ബംഗളൂരു: കാസർകോട് ജില്ലയിലെ അതിർത്തി പ്രദേശങ്ങളിലുള്ള സ്ഥലപേരുകൾ മാറ്റുന്നതുമായി ബന്ധപ്പെട്ട തർക്കം മുറുകുന്നു. സ്ഥലപ്പേരുകൾ മാറ്റരുതെന്ന ആവശ്യവുമായി കൂടുതൽ പേർ രംഗത്തെത്തിയതോടെ മുഖ്യമന്ത്രി യദ്യൂരപ്പയും വിഷയത്തിൽ ഇടപെട്ടു. വിഷയവുമായി ബന്ധപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തുമെന്നും തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെടുമെന്നും കർണാടക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ അറിയിച്ചു.കർണാടക ബോർഡർ ഡെവലപ്മെന്റ് അഥോറിറ്റി ചെയർമാൻ യെദിയൂരപ്പയെ കണ്ട് വിഷയം ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് യെദിയൂരപ്പ ഇടപെട്ടത്.

കർണാടക സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും വിവിധ കന്നഡ സംഘടനകളും സമാന ആവശ്യമുന്നയിച്ച് രംഗത്തെത്തിയിട്ടുണ്ട്. പിന്നാലെ കർണാടക സാംസ്‌കാരിക മന്ത്രി അരവിന്ദ് ലിംബാവലിയും പേര് മാറ്റാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് അഭ്യർത്ഥിച്ച് പിണറായി വിജയന് കത്തയച്ചു.പേരുകൾ മലയാളവൽക്കരിക്കാനുള്ള കേരള സർക്കാരിന്റെ ശ്രമത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാരസ്വാമിയും രംഗത്തെത്തിയിരുന്നു. കന്നഡ പേരുകൾ നിലനിർത്തണമെന്നാണ് കുമാരസ്വാമിയുടെ ആവശ്യം. കാസർകോടിന്റെ ഭാഷാ തനിമ നിലനിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കർണാടകയുമായി അടുത്ത ബന്ധം പുലർത്തുന്ന സ്ഥലമാണ് കാസർകോട്. കർണാടകയ്ക്കും കന്നഡിഗർക്കും കാസർകോട്ടെ ജനങ്ങളുമായി സാംസ്‌കാരികമായ ബന്ധമുണ്ട്. ഭാഷാപരമായ ഐക്യത്തിന്റെ പ്രതീകമാണ് കാസർകോട്. കന്നഡയും മലയാളവും സംസാരിക്കുന്ന ജനങ്ങളുടെ എണ്ണം കാസർകോട്ട് തുല്യമാണെങ്കിലും അവർ വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. ഭാഷാപ്രശ്‌നത്തിന്റെ പേരിൽ അവർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളില്ല. വികാരങ്ങളെ രാഷ്ട്രീയനേട്ടത്തിനുപയോഗിക്കുന്ന ഇക്കാലത്ത് ഈ ഐക്യം കാത്തുസൂക്ഷിക്കേണ്ടത് അനിവാര്യമാണ്. അവിടെ ജീവിക്കുന്ന കന്നഡിഗരുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ കർണാടകയ്ക്കും കേരളത്തിനും തുല്യ ഉത്തരവാദിത്തമുണ്ടെന്നാണ് കരുതുന്നത്. അതുകൊണ്ടു തന്നെ സ്ഥലങ്ങളുടെ പേരുകൾ മലയാളവൽക്കരിക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് കേരള സർക്കാരിനോട് അഭ്യർത്ഥിക്കുന്നതായും കുമാരസ്വാമി ട്വീറ്റ് ചെയ്തു.

മഞ്ചേശ്വരം വില്ലേജിലെ പത്തോളം സ്ഥലപേരുകൾ മലയാളവത്കരിക്കാൻ കേരളം നടപടികൾ തുടങ്ങിയതായി കഴിഞ്ഞ ദിവസമാണ് വാർത്തകൾ പുറത്ത് വന്നത്.മഞ്ചേശ്വരത്തെ വിവിധ പ്രദേശങ്ങളുടെ തുളു-കന്നട ശൈലിയിലുള്ള പേരുകൾ മലയാള ശൈലിയിലേക്ക് മാറ്റുന്നതിനാണ് നടപടികൾ ആരംഭിച്ചിരുന്നത്. അതേസമയം കേരള സർക്കാരിന്റെ അറിവില്ലാതെ പ്രാദേശി ഭരണകൂടമായിരിക്കും പേരുമാറ്റാനുള്ള തീരുമാനം എടുത്തിട്ടുണ്ടാകുകയെന്നാണ് വികസന അഥോറിറ്റിയുടെ ആരോപണം.