അഗർത്തല: ത്രിപുരയിൽ കോവിഡ് പ്രോട്ടോക്കോളിന്റെ പേരിൽ കല്യാണം തടസ്സപ്പെടുത്തിയ ജില്ലാ കലക്ടറിന് സസ്പെൻഷൻ. പടിഞ്ഞാറൻ ത്രിപുരയുടെ ജില്ലാ കലക്ടറിന് സൈലേഷ് കുമാറിനെതിരെയാണ് സർക്കാർ നടപടി സ്വീകരിച്ചത്. കല്യാണം പാതിവഴിയിൽ വച്ച് സൈലേഷ് കുമാർ തടസ്സപ്പെടുത്തുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

സൈലേഷ് കുമാറിനെ സസ്പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സൈലേഷ് കുമാർ അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരായി കാര്യങ്ങൾ ബോധിപ്പിച്ചിരുന്നു. കോവിഡ് വ്യാപനം തടയുന്നതിന് നിയമം നടപ്പാക്കാൻ തനിക്ക് ഉത്തരവാദിത്തമുണ്ടെന്നാണ് സമിതി മുൻപാകെ സൈലേഷ് കുമാർ ബോധിപ്പിച്ചത്.

അഗർത്തലയിലാണ് സംഭവം നടന്നത്. ത്രിപുര ഇൻഡിജൻസ് പ്രോഗസീവ് റീജിണൽ അലയൻസ് ചെയർമാന്റെ ഉടമസ്ഥതയിലുള്ള കല്യാണ വേദിയിലാണ് ജില്ലാ കലക്ടർ വിവാഹം തടഞ്ഞത്. ഉടൻ തന്നെ വേദി വിട്ടുപോകാൻ വധൂവരന്മാരോടും കുടുംബാംഗങ്ങളോടും സൈലേഷ് കുമാർ ആവശ്യപ്പെടുന്നത് വീഡിയോയിൽ വ്യക്തമാണ്. കോവിഡ് ചട്ടങ്ങളുടെ ലംഘനം ചൂണ്ടിക്കാട്ടി അതിഥികളെ ഉടൻ തന്നെ സ്ഥലത്ത് നിന്ന് നീക്കം ചെയ്യാനും അദ്ദേഹം പൊലീസിനോട് ആവശ്യപ്പെട്ടു. കല്യാണം നടത്താൻ അധികൃതർ നൽകിയ അനുമതി രേഖ കാണിച്ചപ്പോൾ അത് ജില്ലാ കലക്ടർ കീറിക്കളയുന്നതും വീഡിയോയിൽ വ്യക്തമാണ്.