സേലം: ഹിന്ദുവിരുദ്ധ പാർട്ടിയാണ് ഡിഎംകെ എന്ന് യുവമോർച്ച ദേശീയ അധ്യക്ഷൻ തേജസ്വി സൂര്യ എംപി. അധികാരത്തിലിരുന്നപ്പോൾ ഹിന്ദു വിശ്വാസങ്ങളെയും സ്ഥാപനങ്ങളെയും നശിപ്പിക്കാൻ ശ്രമിച്ചവർ ഇപ്പോൾ അധികാരത്തിലേറാൻ ഹിന്ദു വോട്ട് തേടുകയാണെന്നും തേജസ്വി സൂര്യ പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എം.കെ. സ്റ്റാലിന്റെ പാർട്ടിയെ പരാജയപ്പെടുത്തണമെന്നായിരുന്നു സേലത്ത് നടന്ന യുവമോർച്ചയുടെ സംസ്ഥാന കൺവെൻഷനിൽ അദ്ദേഹത്തിന്റെ ആഹ്വാനം.

എം.കെ.സ്റ്റാലിന്റെ പാർട്ടിയെ തോൽപ്പിക്കേണ്ടത് ഹിന്ദു നിലനിൽപ്പിന് ആവശ്യമാണെന്നും തേജസ്വി തുറന്നടിച്ചു. ഇന്ന് ഇന്ത്യയിൽ പ്രാദേശിക സംസ്‌കാരങ്ങളേയും ഭാഷയേയും സംസ്‌കാരത്തേയും മാനിക്കുന്ന ഏക പാർട്ടി ബിജെപിയാണെന്നും ദേശീയ യുവ നേതാവ് പറഞ്ഞു. ഡി.എം.കെ പ്രതിനിധാനം ചെയ്യുന്നത് ഏറ്റവും നിചമായ ചിന്തകളും ആശയങ്ങളുമാണ്. അവയെല്ലാം ഹിന്ദുവിരുദ്ധവുമാണ്. എപ്പോഴൊക്കെ അധികാരത്തിൽ വന്നിരുന്നോ അപ്പോഴെല്ലാം ഹിന്ദു സമൂഹത്തെ ഉപദ്രവിക്കും. അധികാരത്തിൽ നിന്നിറങ്ങിയാൽ അതേ ഹിന്ദുവിന്റെ വോട്ട് ചോദിച്ച് ചെല്ലും. ഇതാണ് ഡി.എം.കെയുടെ തന്ത്രമെന്നും തേജസ്വിസൂര്യ പറഞ്ഞു.

തമിഴ്‌നാട്ടിലെ ഓരോ വ്യക്തിയും ഹിന്ദുവായതിൽ അഭിമാനിക്കുന്നവരാണ്. ഇന്ത്യയിൽ ഏറ്റവും അധികം ക്ഷേത്രങ്ങളുള്ള പുണ്യഭൂമിയാണ് തമിഴ്‌നാട്. ഇവിടുത്തെ ഓരോ ഇഞ്ചും പവിത്രമാണ്. എന്നാൽ ഡി.എം.കെ തികച്ചും ഹിന്ദുവിരുദ്ധമാണ്. അവരെ തോൽപ്പിച്ചേ മതിയാകൂവെന്നും തേജസ്വി സൂര്യ പറഞ്ഞു. ബിജെപി തമിഴ്‌സംസ്‌കാരത്തേയും തമിഴ് ഭാഷയേയും ബഹുമാനിക്കുന്ന പാർട്ടിയാണ്. തമിഴ് സംസ്‌കാരം നിലനിൽക്കേണ്ടത് ഹിന്ദുവിന്റെ ജയത്തിനും കരുത്തിനും അത്യന്താപേക്ഷിതമാണെന്നും തേജസ്വി സൂര്യ വ്യക്തമാക്കി. രാജ്യത്തെ എല്ലാ പ്രാദേശിക ഭാഷകളെയും ബഹുമാനിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് ബിജെപി. മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

തമിഴിന് അതിജീവിക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കണം. കന്നഡയ്ക്ക് വിജയിക്കണമെങ്കിൽ ഹിന്ദുത്വം വിജയിക്കണം. ബിജെപി തമിഴ്‌നാടിന്റെയും തമിഴ്ഭാഷയുടെയും ആത്മാവിനെ പ്രതിനിധീകരിക്കുന്നു. ഡിഎംകെയെ സംബന്ധിച്ചിടത്തോളം കുടുംബമാണ് പാർട്ടി. എന്നാൽ ബിജെപിക്ക് പാർട്ടിയാണ് കുടുംബമെന്നും തേജസ്വി സൂര്യ പറഞ്ഞു.