തിരുവനന്തപുരം: പ്രശസ്ത ഗായകൻ ശ്രീനിവാസിന്റെ ആദ്യ സ്വതന്ത്ര സംഗീത ആൽബമായ 'ദൂരെ ഏതോ' 12 യുവസംഗീതജ്ഞർ ചേർന്ന് സോഷ്യൽ മീഡിയയിൽ റീലീസ് ചെയ്യുന്നു. ഇന്ന് വൈകുന്നേരം 6 മണിക്ക് ആണ് ഹരീഷ് ശിവരാമകൃഷ്ണൻ, സിതാര കൃഷ്ണകുമാർ, വിധു പ്രതാപ്, ജ്യോത്സ്ന രാധാകൃഷ്ണൻ, രാഹുൽ രാജ്, സയനോര ഫിലിപ്പ്, രഞ്ജിനി ജോസ്, ശ്രീകാന്ത് ഹരിഹരൻ, ഹരിശങ്കർ കെ എസ്, സിദ്ധാർത്ഥ് മേനോൻ, സൂരജ് സന്തോഷ്, ആര്യ ദയാൽ എന്നിവർ ചേർന്നാണ് ആൽബം തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ റിലീസ് ചെയ്യുന്നത്. ശ്രീനിവാസിന്റെ മകൾ ശരണ്യയും ഈ മനോഹരമായ മെലഡിയിൽ പാടിയിട്ടുണ്ട്.

പാട്ട് പിറന്ന മുറി

ദൂരങ്ങളിൽ ഇരുന്ന് പലർ ചേർന്ന് മൂളിയതും എഴുതിയതും ക്ലബ് ഹൗസിലെ പാതിരാപ്പാട്ട് എന്ന മുറിയിൽ ഗാനമായി പിറന്നപ്പോൾ അത് റിലീസ് ചെയ്യാൻ പ്രശസ്ത ഗായകനായ ശ്രീനിവാസ് എത്തിയത് ആ ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവരുടെ ജീവിതത്തിലെ ഒരു നിമിത്തമായി മാറി. സംഗീതവുമായി ബന്ധപ്പെട്ട കഴിവുകൾ അവതരിപ്പിക്കാനുള്ള ക്ലബ്ഹൗസ് വേദിയാണ് പാതിരാപ്പാട്ട്. പാതിരാപ്പാട്ടിലെ സജീവ സാന്നിദ്ധ്യമായ അഭിനേത്രിയും സൈക്കോളജിസ്റ്റുമായ മാലാ പാർവതി മുന്നോട്ട് വച്ച ഒരു ആശയത്തിൽ നിന്ന് 'കാണാതെ' എന്ന ഗാനം പിറക്കുകയും ജൂലൈ 24-ന് അത് റിലീസ് ചെയ്യാൻ ശ്രീനിവാസ് എത്തുകയുമായിരുന്നു.

പാതിരാപ്പാട്ട് സംഘത്തിലെ അംഗങ്ങൾ ചേർന്ന് എഴുതി, സംഗീതം നൽകിയ ഗാനം അവതരിപ്പിക്കാമെന്ന ആശയമാണ് മാലാ പാർവതി മുന്നോട്ടുവച്ചത്. അങ്ങനെ പിറന്നതാണ് 'കാണാതെ' എന്ന ഗാനം. ഷിൻസി നോബിൾ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി ഈണം നൽകി സജീവ് തന്നെ ആലപിക്കുകയായിരുന്നു. ആ ഗാനം ഇഷ്ടപ്പെട്ടതിനെ തുടർന്ന് ആ ചെറുപ്പക്കാരെ പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. ഷിൻസിയുടേയും സജീവിന്റേയും പ്രതിഭ മനസ്സിലാക്കിയ അദ്ദേഹം ഇരുവരുടേയും ജീവിതത്തിൽ അനുഗ്രഹമായി മാറി.

ഒരു മണിക്കൂറിനുള്ളിൽ എത്തിയ സംഗീതം

'കാണാതെ' റിലീസ് ചെയ്യുന്ന വേദിയിൽ വച്ച് ശ്രീനിവാസ് ആ ഗാനത്തിന്റെ വരികൾ പാടുകയും പിന്നണിയിലും മുന്നണിയിലും പ്രവർത്തിച്ച യുവസംഗീതജ്ഞരുമായി സഹകരിക്കാൻ താൽപര്യമുണ്ടെന്ന് അറിയിക്കുകയും ചെയ്തു. തുടർന്ന്, അദ്ദേഹം ഒരു മണിക്കൂറിനുള്ളിൽ പുതിയൊരു ഗാനത്തിനുവേണ്ടിയുള്ള സംഗീതം ചെയ്ത് അയച്ചു കൊടുക്കുകയും ചെയ്തു.

ആ സംഗീതത്തിന് ഷിൻസി വരികളെഴുതുകയും സജീവ് ഓർക്കസ്ട്രേഷൻ നിർവഹിക്കുകയും ചെയ്തു. ശ്രീനിവാസും മകൾ ശരണ്യയും പാടുകയും ചെയ്തു. ആ ഗാനത്തെ പാതിരാപ്പാട്ട് സംഘം ദൃശ്യവൽക്കരിച്ച് ശ്രീനിവാസിന്റെ ജീവിതത്തിലെ ആദ്യ സംഗീത ആൽബം 'ദൂരെ ഏതോ' പിറന്നു.

'അമ്മമരത്തണലിൽ' എന്ന സിനിമയ്ക്കുവേണ്ടി നാവൂറ് പാട്ട് എന്ന ഗാനം ഷിൻസി എഴുതിയിരുന്നു. സജീവാകട്ടെ 'ബേബി സാം' എന്ന ചിത്രത്തിനുവേണ്ടി സംഗീതം നൽകുകയും കൊറോണയെത്തുടർന്നുള്ള ലോക്ക് ഡൗൺ കാരണം സിനിമ റിലീസ് ആകുന്നത് വൈകുകയും ചെയ്തു. ശ്രീനിവാസിന്റെ ആൽബം ഇരുവർക്കും പുത്തനുണർവാണ് നൽകിയത്.

സുർ ജാം പ്രൊഡക്ഷൻസ് നിർമ്മിച്ച ഈ ആൽബം അവതരിപ്പിക്കുന്നത് മ്യൂസിക് 247 ആണ്.

പാതിരാ ആഘോഷം

'ദൂരെ ഏതോ'യുടെ റിലീസിന്റെ ഭാഗമായി ഇന്ന് രാത്രി 9 മണിക്ക് പാതിരാപാട്ടുകൾ ക്ലബ്ഹൗസ് മുറിയിൽ ആഘോഷം സംഘടിപ്പിക്കുന്നുണ്ട്. അതിഥികളായി ശ്രീനിവാസനും മകൾ ശരണ്യയും പങ്കെടുക്കും. അതിൽ, സംഗീത ലോകത്തെ പ്രമുഖരായ പാലക്കാട് ശ്രീരാം, വീത് രാഗ്, ഹരീഷ് ശിവരാമകൃഷ്ണൻ, സിതാരാ കൃഷ്ണകുമാർ, പ്രദീപ് സോമസുന്ദരം, നടി വീണാ നന്ദകുമാർ എന്നിവരും പാതിരാപ്പാട്ടിനെ പ്രതിനിധീകരിച്ച് മാലാ പാർവതിയും പങ്കെടുക്കും.