച് ഇപ്പുറം കടന്നിരിക്കുന്നു. ഇരുപത്തിനാല് കൊല്ലം മുമ്പ് ഒരു ഡിസംബർ മാസത്തിൽ മറവത്തൂർ കനവിലെ ചാണ്ടിയോട് മൈക്കിലൂടെ ആക്ഷൻ പറഞ്ഞപ്പോൾ കൺമുമ്പിൽ മഹാനടൻ ഞങ്ങളുടെ കഥാപാത്രമായി മാറുമ്പോൾ ഉള്ളിൽ മുഴങ്ങിയ പ്രാർത്ഥനകൾ. അതേ ഗുരുത്വ ചിന്തയോടെ ഇക്കുറി മമ്മൂക്ക അവതരിപ്പിക്കുന്ന നവാഗത സംവിധായകൻ ജോഫിൻ ടി. ചാക്കോക്ക് എല്ലാ വിജയാശംസകളും നേരുന്നു.
പ്രിയ ജോഫിൻ, ഏറെ കൈപ്പുണ്യമുള്ള കയ്യാണ് നിനക്ക് കൈ തന്നിരിക്കുന്നത്. തുടക്കം പൊന്നാകട്ടെ!!!