ന്യൂഡൽഹി: തന്നെ എൻകൗണ്ടറിലൂടെ കൊല്ലാതിരുന്നതിന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിനോട് നന്ദിയുണ്ടെന്ന് ഡോ. കഫീൽ ഖാൻ. നീതി വ്യവസ്ഥയോടും തനിക്ക് അത്യധികം നന്ദിയുണ്ടെന്നും ജയിൽ മോചിതനായ ശേഷം കഫീൽ ഖാൻ എൻ.ഡി.ടിവിയോട് പറഞ്ഞു.

'എന്റെ വാക്കുകൾ കലാപത്തെ പിന്തുണയ്ക്കുന്നതല്ലെന്ന് വിധിച്ച നീതിന്യായ വ്യവസ്ഥയോട് എനിക്ക് അത്യധികം നന്ദിയുണ്ട്. മുംബൈയിൽ നിന്നും മഥുരയിലേക്ക് കൊണ്ട് വരുന്നതിനിടയിൽ എന്നെ എൻകൗണ്ടറിൽ കൊന്ന് കളയാത്തതിന് സ്പെഷ്യൽ ടാസ്‌ക് ഫോഴ്സിനോടും നന്ദിയുണ്ട്,'കഫീൽ ഖാൻ പറഞ്ഞു.ഉത്തർപ്രദേശ് സർക്കാർ തന്നെ കള്ളക്കേസിൽ കുടുക്കുമെന്ന ആശങ്കയുള്ളതായും ഡോ. കഫീൽ ഖാൻ പറഞ്ഞു. ഉത്തർ പ്രദേശ് സർക്കാർ രാജ ധർമം നടപ്പിലാക്കുന്നതിന് പകരം കുട്ടികളുടെതുപോലുള്ള പിടിവാശികളാണ് നടപ്പാക്കാൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.

'രാമായണത്തിൽ രാജാവ് രാജധർമത്തിനായാണ് പോരാടിയതെന്നാണ് വാത്മീകി പറഞ്ഞത്. എന്നാൽ ഉത്തർ പ്രദേശിൽ രാജാവ് രാജധർമമല്ല, കുട്ടികളെ പോലുള്ള പിടിവാശിയാണ് നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഇനി ഏതെങ്കിലും കള്ളക്കേസിൽ കുടുക്കുമോ എന്ന ആശങ്കയുണ്ട്,' കഫീൽ ഖാൻ പറഞ്ഞു.മോചിതനായ കഫീൽ ഖാൻ കോടതിയോടും തന്നെ സ്നേഹിക്കുന്നവരോടും നന്ദി പറഞ്ഞു.

'എന്റെ മോചനത്തിന് വേണ്ടി ശബ്ദമുയർത്തിയ അഭ്യുദയകാംക്ഷികളോട് എപ്പോഴും നന്ദിയുണ്ടായിരിക്കും. ഭരണകൂടത്തിന് ഒരിക്കലും എന്നെ വിട്ടയക്കാൻ ഉദ്ദേശമുണ്ടായിരുന്നില്ല. പക്ഷെ നിങ്ങളോരോരുത്തരുടെയും പ്രാർത്ഥന കൊണ്ടാണ് ഞാൻ മോചിതനായത്,'അദ്ദേഹം പറഞ്ഞു.

കഫീൽ ഖാനെ മോചിപ്പിക്കുമെന്ന് ജയിൽ അധികൃതർ അറിയിച്ചത് ചൊവ്വാഴ്ച രാത്രി 11 മണിയോടെയാണ്. അർധരാത്രിയോടെ അദ്ദേഹത്തെ പുറത്ത് വിട്ടതായി ഖാന്റെ അഭിഭാഷകൻ ഇർഫാൻ ഘാസി അറിയിച്ചു.

കഴിഞ്ഞ ദിവസം കഫീൽഖാന് ജാമ്യം അനുവദിച്ച അലഹാബാദ് ഹൈക്കോടതി അദ്ദേഹത്തെ എത്രയും പെട്ടെന്ന് വിട്ടയക്കണമെന്ന് നിർദ്ദേശിച്ചിരുന്നു.പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബർ 12ന് അലിഗഡ് സർവകലാശാലയിൽ നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിച്ച കഫീൽ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ചായിരുന്നു യു.പി പൊലീസ് അറസ്റ്റുചെയ്തത്.

എന്നാൽ കഫീൽ ഖാൻ നടത്തിയ പ്രസംഗം വിദ്വേഷമോ കലാപമോ പ്രചരിപ്പിച്ചില്ല, മറിച്ച് ദേശീയോദ്‌ഗ്രഥനത്തിനും പൗരന്മാർക്കിടയിലെ ഐക്യത്തിനുമുള്ള ആഹ്വാനമായിരുന്നു എന്നുമാണ് ഡോ. കഫീൽ ഖാന് ജാമ്യം അനുവദിച്ചുകൊണ്ട് കോടതി പറഞ്ഞത്.