തിരുവനന്തപുരം: ലോക്ക്ഡൗണെന്നു കേട്ട് ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും ഭക്ഷണവും മറ്റ് അവശ്യസാധനങ്ങളും ലഭ്യമാക്കുമെന്നും ഡോ. തോമസ് ഐസക്ക് പറഞ്ഞു. സാധനങ്ങൾ വാങ്ങാൻ എല്ലാവർക്കും സമയം അനുവദിക്കും. എന്നാൽ കച്ചവടസ്ഥലങ്ങളിൽ ജനങ്ങൾ തിക്കിതിരക്കരുത്.

ജോലിക്ക് പോകാൻ കഴിയാത്തവർക്ക് സഹായം നൽകും. ആശാവർക്കർമാർ അവശ്യ മരുന്നുകൾ എത്തിക്കും. തദ്ദേശ സ്ഥാപനങ്ങൾക്ക് സമയോചിത തീരുമാനങ്ങൾ എടുക്കാമെന്നും തോമസ് ഐസക്ക് പറഞ്ഞു. കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയേ തീരുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ ഒമ്പത് ദിവസത്തേക്കാണ് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്.

രോഗവ്യാപനം നിയന്ത്രണ വിധേയമാക്കാനാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് നീങ്ങുന്നത്. ഒമ്പത് ദിവസത്തെ ലോക്ക്ഡൗൺ കൊണ്ട് കാര്യങ്ങൾ അൽപ്പമെങ്കിലും നിയന്ത്രണ വിധേയമാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ ഒരാഴ്‌ച്ചക്കിടെ രോഗികളുടെ എണ്ണത്തിൽ വലിയ വർധനവാണ് കേരളത്തിൽ ഉണ്ടായത്. നിലവിലെ മിനി ലോക്ക് ഡൗൺ അപര്യാപ്തമാണ് എന്ന് വിദഗ്ധ സമിതി അഭിപ്രായപ്പെട്ടിരുന്നു. സമിതിയുടെ നിർദ്ദേശം അനുസരിച്ചാണ് ലോക്ക് ഡൗൺ പ്രഖ്യാപനം.

ലോക്ക്ഡൗൺ നിയന്ത്രണങ്ങളെ പറ്റിയുള്ള കൂടുതൽ വിശദാംശങ്ങൾ ഇന്ന് വൈകീട്ടോടെ സർക്കാർ അറിയിക്കും. കെ.എസ്.ആർ.ടി.സി സർവ്വീസുകളടക്കം പൊതുഗതാഗതം ഉണ്ടാകില്ലെന്നാണ് സൂചന.

അവശ്യ സേവനങ്ങൾക്ക് ഇളവുണ്ടാകും. പാൽ വിതരണം, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ എന്നിവയ്ക്ക് പ്രത്യേക ഇളവുകൾ ഉണ്ടാകും. പ്രവർത്തന സമയവും മറ്റ് നിർദ്ദേശങ്ങളും സംബന്ധിച്ച മാർഗ നിർദ്ദേശങ്ങൾ ഇന്ന് വൈകിട്ടോടെ സർക്കാർ പുറത്തിറക്കും.