ടോക്യോ: വനിതകളുടെ 49 കിലോ ഗ്രാം വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ മീരഭായ് ചാനു നേടിയ വെള്ളി മെഡലിൽ മാറ്റമില്ല. സ്വർണം നേടിയ ചൈനയുടെ ഹൗ ഷിഹൂയി ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന റിപ്പോർട്ടിന് പിന്നാലെ ചാനുവിന് സ്വർണം ലഭിക്കാനുള്ള സാധ്യതയുണ്ടെന്ന വാർത്തകൾ പുറത്തുവന്നിരുന്നു.

എന്നാൽ ചൈീസ് താരം ഉത്തേജകമൊന്നും ഉപയോഗിച്ചിട്ടില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. അന്താരാഷ്ട്ര പരിശോധന ഏജൻസിയാണ് (ഐടിഎ) ഇക്കാര്യം പ്രസ്താവനയിലൂടെ അറിയിച്ചത്. ഷിഹൂയി ഉത്തേജകം ഉപയോഗിച്ചതായി വിവരമില്ലെന്നും ഏജൻസി അറിയിച്ചു. ഉത്തേജകം ഉപയോഗിച്ചവരുടെ പേര് രഹസ്യമാക്കി വെക്കാറില്ലെന്നും ഏജൻസി.

ഹൗ ഷിഹൂയിയോട് ടോക്യോയിൽ തുടരാൻ ആവശ്യപ്പെട്ടെന്നും പരിശോധനയിൽ പരാജയപ്പെട്ടാൽ സ്വർണം നഷ്ടമാകുമെന്നുമായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോർട്ട്.

സ്‌നാച്ചിൽ 87 കിലോ ഭാരവും ജെർക്കിൽ 115 കിലോ ഭാരവും ഉയർത്തിയാണ് മീരാഭായ് വെള്ളി നേടിയിരുന്നത്. ചാനു കഴിഞ്ഞ ദിവസം ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. വലിയ സ്വീകരണമാണ് താരത്തിന് ഒരുക്കിയിരുന്നത്. ഒളിംപിക് ചരിത്രത്തിൽ ഭാരോദ്വഹനത്തിൽ മെഡൽ നേടുന്ന രണ്ടാമത്തെ ഇന്ത്യൻ താരമാണ് മീരാഭായ്.

ഭാരോദ്വഹനത്തിൽ കർണം മല്ലേശ്വരിക്ക് ശേഷം ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത് ഇതാദ്യം. ഈ ഇനത്തിൽ 21 വർഷത്തിന് ശേഷമാണ് ഇന്ത്യക്ക് മെഡൽ ലഭിക്കുന്നത്. 2000ൽ സിഡ്നിയിൽ കർണം മല്ലേശ്വരി വെങ്കലം നേടിയിരുന്നു.