ആർഎസ്എസ് സ്ഥാപകൻ കേശവ് ബലിറാം ഹെഗ്ഡേവാറിന്റെ ചരമദിനം അന്താരാഷ്ട്ര യോഗാദിനമായി കൊണ്ടാടാനുള്ള നരേന്ദ്ര മോദി സർക്കാറിന്റെ തീരുമാനം വലിയ ഉത്സാഹത്തോടെയാണ് 2016 മുതൽ പിണറായി സർക്കാർ ഏറ്റെടുത്തു നടത്തിപ്പോന്നത്. യോഗയുടെ മഹത്വം ഉദ്ഘോഷിക്കുന്നതിന് സർക്കാർ സംവിധാനം പരമാവധി വിനിയോഗിച്ചു. ഹിന്ദുത്വ അജണ്ടയ്ക്കു പൊതുസമ്മതം നേടിയെടുക്കാനുള്ള കൗശലങ്ങളിലൊന്നായി അതു പ്രയോജനപ്പെട്ടു കാണും.

ഇപ്പോൾ യോഗാ സെന്റർ തുടങ്ങാൻ ശ്രീ എം എന്ന ആർഎസ്എസ് അനുകൂല ആത്മീയ നേതാവിന് നാലേക്കർ സ്ഥലമാണ് സർക്കാർ തിരുവനന്തപുരത്ത് നൽകിയിരിക്കുന്നത്. ആന്ധ്രപ്രദേശിലെ മദനപ്പള്ളിയിൽ എമ്മിന്റെ ആശ്രമത്തോടു ചേർന്ന് ഒരു യോഗശാലയ്ക്കും ഭാരത് യോഗവിദ്യാ കേന്ദ്രത്തിനും തുടക്കം കുറിച്ചത് ഈ മാസം ആദ്യമാണ്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് നേരിട്ടെത്തി ഉദ്ഘാടനം നിർവ്വഹിച്ചതായാണ് വാർത്ത കണ്ടത്. കേരളത്തിൽ ശ്രീ എമ്മിലൂടെ യോഗയും അനുബന്ധപദ്ധതികളും കടന്നു വരികയാണ്. ഹിന്ദുത്വ പദ്ധതികളുടെ ആസൂത്രിത മുന്നേറ്റങ്ങൾക്കാണ് പിണറായി സർക്കാർ വാതിൽ തുറന്നുകൊടുത്തിട്ടുള്ളത്.

മധുകർനാഥ് ആയ മുംതസ് അലിയാണ് ശ്രീ എം എന്ന പേരിൽ പ്രസിദ്ധനായത്. മാനവ് അഥവാ മനുഷ്യൻ എന്നതിലെ ആദ്യാക്ഷരം എന്ന നിലയ്ക്കാണത്രെ എം സ്വീകരിച്ചത്. ഇന്ത്യൻ മനുഷ്യസങ്കൽപ്പത്തിന്റെ പൂർണത തേടുന്ന ഗുരു ഏകാത്മക മാനവ ദർശനം എന്ന ദീനദയാൽ സിദ്ധാന്തത്തിന്റെ നിഴലാണ് മാനവ് ഏകതാ ദർശൻ രൂപപ്പെടുത്തിയത്. 2015 -16ൽ കന്യാകുമാരി മുതൽ കാശ്മീർ വരെ പദയാത്ര നടത്തി മനുഷ്യരൊന്നാണെന്ന സന്ദേശം നൽകി. മുംതസ് അലിയിൽനിന്ന് ഇന്ത്യൻ പാരമ്പര്യത്തിലേക്കും ഹിന്ദുത്വ കാഴ്‌ച്ചകളിലേക്കുമുണ്ടായ പ്രതീക്ഷയുടെ ചുവടുവെപ്പുകൾ പത്മ പുരസ്കാരംകൊണ്ട് ബഹുമാനിക്കപ്പെട്ടു.

ദൈവമില്ലാത്തവർക്കും യോഗയാവാമെന്ന എമ്മിന്റെ പുതിയ പുസ്തകം പതഞ്ജലിയുടെ യോഗചിന്തക്കുള്ള വ്യാഖ്യാനം മാത്രമല്ല, മോദിയൻ പദ്ധതിക്കു കളമൊരുക്കലുമാണ്. കേരളത്തിൽ യോഗ നേടിയെടുത്ത പൊതുസമ്മതത്തിന്റെ പിന്തുണയിൽ പുതിയ ആത്മീയ വ്യവഹാരത്തിന്റെ ആശ്രമം തുറക്കപ്പെടും. ഒരിടതുപക്ഷ സർക്കാർതന്നെ അതിനു മുൻകൈയെടുക്കുന്നു എന്നത് അവിശ്വസനീയമാണ്. കേരളത്തിൽ ആൾദൈവങ്ങൾ കുറവല്ല. സംസ്ഥാനത്തിന്റെ രാഷ്ട്രീയ ദിശ നിർണയിക്കുംവിധം സ്വാധീനം ചെലുത്താനിടയുള്ള ആൾദൈവത്തിനും ആശ്രമത്തിനും നാലേക്കർ ഭൂമി നൽകിയതിന്റെ രാഷ്ട്രീയ വിധേയത്വം ആശങ്കയുണർത്തുന്നതാണ്.

പിണറായി സർക്കാർ പ്രകടിപ്പിക്കുന്ന സംഘപരിവാര വിധേയത്വം ദുരൂഹമാണ്. 2016ൽ ഹെഗ്ഡെവാർ ദിനം യോഗാദിനമായി ആഘോഷിക്കാൻ കാണിച്ച വെമ്പൽ മുതൽ ശ്രീ എം ന് ഭൂമി അനുവദിക്കുന്നതുവരെയുള്ള അഞ്ചുവർഷത്തെ പല അനുഭവങ്ങളും ഇടതു സർക്കാറിൽനിന്നു പ്രതീക്ഷിക്കുന്നതല്ല. മോദി - ഹിന്ദുത്വ പാളയത്തിൽനിന്നു ഇടതുപക്ഷ കേരളത്തിലേക്കുള്ള പല പാലങ്ങളിൽ ഒന്നാവണം എം. അത് അകവഴികളിൽ തുറക്കുന്ന അധിനിവേശം തന്നെയാണ്. അതിനു നിൽപ്പുറപ്പിക്കാൻ മണ്ണു നൽകിയ വിധേയത്വത്തിന് മാപ്പു നൽകാനാവില്ല.