ന്യൂഡൽഹി: കോവാക്‌സിൻ സ്വീകരിച്ച ശേഷം കൗമാരക്കാരായ കുട്ടികൾക്ക് വേദന സംഹാരികൾ നൽകരുതെന്ന് ഭാരത് ബയോടെക്. ചില വാക്‌സിൻ കേന്ദ്രങ്ങളിൽ വേദനസംഹാരികളോ പാരസറ്റമോളോ നൽകുന്നതായി ശ്രദ്ധയിൽ പെട്ടിരുന്നു. എന്നാൽ, ഇതിന്റെ ആവശ്യമില്ലെന്നാണ് കോവാക്‌സിൻ നിർമ്മാതാക്കളായ ഭാരത് ബയോടെക്കിന്റെ നിർദ്ദേശം.

മറ്റ് ചില കോവിഡ് വാക്‌സിനുകളുടെ കൂടെ പാസരറ്റമോൾ ശുപാർശ ചെയ്‌തെങ്കിലും കോവാക്‌സിന്റെ കൂടെ അതാവശ്യമില്ല. 30,000 പേരിൽ, കമ്പനി നടത്തിയ ക്ലിനിക്കൽ ട്രയലുകളിൽ 10-20 ശതമാനം വരെ പേർക്ക് പാർശ്വഫലങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതെല്ലാം ഒന്നോ, രണ്ടോ ദിവസത്തിനകം മാറുന്നവയാണ്. ഫിസിഷ്യൻ ശുപാർശ ചെയ്താൽ മാത്രമേ മരുന്ന് ആവശ്യമുള്ളു എന്നും ഭാരത് ബയോടെക് പറഞ്ഞു.

കഴിഞ്ഞ മാസമാണ് 12 വയസിന് മേലേയുളേള കുട്ടികൾക്ക് കോവാക്‌സിൻ നൽകാൻ ഡിഡിസിഐ അനുമതി നൽകിയത്. ഇതുവരെ 85 ലക്ഷത്തിലേറെ കുട്ടികൾ കോവാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.