മലപ്പുറം: ആയുർവേദ കുലപതിയും കോട്ടക്കൽ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും മെഡിക്കൽ ഡയറക്ടറുമായ പത്മഭൂഷൺ ഡോ. പികെ വാരിയർക്ക് ഇന്ന് നൂറാം പിറന്നാൾ. ഇടവ മാസത്തിലെ കാർത്തിക നാളിലാണ് ജനനം,1921 ജൂൺ 8ന്. അടുത്ത ബന്ധുക്കൾക്കൊപ്പം കോട്ടയ്ക്കലിലെ കൈലാസ മന്ദിരത്തിൽ ലളിതമായി ആഘോഷിച്ചിരുന്ന പിറന്നാളും ഇത്തവണയില്ല. കോവിഡ് നിയന്ത്രണങ്ങൾ രൂക്ഷമായ സമയം ആയതിനാൽ ആഘോഷങ്ങൾ ഒഴിവാക്കുകയായിരുന്നു.

പി.കെ വാര്യർ യൂറിനറി ഇൻഫെക്ഷൻ മൂലം വിശ്രമത്തിലാണെന്ന് ബന്ധുക്കൾ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ ആഘോഷം മാറ്റിവച്ച് ശാസ്ത്ര, സാഹിത്യ, സാംസ്‌കാരിക പരിപാടികൾ ഓൺലൈനായാണ് പുരോഗമിക്കുന്നത്. ശതപൂർണ്ണിമ എന്നു പേരിട്ട നൂറാം പിറന്നാളാഘോഷം ജൂൺ ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തിരുന്നു.
കോവിഡ് സാഹചര്യങ്ങൾ മാറിയാൽ പുസ്തകപ്രകാശനം സാംസ്‌കാരിക-സാഹിത്യ കവി സമ്മേളനങ്ങൾ ചിത്രപ്രദർശനം വാർഷിക ആയുർവേദ സെമിനാർ തുടങ്ങിയവയും നടത്തും.

അതേ സമയം പ.കെ. വാര്യരുടെ 100-ാംജന്മദിനത്തോടനുബന്ധിച്ചു അദ്ദേഹത്തോടുള്ള ആദര സൂചകമായി കോട്ടയ്ക്കൽ നഗരസഭയിലെ ഭവനരഹിതരായ രണ്ടു കുടുംബങ്ങൾക്ക് കോട്ടക്കൽ ആയുർവേദശാല ജീവനക്കാർ വീട് നിർമ്മിച്ചുനൽകുന്നുണ്ട്. ശതപൂർണ്ണിമ എന്ന പേരിൽ പി.കെ.വാര്യരുടെ ജന്മദിനം നാടു മുഴുവൻ ഏറ്റെടുത്ത് ആഘോഷിക്കുന്ന സന്ദർഭത്തിൽ ഇദ്ദേഹത്തോടൊപ്പം ജോലിചെയ്യാൻ അവസരംലഭിച്ച 2500 ഓളം ജീവനക്കാർഒത്തുചേർന്നാണ് സ്നേഹഭവനം കൈമാറാൻ തീരുമാനിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു.

കോട്ടയ്ക്കൽ നഗരസഭയിലെ ഭവനരഹിതരായ ആളുകളിൽ നിന്നും അർഹരായ രണ്ടുകുടുംബങ്ങളെ തെരഞ്ഞെടുക്കാൻ ആര്യവൈദ്യശാലയിലെ യൂണിയനുകളും മാനേജ്മെന്റും അടങ്ങുന്ന കമ്മിറ്റിയെ ചുമതലപ്പെടുത്തി. പരിശോധിച്ച് അനുയോജ്യരായ കുടുംബങ്ങളെ തിരഞ്ഞെടുത്ത് ആറു മാസത്തിനകം വീട് നിർമ്മിച്ച് നൽകുന്ന ലഭിക്കുന്ന കുടുംബങ്ങളുടെ അപേക്ഷകൾ പരിശോധിച്ച് ആറു മാസത്തിനകം വീട് നിർമ്മിച്ച് നൽകുമെന്ന് ഭാരവരാഹികൾ അറിയിച്ചു. ഇതുസംബന്ധിച്ചു ജീവനക്കാരുടെ പ്രതിനിധികൾ ധാരണാപത്രത്തിൽ ഒപ്പുവെച്ചു.

ചടങ്ങിൽ വി. വേണുഗോപാൽ (കൺട്രോളർ എച്ച്.ആർ), മുരളി, തായാട്ട് (ചീഫ് മാനേജർ എച്ച്.ആർ), എൻ. മനോജ് (എച്ച്.ആർ. മാനേജർ), ഒ.ടി.വിശാഖ് (ഡെപ്യൂട്ടി മാനേജർ, എച്ച്.ആർ.), കെ. ഗീത (ഡെപ്യൂട്ടി മാനേജർ, ഐ.ആർ.), ശ്രീ രാകേഷ് ഗോപാൽ (ലേബർ വെൽഫെയർ ഓഫീസർ), എം. രാമചന്ദ്രൻ (സെക്രട്ടറി, ആര്യവൈദ്യശാല വർക്കേഴ്സ് ഫെഡറേഷൻ സിഐ.ടി.യു), മധു കെ. (സെക്രട്ടറി, ആര്യവൈദ്യശാല വർക്കേഴ്സ് യൂണിയൻ എ.ഐ.ടി.യു, രാമചന്ദ്രൻ എം വി (സെക്രട്ടറി, ആര്യവൈദ്യശാല എംപ്ലോയീസ് യൂണിയൻ ഐ.എൻ.ടി.യു.സി), കെ.പി. മുരളീധരൻ (സെക്രട്ടറി, ആര്യവൈദ്യശാല മസ്ദൂർ സംഘം ബി.എം.എസ്) പങ്കെടുത്തു.