കൊല്ലം: ചവറ മണ്ഡലത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് സ്ഥാനാർത്ഥി മദ്യ വിതരണം നടത്തുന്നതായി യുഡിഎഫ് സ്ഥാനാർത്ഥി ഷിബു ബേബി ജോൺ തിരഞ്ഞെടുപ്പു കമ്മിഷനു പരാതി നൽകി. വിഡിയോ ദൃശ്യങ്ങൾ സഹിതമാണു പരാതി നൽകിയത്. സ്ഥാനാർത്ഥിയുടെ ഉടമസ്ഥതയിലുള്ള ബാർ ഹോട്ടലുകൾ വഴി ടോക്കൺ നൽകി മദ്യം വിതരണം ചെയ്യുകയാണ്. ഇതു കൂടാതെ വാഹനങ്ങളിൽ മദ്യം എത്തിച്ചു നൽകുന്നുണ്ടെന്നും പരാതിയിൽ ആരോപിക്കുന്നു.

വോട്ടെടുപ്പിന് രണ്ട് ദിവസം മാത്രം ബാക്കിനിൽക്കെയാണ് മദ്യം നൽകി വോട്ടർമാരെ സ്വാധീനിക്കാൻ എൽഡിഎഫ് ശ്രമം നടത്തുന്നതായി ആരോപണം ഉയർന്നത്. ചവറയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ ബാറിൽ നിന്നും മദ്യം നൽകുന്നുവെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. മദ്യം നൽകി വോട്ട് വാങ്ങാൻ ശ്രമമെന്ന പരാതിയിൽ അന്വേഷണം തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.

ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ സ്വന്തം ബാറുകളിൽ നിന്നും വോട്ടർമാർക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണെന്നും അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് മൂന്ന് ബാറുകളിലും നടക്കുന്നതെന്നും ഷിബു ബേബിജോൺ ഫേസ്‌ബുക്കിൽ കുറിച്ചു.

 

ഷിബു ബേബി ജോണിന്റെ പ്രതികരണം

മദ്യവും പണവും ഒഴുക്കി എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി ചവറയിൽ ജനവിധി അട്ടിമറിക്കാൻ നോക്കുകയാണെന്ന് അഞ്ചു വർഷം മുൻപേ യുഡിഎഫ് പറഞ്ഞതാണ്. ഇന്നത് തെളിവുകൾ സഹിതം പുറത്തു വന്നിരിക്കുന്നു. ഇടതുപക്ഷ സ്ഥാനാർത്ഥിയുടെ സ്വന്തം ബാറുകളിൽ നിന്നും വോട്ടർമാർക്കിടയിലേക്ക് അനിയന്ത്രിതമായി മദ്യം ഒഴുക്കുകയാണ്. ബാറിന് മുൻപിൽ സൗജന്യമായി കൂപ്പൺ വിതരണം ചെയ്യുന്നതും, ആ കൂപ്പൺ ഉപയോഗിച്ച് സൗജന്യമായി മദ്യം വാങ്ങുന്നതും, ആളുകൾ പുറത്ത് നിന്ന് കൊണ്ടുവന്ന കുപ്പികളിൽ മദ്യം ഒഴിച്ചു കൊടുക്കുന്നതും ഇപ്പോൾ പ്രചരിക്കുന്ന വീഡിയോയിൽ വ്യക്തമായി കാണാം.

ഇത്തരത്തിൽ സീല് പൊട്ടിച്ച് കുപ്പികളിൽ ഒഴിച്ച് കൊടുത്തു വിടുന്ന മദ്യത്തിന് എന്ത് സുരക്ഷിതത്വം ആണ് ഉള്ളത്.? ഇതേ ബാറിൽ നിന്നും മദ്യപിച്ച് വന്ന സാമൂഹിക വിരുദ്ധരാണ് കഴിഞ്ഞ ദിവസം ബിയർ കുപ്പികൊണ്ട് യുഡിഎഫ് പ്രവർത്തകന്റെ തല അടിച്ചു പൊട്ടിച്ചത്.

അബ്കാരി നിയമങ്ങളുടെ പരസ്യമായ ലംഘനമാണ് ഈ മൂന്ന് ബാറുകളിലും നടക്കുന്നത് എന്നതിനും ഈ ദൃശ്യങ്ങൾ തെളിവാണ്. ഇത് മനുഷ്യാന്തസ്സിനെതിരെയുള്ള വെല്ലുവിളി ആണ്. ജനാധിപത്യത്തോടുള്ള തുറന്ന യുദ്ധപ്രഖ്യാനമാണ്. ഒരു രാഷ്ട്രീയ മുന്നണി തിരഞ്ഞെടുപ്പിനെ നേരിടേണ്ടത് ഇങ്ങനെയല്ല. ഇത് ഞങ്ങൾക്ക് കയ്യും കെട്ടി നോക്കി നിൽക്കാനാകില്ല.

ഈ രാഷ്ട്രീയ മര്യാദകേടിനെതിരെ ഇലക്ഷൻ കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. കയ്യിൽ കള്ളും പണവും ഉണ്ടെങ്കിൽ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ വരെ അട്ടിമറിക്കാമെന്ന ഇവരുടെ ധാരണ എന്ത് വിലകൊടുത്തും നമ്മൾ ചവറക്കാർ തിരുത്തിക്കും. ഏതറ്റം വരെ പോയിട്ടാണെങ്കിലും ഈ നെറികെട്ട രാഷ്ട്രീയത്തിന് പുറകിലുള്ളവരെ നിയമത്തിന്റെ മുൻപിൽ കൊണ്ട് വരും.