തിരുവനന്തപുരം: സിനിമാ സംവിധായകൻ നരണിപ്പുഴ ഷാനവാസ് അന്തരിച്ചു. 37 വയസായി രുന്നു.കോയമ്പത്തൂർ കെജി ഹോസ്പിറ്റലിൽ വച്ചാണ് അന്ത്യം.ഹൃദയാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ഗുരുതാരാവസ്ഥയിൽ തുടരുകയായിരുന്നു. രാവിലെ ഒൻപതു മണിയോടെ മസ്തിഷ്‌കമരണം സംഭവിക്കുകായിരുന്നു.അട്ടപ്പാടിയിൽ പുതിയ സിനിമയുടെ എഴുത്തിനിടെയാണ് ഹൃദയാഘാതം സംഭവിക്കുന്നത്. സുഹൃത്തുക്കളാണ് ആശുപത്രിയിൽ എത്തിച്ചത്.ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ ആംബുലൻസിൽ വെച്ച് രക്തസ്രാവം ഉണ്ടായിരുന്നു.

മലയാളത്തിലെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായ സൂഫിയും സുജാതയും ചിത്രത്തിന്റെ സംവിധായകനാണ് ഷാനവാസ്. സിനിമയുടെ തിരക്കഥയും ഷാനവാസ് തന്നെയായിരുന്നു. എഡിറ്ററായാണ് ഷാനവാസ് സിനിമാ ലോകത്ത് സജീവമായത്. പിന്നീട് ഹ്രസ്വചിത്രങ്ങളിലൂടെ സംവിധാനരംഗത്തെത്തി. 2015ൽ പുറത്തിറങ്ങിയ കരി എന്ന ചിത്രമാണ് ആദ്യമായി സംവിധാനം ചെയ്തത്.ജാതീയത ചർച്ച ചെയ്ത ചിത്രം ഏറെ നിരൂപക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഒട്ടനവധി ചലച്ചിത്രയോത്സവങ്ങളിൽ പ്രദർശിപ്പിക്കുകയും പുരസ്‌കാരങ്ങൾക്ക് അർഹമാവുകയും ചെയ്തു.

മലപ്പുറം ജില്ലയിലെ പൊന്നാനി, നരണിപ്പുഴയാണ് ഷാനവാസിന്റെ സ്വദേശം.