ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിക്കെതിരായ അപകീർത്തി പരാമർശത്തിൽ മാപ്പ് പറഞ്ഞ് ഡി.എം.കെ നേതാവ് എ രാജ. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അവിഹിത ബന്ധത്തിൽ പിറന്ന കുഞ്ഞിനെ പോലെയാണെന്ന രാജയുടെ പരാമർശം വിവാദമായതിന് പിന്നാലെയാണ് രാജ ഖേദപ്രകടനവുമായി രം​ഗത്തെത്തിയത്. ഡി.എം.കെ അധ്യക്ഷൻ എം.കെ സ്റ്റാലിനെയും പളനിസ്വാമിയെയും താരതമ്യം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് രാജയുടെ പരാമർശമുണ്ടായത്.

'സ്റ്റാലിന്റെ രാഷ്ട്രീയ ജീവിതം പൂർണമായിമായി പക്വത പ്രാപിച്ച നേരായ മാർഗത്തിലൂടെ ജനിച്ച ഒരു കുട്ടി പ്രായപൂർത്തിയായത് പോലെയാണ്. എന്നാൽ അവിഹിത ബന്ധത്തിൽ ജനിച്ച പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെപ്പോലെയാണ് പളനിസ്വാമിയുടെ പ്രവർത്തനം' എന്നായിരുന്നു രാജയുടെ പരാമർശം. രാജയുടെ പരാമർശത്തെ കുറിച്ച് സൂചിപ്പിക്കവെ മുഖ്യമന്ത്രി പളനിസ്വാമി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പൊട്ടിക്കരഞ്ഞിരുന്നു. പരാമർശത്തിൽ രാജയ്‌ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

തന്റെ പ്രസംഗം രണ്ട് നേതാക്കളോടുള്ള വ്യക്തിപരമായ വിലയിരുത്തലായിരുന്നില്ല. രണ്ട് വ്യക്തികളുടെ പൊതുജീവിതത്തിന്റെ താരതമ്യമായിരുന്നു- രാജ പറഞ്ഞു. തെറ്റായ വായനയും സാഹചര്യത്തിൽ അടർത്തിമാറ്റിയുള്ള വായനയുമാണ് ഇവിടെ ഉണ്ടായതെന്നും 2ജി സ്‌പെക്ട്രം കേസിലെ വിധിയെ ഓർമിപ്പിച്ച് എ രാജ പറഞ്ഞു.